‘ബെത്ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രവും അതിലെ ‘അന്ന’ എന്ന സിനിമയും പാട്ടുകളും സൃഷ്ടിച്ച തരംഗം അവസാനിക്കുന്നില്ല. ‘ബെത്ലഹേം കുടുംബ യൂണിറ്റി‘ല്‍ എത്തിയതോടെയാണ് ‘യവനകഥ‘ വീണ്ടും തരംഗമായത്. അന്നയിലെ പ്രശസ്തമായ ‘യവനകഥയിൽ’ എന്ന ഗാനം രൂപപ്പെട്ടതിന് പിന്നിലെ രസകരമായ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് സംഗീതസംവിധായകൻ ഔസേപ്പച്ചനും ഗാനരചയിതാവ് ഷിബു ചക്രവർത്തിയും. മനോരമ ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്ന
സിനിമയുടെ സ്ക്രിപ്റ്റ് തയാറാക്കുമ്പോൾ ഒരു പാട്ടിനുപോലും കൃത്യമായ സിറ്റുവേഷൻ ഉണ്ടായിരുന്നില്ലെന്നും, തുടക്കം മുതൽ നായകനും നായികയും തമ്മിലുള്ള വഴക്കായിരുന്നു വിഷയമെന്നും ഷിബു ചക്രവർത്തി ഓർത്തെടുത്തു. നായിക നായകനോട് പൊട്ടിത്തെറിച്ച ശേഷം കരയുമ്പോൾ, നായകൻ വന്ന് സ്നേഹം പ്രകടിപ്പിക്കുന്ന സന്ദർഭത്തിലാണ് ഈ പാട്ട് ഉൾപ്പെടുത്തിയത്.
എന്നാൽ, ഈ രംഗത്തിനായി ആദ്യം കമ്പോസ് ചെയ്തത് ‘യവനകഥയിൽ’ എന്ന പാട്ടല്ലെന്ന് ഔസേപ്പച്ചൻ വെളിപ്പെടുത്തി. ‘യഥാർത്ഥത്തിൽ ‘യവനകഥ’യല്ല ആദ്യം ഉണ്ടാക്കിയത്. ‘കറുകപ്പുൽമേട്ടിലെ ഇടയപ്പെൺകൊടിയേ, ആ മലർവാക ചോട്ടിൽ മഴ നനഞ്ഞു നിന്നവളെ’ എന്നുതുടങ്ങുന്നതായിരുന്നു പാട്ടിലെ വരികൾ. മറ്റൊരു ട്യൂണും. ഈ പാട്ട് കേട്ടപ്പോൾ എല്ലാവർക്കും ഇഷ്ടമായി. എല്ലാവരും പോയ ശേഷം ഷിബു ചക്രവർത്തി പറഞ്ഞു, ‘എടോ ആ പാട്ട് എന്തോ.... അവിടെ പോരാന്ന് തോന്നുന്നു. ആ സിറ്റുവേഷന് ഇത് ചേരുന്നില്ല’, ഔസേപ്പച്ചന്‍ പറഞ്ഞു.
ഷിബു ചക്രവർത്തിയുടെ വാക്കുകള്‍– ‘അത്രമാത്രം പരിശുദ്ധമാണ് അവർ തമ്മിലുള്ള ബന്ധം. ‘മലർവാക ചുവട്ടിൽ മഴ നനഞ്ഞു നിന്നവളെ’ എന്നൊക്കെ പറയുമ്പോൾ ഇറോട്ടിക് ടച്ച് വരുന്നത് ശരിയാവുന്നില്ലടോ എന്ന് ഞാൻ പറഞ്ഞു. ഇതുപറഞ്ഞ് ഔസേപ്പച്ചനുമായി ഭയങ്കരമായിട്ട് ഉടക്കി. അത് തന്റെ എഴുത്തിന്റെ കുഴപ്പമല്ലേ എന്ന് ഔസേപ്പച്ചനും. തന്റെ ട്യൂണിൽ തന്നെ ആ ഇറോട്ടിക് റിഥം വന്നിരിക്കുന്നതുകൊണ്ടാണ് ഞാൻ അങ്ങനെ എഴുതിയത് എന്ന് ഞാനും. അന്ന് ഞങ്ങൾ അടിച്ചു പിരിഞ്ഞു. ദേഷ്യത്തിൽ ഞാൻ വണ്ടി എടുത്ത് വീട്ടിലേക്ക് പോയി,'.
എന്നാൽ പിറ്റേന്ന് രാവിലെ ഉണർന്നപ്പോൾ ഔസേപ്പച്ചന്റെ മനസ്സിലേക്ക് പുതിയൊരു ഈണം കടന്നുവരികയായിരുന്നു. ഉടൻതന്നെ ഷിബു ചക്രവർത്തിയെ വിളിച്ച് ഈണം മൂളിക്കൊടുത്തു. അത് കേട്ട മാത്രയിൽ തന്നെ ‘യവനകഥയിൽ നിന്നുവന്ന ഇടയ കന്യകേ...‘ എന്ന വരികൾ ഫോണിലൂടെ തന്നെ പിറവികൊണ്ടു. ആ പുതിയ ഈണവും വരികളും വന്നതോടെ തലേന്നത്തെ പിണക്കമെല്ലാം മാറിയെന്നും, ആ സിറ്റുവേഷന് അത് തികച്ചും അനുയോജ്യമായി മാറിയെന്നും ഇരുവരും പറഞ്ഞു.