തിയറ്ററുകളിൽ തരംഗമായി മുന്നേറുകയാണ് നിവിൻ പോളി- ഗിരീഷ് എ.ഡി കൂട്ടുകെട്ടിന്റെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. ഒപ്പം കേരളക്കര കീഴടക്കുന്നതാകട്ടെ 31 വര്‍ഷം മുന്‍പ് പുറത്തിറങ്ങിയ ഒരു പാട്ടും. അന്ന എന്ന പുറത്തിറങ്ങാത്ത സിനിമയ്ക്കായ് നിര്‍മ്മിക്കപ്പെട്ട ഒരു പാട്ട്. ആ ‘യവനകഥയിൽ നിന്നു വന്ന ഇടയ കന്യക’ ഇന്ന് ഓരോ മലയാളിയും മൂളുമ്പോള്‍ പാട്ടിന് പിന്നണിയിലുള്ളവരും ഹാപ്പിയാണ്. പാട്ടൊരുക്കിയ ഔസേപ്പച്ചനും വരികളെഴുതിയ ഷിബു ചക്രവര്‍ത്തിയും പാട്ട് പാടിയ കെ.എസ്.ചിത്രയും ആദ്യമായ് ആ സന്തോഷം പങ്കിടുകയാണ് മനോരമ ന്യൂസിനോട്. ‘കാണാതായ കൊച്ചുമകനെയാണ് തിരികെ കിട്ടിയത്' പോലെ സന്തോഷത്തിലാണ് താനെന്ന് ഔസേപ്പച്ചന്‍ പറയുന്നു.
ആദ്യം പാട്ട് പുറത്തിറങ്ങും ഹിറ്റാകും എന്നെല്ലാമായിരുന്നു പ്രതീക്ഷയെന്നും പിന്നീട് ഒരിക്കലും ഇത് വെളിച്ചം കാണുമെന്ന് കരുതിയിരുന്നില്ലെന്നും ഔസേപ്പച്ചന്‍ പറയുന്നു. താനും ഷിബുവും ചിത്രയും ഓരോ പടത്തിന്‍റെ റെക്കോര്‍ഡിങ് കഴിയുമ്പോളും ഓരോ പ്രാവശ്യം കാണുമ്പോഴും പാട്ടിനെ കുറിച്ച് സംസാരിക്കാറുണ്ടെന്നും കുറച്ചു കഴിഞ്ഞപ്പോൾ അത് പോയി ഇനി അതില്‍ നിന്ന് ഒന്നും കിട്ടാനില്ല, കയ്യില്‍ നിന്നും പോയി, എന്നായെന്നും ഔസേപ്പച്ചന്‍ പറഞ്ഞു. ‘ഞാനും ഷിബുവും ഇടയ്ക്ക് വിളിച്ചിട്ട് ഓ അതിലത്തെ പാട്ട് അത്രേയുള്ളൂ എന്ന് പറയും. ആ സ്റ്റൈല്‍ ഒരു പാട്ട് ഇനി വേറെ ഉണ്ടാക്കാനും ഞങ്ങൾ മുതിർന്നില്ല. കാരണം അതിനെക്കുറിച്ച് ആലോചിക്കുമ്പോൾ സങ്കടമാണ്. അങ്ങനെയിരിക്കുന്ന നേരത്താണ് കാണാതെ പോയ ഒരു കൊച്ചുമകനെ, നമ്മുടെ ഒരു സൃഷ്ടിയെ തിരിച്ചു കിട്ടുന്നത് അതിന്‍റെ സന്തോഷം വല്ലാത്ത സന്തോഷമാണ്. പറഞ്ഞറിയിക്കാൻ പറ്റില്ല’– ഔസേപ്പച്ചന്‍ പറയുന്നു.
ചിത്രത്തില്‍ താന്‍ മൂന്ന് പാട്ടാണ് പാടിയതെന്നും മൂന്നും വളരെ സുന്ദരമായ മെലഡികള്‍ ആണെന്നും ചിത്രയും ഓര്‍ക്കുന്നു. ‘ഇവർ രണ്ടുപേരുടെയും കോംബിനേഷന്‍, ഞാൻ ഇന്ന് എടുത്തു നോക്കുകയായിരുന്നു എന്നാണ് പാടിയത് എന്നുള്ളത് 1993 ജൂണ്‍ പത്തിനാണ് യവനകഥയിൽ പാടിയത്’– ചിത്ര പറഞ്ഞു. ‘രണ്ട് കാസ്റ്റില്‍ നിൽക്കുന്ന ആൾക്കാരാ. അവന്‍ ഹിന്ദു-ബ്രാഹ്മിണ്‍ ബോയ് ആണ്. അവളെന്നുപറഞ്ഞാൽ ക്രിസ്ത്യന്‍ മാത്രമല്ല പള്ളിയോട് വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയും. ഞാന്‍ കിടക്കുന്ന കിടപ്പിൽ ഫോണ്‍ എടുത്തപ്പോള്‍ ഔസേപ്പാണ്. ആ ഫീലോടു കൂടി ഇയാളിങ്ങനെ പാടിയപ്പോള്‍ പാതി ബോധത്തില്‍ തന്നെ കിടന്നിട്ട് ഞാന്‍ യവനകഥയില്‍ നിന്നും വന്ന ഇടയകന്യകേ എന്ന് പാടി'' എന്ന് ഗാനം എഴുതിയ ഷിബു ചക്രവര്‍ത്തിയും ഓര്‍ക്കുന്നു.
പുറത്തിറങ്ങാതെ പോയ അന്ന എന്ന ചിത്രത്തിലെ ഗാനമാണ് ‘യവനകഥയിൽ നിന്നു വന്ന ഇടയ കന്യക’. കെ.ജെ.യേശുദാസും കെ.എസ്.ചിത്രയുമാണ് ആലാപനം. കഥാകൃത്ത് എൻ.മോഹനന്റെ രചനയിൽ ജോഷി സംവിധാനം ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇത്. അരവിന്ദ് സ്വാമിയും മീനയുമായിരുന്നു മുഖ്യതാരങ്ങൾ. അന്നയുടെ ചിത്രീകരണം മുടങ്ങിയെങ്കിലും അന്നയിലെ ഗാനങ്ങള്‍ കാസറ്റുകളിലൂടെ പുറത്തിറങ്ങുകയും വലിയ ഹിറ്റായി മാറുകയും ചെയ്തിരുന്നു.