വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ മലയാളത്തിലേക്ക് തിരിച്ചെത്തുന്ന 'അയാം ഗെയിം' സിനിമക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 'ആര്‍ഡിഎക്സി'ന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഇതിനോടകം തന്നെ വലിയ ഹൈപ്പുണ്ട്. കയാദു ലോഹർ, ആന്റണി വർഗീസ് പെപ്പെ, കതിർ, പാർഥ് തിവാരി, സംയുക്ത വിശ്വനാഥൻ എന്നിങ്ങനെ വലിയ താരനിരയാണ് 'അയാം ഗെയിമി'ല്‍ അണിനിരക്കുന്നത്.

കയാദു ലോഹറും ദുല്‍ഖറും ഒരുമിച്ച ചിത്രത്തിലെ ആദ്യഗാനം പുറത്തുവിട്ടിരിക്കുകയാണ്. ജേക്സ് ബിജോയ് ഈണം നല്‍കി അര്‍മാന്‍ മാലിക് പാടിയ 'മഴവില്ലായേ' എന്ന പാട്ടാണ് പുറത്തുവിട്ടിരിക്കുന്നത്. ജേക്സ് ബിജോയിയുടെ സംഗീതം തന്നെയാണ് പാട്ടിലെ ഏറ്റവും വലിയ ആകര്‍ഷക ഘടകം. ജേക്സിന്‍റെ സംഗീതത്തെ പുകഴ്ത്തിയാണ് പാട്ടിന്‍റെ കമന്‍റ്  ബോക്സിലെ മിക്ക കമന്‍റുകളും. അര്‍മാന്‍ മാലിക്കിന്‍റെ ശബ്ദവും പാട്ടിലേക്ക് അലിഞ്ഞുചേരുകയാണെന്നും പ്രേക്ഷകര്‍ കമന്‍റ് ചെയ്തു. ഒപ്പം ദുല്‍ഖറിന്‍റേയും കയാദുവിന്‍റേയും കെമിസ്ട്രിയും പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാവുകയാണ്. 

ഓഗസ്റ്റ് 20ന് ഓണം റിലീസായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു എന്നിവർ തിരക്കഥ രചിച്ച ചിത്രത്തിന്‍റെ സംഭാഷണങ്ങൾ ഒരുക്കിയത് ആദർശ് സുകുമാരനും ഷഹബാസ് റഷീദുമാണ്. ദുല്‍ഖര്‍ ചിത്രത്തിനൊപ്പം പൃഥ്വിരാജ് ചിത്രം 'ഖലീഫ', നിവിന്‍ പോളി ചിത്രം 'ബേത്ലഹേം കുടുംബ യൂണിറ്റ്' എന്നിവയും ഓണം ക്ലാഷിനുണ്ട്. 

ENGLISH SUMMARY:

Dulquer Salmaan is making a much-awaited return to Malayalam cinema with his upcoming Onam release I Am Game, directed by RDX fame Nahas Hidayath. The makers have released the movie's first single titled "Mazhavillaye", composed by Jakes Bejoy and crooned by Bollywood playback singer Armaan Malik. The romantic track, featuring the fresh on-screen chemistry of Dulquer and Kayadu Lohar, has been widely praised by fans, with special appreciation pouring in for Jakes Bejoy's soulful music and Armaan Malik's mesmerizing vocals. Backed by Wayfarer Films, the high-profile action entertainer is slated to hit theaters on August 20, where it will lock horns with Prithviraj's Khaleefa and Nivin Pauly's Bethlehem Kudumba Unit at the Onam box office.