തന്റെ പാട്ടുകളുടെ കോപ്പി റൈറ്റ് അവകാശ ലംഘനത്തിനെതിരെ ഏതറ്റം വരെയും പോകുന്ന സംഗീത സംവിധായകനാണ് താനെന്ന് ഇളയരാജയ നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ജി.വി പ്രകാശ് ചിത്രം ‘ഹാപ്പി രാജി’നെതിരായ നിയമ യുദ്ധത്തില്‍ ഇളയരാജ ജയിച്ചതോടെ ഒന്നുകൂടി അത് അടിവരയിടുന്നു.
ചിത്രത്തില്‍ ഇളയരാജ സംഗീതം നല്‍കിയ പഴയപാട്ട് ഉപയോഗിച്ചതിനെതിരെയാണ് കോപ്പി റൈറ്റിന്റെ പേരില്‍ സംഗീത സാമ്രാട്ട് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തന്റെ അനുവാദമില്ലാതെ താന്‍ സംഗീതം ചെയ്‌ത പാട്ടുകള്‍ ഉപയോഗിക്കരുതെന്ന് നേരത്തെ ഇളയരാജ സിനിമലോകത്തിന് മുന്നറിയിപ്പ് തന്നിട്ടുള്ളതാണ്. അത് ലംഘിച്ചവര്‍ക്കെതിരെ കോടതി കയറിയിട്ടുമുണ്ട്. അപ്പോഴാണ് ‘ഹാപ്പി രാജി’ന് വേണ്ടി ജി.വി പ്രകാശ് ഇളയരാജയുടെ പാട്ട് എടുത്ത് പ്രയോഗിച്ചത്.
ഇളയരാജയുടെ ഐകോണിക്ക് പാട്ടുകളിലൊന്നായ രജനികാന്ത് അഭിനയിച്ച ‘മുരട്ടുകാലൈ’ എന്ന സിനിമയിലെ ‘പൊതുവാഗ എന്‍ മനസ് തങ്കം’ എന്ന പാട്ടാണ് ജി.വി പ്രകാശ് തന്റെ ചിത്രത്തിലേക്ക് എടുത്തത്. അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചതില്‍ ചിത്രത്തിനെതിരെ ഇളയരാജയ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഹര്‍ജി ഇന്ന് പരിഗണിച്ച കോടതി പാട്ട് ചിത്രത്തില്‍ ഉപയോഗിക്കരുതെന്ന് ഉത്തരവിട്ടു. അതോടെ പകര്‍പ്പവകാശ ലംഘനത്തിനെതിരെയുള്ള അടുത്ത യുദ്ധത്തിലും ഇളയരാജ ജയിച്ചു.
പക്ഷെ ജി.വി പ്രകാശിന്റെ ചിത്രം ഇക്കഴിഞ്ഞ മാര്‍ച്ച് 27 ന് റിലീസ് ചെയ്തിരുന്നു. നേരത്തെ അജിത്ത് ചിത്രം ‘ഗുഡ് ബാഡ് അഗ്ലി’ക്കെതിരെയും ഇളയരാജ പകര്‍പ്പവകാശ ലംഘനപ്രകാരം നോട്ടിസ് അയച്ചിരുന്നു. അന്ന് 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തിരുന്നു. അജിത്ത് ചിത്രത്തില്‍ ഇളയരാജയുടെ മൂന്ന് പാട്ടുകളാണ് ന്യൂ വേര്‍ഷനില്‍ അവതരിപ്പിച്ചത്. ഈ കേസിലും ഇളയരാജയ്ക്ക് അനുകൂലമായായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിധി. തുടര്‍ന്ന് ചിത്രത്തിന്റെ ഒടിടി റിലീസ് സമയത്ത് ഇളയരാജയുടെ പാട്ടുകള്‍ നീക്കിയിരുന്നു.