27വര്‍ഷങ്ങള്‍ക്കിപ്പുറവും കമലിന്‍റെ മനസില്‍നിന്ന് ആ മോഹം മാഞ്ഞിട്ടില്ല. മരുതനായകം സാധിക്കുമെന്ന് കമലിന്‍റെ  മനസ് ഇപ്പോഴും പറയുന്നു. രാജ്കമൽ ഫിലിംസ് ഇന്‍റർനാഷണൽ നിർമിച്ച്, രാജ്കുമാർ പെരിയസാമി സംവിധാനം ചെയ്ത അമരൻ  IFFIയിൽ  ഇന്ത്യൻ പനോരമയിൽ ഉദ്ഘാടന ചിത്രമായി പ്രദർശിപ്പിക്കുന്നുണ്ട്.  ഇതിന്‍റെ ഭാഗമായി കമലഹാസന്‍ ഗോവയിലെത്തിയപ്പോളാണ് ആരാധകര്‍ മരുതനായകം വീണ്ടും ഓര്‍മിപ്പിച്ചത്. ആ സിനിമ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യം. അതിന് കമല്‍ നല്‍കിയ മറുപടി ആരാധകര്‍ ആവേശത്തോടെ ഏറ്റെടുത്തു.

മരുതനായകം ചെയ്യണമെന്നു തന്നെയാണ് ആഗ്രഹം. സാങ്കേതികലോകം ഒരുപാട് മുന്നോട്ടുപോയി. ഈ കാലഘട്ടത്തില്‍ അതു സാധ്യമാകും. അതായിരുന്നു കമലിന്‍റെ മറുപടി.

27 വർഷങ്ങൾക്ക് മുൻപ് പ്രഖ്യാപിച്ച സിനിമ പല കാരണങ്ങൾ കൊണ്ട് പാതിവഴിയിൽ നിലയ്ക്കുകയായിരുന്നു. 85 കോടിയയിരുന്നു അന്നത്തെ ബജറ്റ്. നിര്‍മാണ ചുമതല രാജ് കമല്‍ ഫിലിംസിനും. എലിസബത്ത് രാജ്ഞി പങ്കെടുത്ത ചടങ്ങിലായിരുന്നു മരുതനായകം ഔദ്യോഗികമായി ആരംഭിച്ചത്. 1997ൽ ചിത്രത്തിന്‍റെ ടെസ്റ്റ് ഷൂട്ടും നടത്തി. നിര്‍ണായക രംഗങ്ങളില്‍ ചിലത് ചിത്രീകരിച്ചു.  ഇളയരാജയുടേതായിരുന്നു സംഗീതം. കന്നഡ താരം വിഷ്ണുവർദ്ധൻ, നാസർ, നസറുദ്ദീൻ ഷാ, ഓം പുരി, അമരീഷ് പുരി തുടങ്ങി അന്ന് തിളങ്ങി നിന്ന താരങ്ങളെയാണ് പ്രധാന വേഷങ്ങളിലേക്ക് കണ്ടുവച്ചത്. അമിതാഭ് ബച്ചനും രജനീകാന്തും അതിഥി വേഷങ്ങളിൽ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നായികയായി ആദ്യം കേറ്റ് വിൻസ്ലെറ്റിനെയാണ്  ആദ്യം പരിഗണിച്ചത്. 

ബ്രിട്ടിഷ്‍ ഫ്രഞ്ച് ഇന്ത്യന്‍ സംയുക്തസംരംഭമായി ചിത്രം പുറത്തിറക്കുമെന്നായിരുന്നു പ്രഖ്യാപനം. ചിത്രത്തോട് താല്‍പര്യം പ്രകടിപ്പിച്ച ബ്രിട്ടിഷ് കമ്പനി ഇടയ്ക്കുവച്ച് പിന്‍മാറി. അത് ചിത്രത്തെ അനശ്ചിതത്വത്തിലാക്കി. നിര്‍മാണം പുനരാരംഭിക്കാൻ കമല്‍ തുടര്‍ച്ചയായി പരിശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പുതിയ നിർമ്മാതാക്കളെ കണ്ടെത്തുകയെന്നതായിരുന്നു പ്രധാന വെല്ലുവിളി. ഇതേ തുടര്‍ന്നാണ് പദ്ധതി താല്‍കാലികമായി ഉപേക്ഷിച്ചത്.

അസാധ്യമല്ലെന്ന കമലിന്‍റെ പ്രഖ്യാപനം  പ്രതീക്ഷ നല്‍കുന്നതാണ് . മരുതനായകമെത്തുമെന്നൊരു ചിന്ത ആരാധകരിലുണര്‍ത്താനും അതുവഴി കഴിഞ്ഞു. എന്തായാലും അനശ്ചിതത്വം വെടിഞ്ഞ് കാത്തിരിപ്പിന്‍റെ മോഡിലേക്ക് ഉലകനായകന്‍ ഫാന്‍സ് മാറിയിരിക്കുന്നു.

ENGLISH SUMMARY:

Marudhanayagam is a dream project that Kamal Haasan still hopes to realize. Despite past setbacks, advancements in technology make its completion possible, reigniting hope among fans.