ലോകപ്രശസ്ത കെ-പോപ്പ് ബാൻഡ് ആയ ബിടിഎസിലെ പ്രമുഖ ഗായകൻ ജങ്–കൂക്കിന്റെ വസതിയിൽ അതിക്രമിച്ചു കയറുകയും നിരന്തരമായി ശല്യം ചെയ്യുകയും ചെയ്ത ബ്രസീലിയൻ യുവതിക്ക് തടവുശിക്ഷ വിധിച്ച് ദക്ഷിണ കൊറിയൻ കോടതി. ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടും താരത്തിന്റെ സ്വകാര്യതയിലേക്ക് വീണ്ടും കടന്നുകയറാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം, യുവതിയുടെ അപ്പീലില്‍ ശിക്ഷാവിധി താൽക്കാലികമായി മരവിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. അപ്പീലില്‍ വിജയിച്ചില്ലെങ്കിൽ യുവതിയെ കൊറിയയിൽ നിന്നും നാടുകടത്തിയേക്കും.

കഴിഞ്ഞ വർഷം ഡിസംബറിലാണ് പേര് വെളിപ്പെടുത്താത്ത യുവതി 28-കാരനായ ജങ്–കൂക്കിനെ നിരന്തരമായി പിന്തുടരാൻ തുടങ്ങിയത്. 22 തവണയോളം യുവതി താരത്തിന്‍റെ വീട്ടിലെത്തുകയും നിര്‍ത്താതെ കോളിങ് ബെല്‍ അടിക്കുകയും വാതിലിലൂടെയും ജനലിലൂടെയും കത്തുകളും ചിത്രങ്ങളും അകത്തേക്കിടാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

ഡിസംബർ 7-നാണ് ആദ്യമായി യുവതി ജങ്–കൂക്കിന്റെ വസതിയിലെത്തുന്നത്, അന്ന് അവിടെ മണിക്കൂറുകളോളം ചുറ്റിത്തിരിയുകയും മതിലിന് മുകളിലൂടെ സാധനങ്ങൾ അകത്തേക്ക് എറിയുകയും ചെയ്തു. ദിവസങ്ങൾക്ക് ശേഷം വീണ്ടുമെത്തിയ ഇവർ വീടിന്റെ ഡോർബെൽ തുടർച്ചയായി 133 തവണയാണ് അടിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി. യുവതിക്ക് താരത്തോടുള്ള ‘അതിരുകടന്ന ഭ്രമം’ ആണ് ഈ പ്രവർത്തിയിലൂടെ വ്യക്തമാകുന്നതെന്ന് കോടതി നിരീക്ഷിച്ചു.

തുടർന്ന് ഡിസംബർ 13-ന് വീട്ടിലേക്ക് ഭക്ഷണം ഡെലിവറി ചെയ്യാനെത്തിയ ജീവനക്കാരന്റെ പിന്നാലെ ഗേറ്റിലൂടെ ഇവർ വീട്ടിനുള്ളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിച്ചതോടെയാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അടുത്ത ദിവസം തന്നെ താരത്തിന്റെ വീടിനടുത്തേക്ക് പോകരുതെന്ന കർശന മുന്നറിയിപ്പോടെ ഇവരെ വിട്ടയച്ചെങ്കിലും യുവതി വീണ്ടും അതിക്രമം ആവര്‍ത്തിക്കുകയായിരുന്നു.

അതേസമയം, കെ-പോപ്പ് താരങ്ങൾക്ക് നേരെ ഇത്തരത്തിൽ ആരാധകരുടെ ഭാഗത്തുനിന്നുണ്ടാകുന്ന അതിക്രമങ്ങൾ ദക്ഷിണ കൊറിയയിൽ പതിവാകുകയാണ്. കഴിഞ്ഞ വർഷം ജൂണിൽ, ജങ്–കൂക്ക് നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കി തിരിച്ചെത്തി മണിക്കൂറുകൾക്കകം അദ്ദേഹത്തിന്റെ വീട്ടിൽ അതിക്രമിച്ചു കയറാൻ ശ്രമിച്ച ചൈനീസ് യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ENGLISH SUMMARY:

A South Korean court has handed down a prison sentence to a Brazilian woman for repeatedly trespassing at the private residence of global K-pop icon and BTS vocalist Jungkook. The severe judicial action was taken after the unidentified woman continuously ignored multiple official police warnings to stay away from the twenty-eight-year-old artist. According to the prosecution, the individual's extreme obsession led her to target Jungkook's home twenty-two times, which included ringing his doorbell a staggering 133 times during a single disturbing episode. The continuous harassment culminated in her arrest when she audaciously attempted to breach the property's security gates by tailgating a food delivery vehicle. While the court noted that her intrusive actions caused immense psychological distress to the singer, the execution of the prison sentence has been temporarily suspended pending her legal appeal. Should the higher court reject her appeal, the South Korean government is expected to immediately deport her from the country and place a permanent ban on her re-entry.