Image Credit : Instagram
തലമുറകളുടെ പാട്ടുകാരനാണ് താനെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് മലയാളികളുടെ പ്രിയ ഗായകന്‍ എം.ജി ശ്രീകുമാര്‍. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ എം.ജി ശ്രീകുമാറിന്‍റെ ആരാധകരാണ്. 90കളിലും മറ്റും ഹിറ്റ് പാട്ടുകളിലൂടെ എം.ജിയുണ്ടാക്കിയ ഓളം ഇപ്പോഴും അതേപടി നിലനിര്‍ത്തുകയാണ് അദ്ദേഹം. കാണികളെ പാട്ടിന്‍റെ ആവേശക്കൊടുമുടിയിലെത്തിച്ച് വേദി കയ്യടക്കാന്‍ പോന്ന മറ്റൊരു ഗായകന്‍ മലയാളത്തില്‍ വേറെയില്ലെന്ന് തന്നെ പറയാം. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തൃശൂര്‍ വിദ്യാ എഞ്ചിനീയറിങ്ങ് കോളജില്‍ നടന്ന എം.ജി ശ്രീകുമാറിന്‍റെ ലൈവ് ഷോയ്ക്കിടെ നടന്ന രസകരമായ ഒരു സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സൈബറിടത്ത് വൈറലായി മാറിയിരിക്കുന്നത്.
എം.ജി ശ്രീകുമാറിനൊപ്പം ഒരു പാട്ടുപാടാന്‍ ബാരിക്കേഡ് ചാടിക്കടന്ന് വേദിയിലേക്ക് ഓടിയെത്തിയ ആരാധികയുടെ വിഡിയോയാണ് കയ്യടികള്‍ ഏറ്റുവാങ്ങുന്നത്. 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോട് നീ' എന്നു തുടങ്ങുന്ന ഗാനമാലപിക്കാന്‍ എന്‍റെ കൂടെ ആരെങ്കിലും വരുന്നോ എന്ന എം.ജിയുടെ ചോദ്യം കേട്ടതും, കാണികള്‍ക്കിടയില്‍ നിന്ന് മാളവിക എന്നു പേരുളള ആരാധിക ഓടിയെത്തുകയായിരുന്നു. പെട്ടെന്ന് വേദിയിലേക്ക് എത്തിപ്പെടാന്‍ ബാരിക്കേഡ് ചാടിക്കടക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലാത്തതിനാല്‍ പെണ്‍കുട്ടി രണ്ടാമതൊന്ന് ആലോചിക്കാതെ ബാരിക്കേഡ് ചാടിക്കടക്കുകയായിരുന്നു.
ഓടി തന്‍റെ പ്രിയപ്പെട്ട ഗായകന് അടുത്തെത്തിയ മാളവിക യാതൊരു മടിയും സഭാഗംഭവും കൂടാതെ എം.ജി ശ്രീകുമാറിനൊപ്പം പാട്ടുപാടി. വലിയ കയ്യടിയോടെയാണ് എം.ജിയോടൊപ്പമുളള ആരാധികയുടെ ഗാനം കാണികള്‍ ഏറ്റെടുത്തത്. രസകരമായ ഈ സംഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. ആരാധികയ്ക്കൊപ്പം പാട്ടുപാടാന്‍ തയാറായായ എം.ജിക്കും മിടുക്കിയായി വേദിയിലെത്തി പാട്ടുപാടിയ ആരാധികയ്ക്കും നിറഞ്ഞ കയ്യടിയാണ് സൈബറിടത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.