പ്രിയപ്പെട്ടവര്‍ കേള്‍ക്കുന്ന പാട്ടേതാണെന്ന് കണ്ട് കൂടെപ്പാടാന്‍ പറ്റിയാലോ? ആ വൈബ് വേറെ ലെവലാകുമെന്നതില്‍ തര്‍ക്കമില്ല. കൂട്ടുകാര്‍ കേള്‍ക്കുന്ന പാട്ട് എന്നാല്‍ ഇനി മുതല്‍ നിങ്ങള്‍ക്കും കാണാം. മാത്രമല്ല, ഒന്നിച്ച് കേള്‍ക്കാം, വേണേല്‍ കൂടെപ്പാടുകയും ചെയ്യാം. പുതുവര്‍ഷത്തില്‍ സംഗീതം പങ്കിട്ടുള്ള സന്തോഷം വര്‍ധിപ്പിക്കുകയാണ് സ്‌പോട്ടിഫൈ.
2025 മാര്‍ച്ചിലാണ് സ്‌പോട്ടിഫൈ ഡയറക്ട് മെസജ് ഫീച്ചര്‍ അവതരിപ്പിച്ചത്. ഇതിലൂടെയാണ് പാട്ടു പങ്കുവയ്ക്കല്‍ എളുപ്പമാകുന്നത്. ഈ ഫീച്ചര്‍ ആവശ്യമുള്ളവര്‍ മാത്രം തിരഞ്ഞെടുത്താല്‍ മതിയെന്ന സൗകര്യവുമുണ്ട്. സുഹൃത്ത് പാട്ടൊന്നും കേള്‍ക്കുന്നില്ലെങ്കില്‍ അടുത്തയിടെ കേട്ട പാട്ടാവും പകരം കാണിക്കുക. കൂട്ടുകാര്‍ കേള്‍ക്കുന്ന പാട്ടേതെന്ന് അറിയാന്‍ ലിസണിങ് ആക്ടിവിറ്റിയില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും. അപ്പോള്‍ അവരുടെ ലൈബ്രറിയിലുള്ള പാട്ടുകള്‍ കാണാം, കേള്‍ക്കാം, ഇമോജികളിട്ട് സന്തോഷമോ സങ്കടമോ പ്രകടിപ്പിക്കുകയുമാവാം. ഉപഭോക്താക്കളുടെ സ്വകാര്യത മാനിക്കേണ്ടതിനാല്‍ ഈ ഫീച്ചര്‍ മാന്വലായി മാത്രമേ എനേബിള്‍ ചെയ്യാന്‍ കഴിയുകയുള്ളു. വേണ്ടെന്ന് തോന്നുമ്പോള്‍ ഓഫാക്കുകയും ചെയ്യാം.
സ്പോട്ടിഫൈയില്‍ നേരത്തെ തന്നെ സന്ദേശങ്ങള്‍ കൈമാറിയിട്ടുള്ളവര്‍ തമ്മില്‍ മാത്രമേ ലിസണിങ് ആക്ടിവിറ്റിയും സാധ്യമാകുകയുള്ളൂ. ഉപഭോക്താക്കള്‍ക്ക് കൃത്യമായി ഫീച്ചറിനെ നിയന്ത്രിക്കാമെന്നതും പ്രധാന സവിശേഷതയാണ്. റിക്വസ്റ്റ് ടു ജാം കൊടുത്താല്‍ ലൈവായി കൂടെപ്പാടാന്‍ കൂട്ടുകാരെ ക്ഷണിക്കാം. 2023 സെപ്റ്റംബറിലാണ് ജാം ഫീച്ചര്‍ സ്പോട്ടിഫൈ കൊണ്ടുവന്നത്. പരമാവധി 32 പേരെ ഉള്‍പ്പെടുത്തി റിയല്‍ ടൈം പ്ലേ ലിസ്റ്റ് ഉണ്ടാക്കാമെന്നതായിരുന്നു ഇതിന്‍റെ സവിശേഷത. ലോകത്തിന്‍റെ ഏതു മൂലയ്ക്കിരുന്നു കൂട്ടുകാര്‍ പാടുന്നത് കേള്‍ക്കാമെന്നും അവര്‍ക്കും താല്‍പര്യമുണ്ടെങ്കില്‍ ആ പാട്ട് ചേര്‍ന്നുപാടാമെന്നതും ഇതിനെ ആകര്‍ഷകമാക്കി.
ഇപ്പോഴാവട്ടെ, ആരൊക്കെ പാട്ടു കേള്‍ക്കുന്നു എന്ന് ഉപഭോക്താക്കള്‍ക്ക് കാണാന്‍ കൂടി കഴിയും. അടുത്ത പാട്ട് ഏത് പാടണമെന്ന് ചോദിക്കുകയുമാകാം. ഒറ്റ വര്‍ഷം കൊണ്ട് തന്നെ ജാം ഫീച്ചര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായെന്നാണ് കമ്പനി പറയുന്നത്. രണ്ട് ഫീച്ചറുകളും ചേര്‍ന്നുള്ള മെസജ് എനബിള്‍ഡായ അപ്ഡേറ്റ് ഫെബ്രുവരി ആദ്യവാരം മുതല്‍ ഐഒഎസിലും ആന്‍ഡ്രോയിഡിലും ലഭ്യമാകും. മെസജ് ആക്സസുള്ളവര്‍ക്കെല്ലാം ലിസണിങ് ആക്ടിവിറ്റി ലഭ്യമാകുമെങ്കിലും ജാം ചെയ്യാനുള്ള റിക്വസ്റ്റ് അയയ്ക്കണമെങ്കില്‍ പ്രീമിയം സബ്സ്ക്രൈബര്‍ ആയിരിക്കണം.