വിജയ് അഭിനയിക്കുന്ന അവസാന ചിത്രം എന്ന നിലയിൽ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ജനനായകൻ' സിനിമയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. 'ഒരു പേരെ വരലാര്' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറാണ് ഗാനത്തിന് ഈണം നൽകിയിരിക്കുന്നത്. വിശാൽ മിശ്രയും അനിരുദ്ധും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആയി പുറത്തിറങ്ങുന്ന സിനിമ വിജയ് രാഷ്ട്രീയത്തില്‍ സജീവമാകുന്ന സമയത്ത് തന്നെയാണ് റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയും ഉണ്ട്.
പൊലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത്. ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.