നിലാകായും വെളിച്ചം പൊങ്കുതേ പറവസം ... കളങ്കാവലിന്റെ മൂഡിനെ കുറിച്ചുള്ള സൂചനകളുമായി ആദ്യമെത്തിയത് ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ... എണ്‍പതുകളെ ഓര്‍മ്മിപ്പിക്കുന്ന ഈണവും ശബ്ദവും ... പക്ഷേ സിനിമ ഇറങ്ങിയതോടെ സീന്‍ മാറി ... ചിത്രത്തിലെ നിര്‍ണായക സീനുകളിലൊക്കെ പശ്ചാത്തലത്തില്‍ ഒഴുകിയെത്തുന്ന ഗാനം ആദ്യം ഹോണ്ടിങ് എഫക്ട് ആണ് നല്‍കുന്നതെങ്കില്‍ ക്ലൈമാക്സിലെത്തുമ്പോള്‍ കൈയടിക്ക് വഴിമാറും.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ഹരിപ്പാട് സ്വദേശി സിന്ധു ഡെല്‍സന്‍ നിലാകായും വെളിച്ചം പൊങ്കുതേ പറവസം എന്ന ഗാനത്തിലൂടെ പിന്നണിഗായികയായതും . ചെറുപ്പത്തില്‍ കുറച്ചുനാള്‍ പാട്ടു പഠിച്ചുണ്ടെന്നതൊഴിച്ചാല്‍ ഒരു സ്റ്റേജില്‍ പോലും പാടിയിട്ടില്ലാത്ത സിന്ധുവിന് മകനിലൂടെ വന്നെത്തിയ ഭാഗ്യമാണ് പിന്നണി ഗാനരംഗത്തേക്കുള്ള സ്വപ്നതുല്യമായ ചുവടുവയ്പ്പ് . സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ആ കഥ മനോരമ ന്യൂസിനോട് പറയുന്നു സിന്ധു ഡെല്‍സന്‍
പതിവുപോലെ മൂളിപ്പാട്ടും പാടി വീടിന്റെ മതിലിനടുത്ത് നിന്ന് അപ്പുറത്തെ വീട്ടിലെ ചേച്ചിയോട് സംസാരിച്ച് നില്‍ക്കുന്ന സമയത്താണ് മൂത്തമകന്‍ നെവിന്‍ എന്നെ അകത്തേക്ക് വിളിക്കുന്നത്. ‘അത്യാവശ്യമായി ഒരു പാട്ട് രണ്ടുവരി പാടണം’. പാട്ടൊക്കെ പാടാം, പക്ഷേ പഠിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് പറഞ്ഞു ഞാന്‍. ‘ഒരാഴ്ച പോയിട്ട് രണ്ടുമിനിറ്റ് തരാനില്ല, സിനിമയുടെ സംവിധായകനും സംഗീത സംവിധായകനും വെയിറ്റിങ്ങാണ്, ഇപ്പോ തന്നെ വേണം’ . എന്നാല്‍ പിന്നെ പാടി നോക്കാമെന്നായി . സംഗീത സംവിധായകന്‍ മുജീബ് മജിദിന്റെ അഡീഷണല്‍ പ്രോഗ്രാമറായ മകന്‍ നെവിന്‍ വീട്ടില്‍ തന്നെ സെറ്റ് ചെയ്തിരിക്കുന്ന സ്റ്റുഡിയോയില്‍ വച്ച് അവന്‍ പറഞ്ഞ് തന്നതനുസരിച്ചാണ് പാടിയത്. അപ്പോള്‍ ഈ വരികള്‍ ആയിരുന്നില്ല. വേറെ രണ്ടുവരിയും കുറച്ച് ഹമ്മിങ്ങും. പാട്ടുപാടിയ ശേഷം പിന്നെ അതിനെ കുറിച്ച് കൂടുതല്‍ ഒന്നും ആലോചിച്ചില്ല . പക്ഷേ പെട്ടെന്ന് ഒരു ദിവസം അവന്‍ പറഞ്ഞു, ‘അമ്മ പാടിയ പാട്ട് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഇനി സ്റ്റുഡിയോയില്‍ പോയി റെക്കോര്‍ഡ് ചെയ്യണം’. അങ്ങനെ അവനൊപ്പം സ്റ്റുഡിയോയില്‍ പോയി റെക്കോര്‍ഡ് ചെയ്തു. അപ്പോഴാണ് നിലാകായും വെളിച്ചം പൊങ്കുതേ പറവസം എന്ന വരികള്‍ പാടുന്നത്. അപ്പോഴും സിനിമയില്‍ ഈ പാട്ട് ഉണ്ടാകുമെന്ന് എനിക്കോ നിവിനോ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ലിറിക്കല്‍ വീഡിയോ റിലീസ് ചെയ്തപ്പോള്‍ പാട്ട് ഉണ്ടാകുമെന്ന് ഉറപ്പായി. പാട്ട് കേട്ട മമ്മൂട്ടിയാണ് ലിറിക്കല്‍ വീഡിയോ ഇറക്കാന്‍ ആവശ്യപ്പെട്ടത് എന്ന് കൂടി കേട്ടപ്പോള്‍ പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം . സിനിമ തീയേറ്ററില്‍ കണ്ടപ്പോള്‍ ശരിക്കും രോമാഞ്ചം വന്നു എന്ന് തന്നെ പറയാം. ഏറെ അഭിമാനവും അതിലേറെ സന്തോഷവും തോന്നി.
പഴയ ഗാനം കേള്‍ക്കുന്ന പോലൊരു ഫീല്‍ കിട്ടുന്ന ശബ്ദം തേടി മുജീബ് (സംഗീത സംവിധായകന്‍) കുറേ പേരെ ഓഡിഷന്‍ ചെയ്തിരുന്നു. പക്ഷേ ഒന്നും ശരിയാകാതെ വന്നപ്പോഴാണ് നിവിന്‍ എന്റെ കാര്യം അവരോട് പറയുന്നത്. ‘അമ്മ പഴയ പാട്ട് കേള്‍ക്കുകയും പാടുകയുമൊക്കെ ചെയ്യുന്നത് കേള്‍ക്കാം , ഞാന്‍ ഒന്ന് ശ്രമിച്ച് നോക്കട്ടെ’ എന്നായിരുന്നു നിവിന്‍ പറഞ്ഞത്. ആ തോന്നലാണ് ഇപ്പോള്‍ ഇങ്ങനെയൊരു സൗഭാഗ്യം കൊണ്ടുതന്നത്. ഇതിന് മുന്‍പ് ഒരിക്കല്‍ പോലും അവന്‍ എന്നോട് ഞാന്‍ നന്നായി പാടുമെന്നോ അമ്മയുടെ പാട്ട് കൊളളാമെന്നോ ഒന്നും പറഞ്ഞിട്ടില്ല.
ഒരിക്കല്‍ ഈ ശബ്ദം തേടി ആരെങ്കിലും വരുമെന്നൊക്കെ വീട്ടില്‍ കളിയായി പറയാറുണ്ടായിരുന്നെങ്കിലും പിന്നണിഗായിക ആകുമെന്നൊന്നും സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടായിരുന്നില്ല. ചെറുപ്പത്തിലെ കുറച്ച് നാള്‍ പാട്ട് പഠിച്ചെങ്കിലും ആര്‍ത്രൈറ്റിസ് വന്നതിനാല്‍ തുടരാനായില്ല. എന്നാലും സംഗീതത്തോടുള്ള സ്നേഹം എപ്പോഴും മനസില്‍ സൂക്ഷിക്കുന്നുണ്ടായിരുന്നു. ഒരുപക്ഷേ ആ സ്നേഹം ആയിരിക്കാം ഇങ്ങനെയൊരു വഴിയൊരുക്കിയത്. പാതിവഴിയില്‍ ഉപേക്ഷിച്ച സംഗീത പഠനം ഇപ്പോള്‍ വീണ്ടും തുടങ്ങി. പാട്ടിനെ കുറച്ച് കൂടി സീരിയസ് ആയി കാണണം എന്നാണ് ആഗ്രഹം. നല്ല അവസരങ്ങള്‍ തേടിയെത്തുമെന്നാണ് പ്രതീക്ഷ. സംഗീതത്തോടുള്ള ഇഷ്ടം എന്നും ഉണ്ടാകും.