ശ്രീനാഥ് ഭാസി നായക വേഷത്തിൽ എത്തുന്ന ‘പൊങ്കാല’യിലെ റൊമാന്റിക് ഗാനം പുറത്ത്. ഹനാന്‍ ഷാ പാടിയ ‘പള്ളത്തി മീന്‍’ എന്ന ഗാനമാണ് പുറത്തിറക്കിയിരിക്കുന്നത്. ബി.കെ.ഹരിനാരയണന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് രഞ്ജിൻ രാജ് ആണ്.പൂര്‍ണമായും റൊമാന്റിക് പശ്ചാത്തലത്തിൽ ഒരുക്കിയ ഗാനത്തിന് വലിയ ജനശ്രദ്ധയാണ് ലഭിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ ലക്ഷക്കണക്കിന് കാഴ്ചക്കാരെയാണ് വിഡിയോ സ്വന്തമാക്കിയിരിക്കുന്നത്. ഹനാൻ ഷാ പാടുന്നത് കേൾക്കാൻ പ്രത്യേക ഭംഗിയാണെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം നല്‍കി ഒരുങ്ങുന്ന ‘പൊങ്കാല’ യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിന്‍, ചെറായി ഭാഗങ്ങളിലായിരുന്നു.
ശ്രീനാഥ് ഭാസിയെ കൂടാതെ ബാബുരാജ്, സുധീർ കരമന, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ്, സൂര്യകൃഷ്, ഇന്ദ്രജിത്ത് ജഗജിത് , ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ, യാമി സോന, സ്മിനു സിജോ, ശാന്തകുമാരി , രേണു സുന്ദർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.എ.ബി.ബിനിൽ ആണ് ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കി സംവിധാനം ചെയ്യുന്നത്. ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 ബാനറില്‍ ഒരുങ്ങുന്ന ചിത്രം ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിർമിക്കുന്നു. ഡോണാ തോമസ് ആണ് സഹനിർമാതാവ്. ഗ്രെയ്‌സ് ഫിലിം കമ്പനിയാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിക്കുന്നു.