Image: instagram.com/alwaysjani
ലൈംഗിക പീഡനക്കേസിലെ പ്രതി കൊറിയോഗ്രാഫര്‍ ജാനി മാസ്റ്ററുമായി സഹകരിച്ച സംഗീതസംവിയകന്‍ എ.ആര്‍.റഹ്മാന് സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനം. സഹായിയായെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയാണ് ജാനി. റാം ചരണിന്റെ 'പെഡ്ഡി' എന്ന ചിത്രത്തിലെ 'ചിക്കിരി ചിക്കിരി' ഗാനത്തിന്റെ നൃത്തസംവിധാനം നിർവഹിച്ചത് ജാനിയായിരുന്നു. നവംബർ 9ന് എ.ആർ.റഹ്മാനും 'പെഡി' സംവിധായകൻ ബുച്ചി ബാബു സനയ്ക്കുമൊപ്പമുള്ള ഫോട്ടോകൾ ജാനി മാസ്റ്റർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുകയും ചെയ്തു. പിന്നാലെയാണ് കനത്ത രോഷം നേരിടേണ്ടി വന്നത്.
‘ഇതിഹാസം എ.ആര്‍.റഹ്മാന്‍ സാറിന്‍റെ പാട്ടുകള്‍ കണ്ടും കേട്ടും നൃത്തം ചെയ്തു വളര്‍ന്നവരാണ് ഞങ്ങള്‍. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ സംഗീതത്തിൽ 'ചിക്കിരി ചിക്കിരി' എന്ന ഈ ഗാനത്തിന് നൃത്തസംവിധാനം ചെയ്യാൻ കഴിഞ്ഞുവെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല. നിങ്ങളുടെ പിന്തുണയ്ക്കും നല്ല വാക്കുകൾക്ക് നന്ദി സർ’ എന്ന് കുറിച്ചാണ് ജാനി ചിത്രം പങ്കുവച്ചത്. പിന്നാലെ ലൈംഗികാതിക്രമ കേസിലെ പ്രതിക്കൊപ്പം പ്രവര്‍ത്തിച്ചതിന് എ.ആര്‍.റഹ്മാനെ ചോദ്യം ചെയ്ത് നെറ്റിസണ്‍സ് രംഗത്തെത്തുകയും പോസ്റ്റ് വൈറലാകുകയും ചെയ്തു. മുന്‍പ് തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ 20 ഓളം സ്ത്രീകൾ പരാതി നല്‍കിയതിനെ തുടര്‍ന്ന് എ.ആര്‍.റഹ്മാൻ അദ്ദേഹവുമായി സഹകരിക്കുന്നത് നിർത്തിയതും ആളുകള്‍ ചൂണ്ടിക്കാട്ടി.
2024 സെപ്റ്റംബറിലാണ് ജാനിക്കെതിരെ അദ്ദേഹത്തിന്‍റെ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ലൈംഗിക പീഡന കേസ് ഫയൽ ചെയ്യുന്നത്. തുടര്‍ന്ന് പോക്സോ കുറ്റം ചുമത്തി ഗോവയിൽ വെച്ച് ജാനി മാസ്റ്ററെ അറസ്റ്റ് ചെയ്തു. സംഭവം പുറത്തുപറഞ്ഞാൽ ശാരീരികമായി ഉപദ്രവിക്കുമെന്ന് ജാനി മാസ്റ്റർ ഭീഷണിപ്പെടുത്തിയതായും ഫോട്ടോഷൂട്ടുകളിലും റിഹേഴ്‌സലുകളിലും മാനസികമായി പീഡിപ്പിച്ചതായും യുവതി ആരോപിക്കുന്നുണ്ട്. അറസ്റ്റിനെ തുടര്‍ന്ന് ധനുഷ് ചിത്രം തിരുച്ചിത്രമ്പലത്തിന് ജാനി മാസ്റ്റര്‍ക്ക് ലഭിച്ച മികച്ച നൃത്തസംവിധാനത്തിനുള്ള ദേശീയ അവാർഡ് തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ജാനിക്ക് ജാമ്യം ലഭിച്ചത്. ജാമ്യത്തിൽ പുറത്തിറങ്ങിയതിന് ശേഷം തെലുങ്ക് ചലച്ചിത്രമേഖലയിൽ സജീവമായി ജാനി മാസ്റ്റര്‍ പ്രവര്‍ത്തിക്കുന്നുമുണ്ട്.
ഇത് എന്തുകൊണ്ട് ചോദ്യം ചെയ്തില്ല എന്ന വിമര്‍ശനവുമായി ഗായിക ചിന്മയി ശ്രീപദയ്ക്കെതിരെയും ആളുകള്‍ എത്തി. റഹ്‌മാന്‍റെ കാര്യം ആയതിനാലായിരിക്കും മിണ്ടാതിരിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു. പിന്നാലെ മറുപടിയുമായി ചിന്മയിയും രംഗത്തെത്തി. ഇക്കാര്യത്തില്‍ താന്‍ റഹ്‌മാനെ ചോദ്യം ചെയ്തിരുന്നുവെന്നും അദ്ദേഹത്തിന് ഒന്നും അറിയില്ലായിരുന്നു എന്നുമാണ് ചിന്മയി പ്രതികരിച്ചത്. മുഖ്യമന്ത്രിയെയും തമിഴ് സിനിമയിലെ മഹാ നടന്മാരെയും വരെ തുറന്ന് വിമര്‍ശിച്ചിട്ടുണ്ടെന്നും ചിന്മയി കുറിച്ചു. വൈരമുത്തുവിനെ കോടതി കയറ്റിയ കാര്യവും ചിന്മയി എടുത്തുകാട്ടിയിട്ടുണ്ട്.
പിന്നാലെ മറ്റൊരു പോസ്റ്റില്‍ നൃത്തസംവിധായകന്‍ ജാനി മാസ്റ്റര്‍ക്കെതിരേയും ചിന്മയി രംഗത്തെത്തി. കേസിനെ ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിന്മയി ആരോപിച്ചു. സമ്പന്നനായ ഉന്നതരുമായി ബന്ധമുള്ള വ്യക്തിയാണ് ജാനി മാസ്റ്ററെന്നും അതിനാല്‍ പെണ്‍കുട്ടിക്ക് നീതി ലഭിക്കാന്‍ സാധ്യത കുറവാണെന്നും ചിന്മയി എക്സില്‍ കുറിച്ചു. പെണ്‍കുട്ടിയെ ലൈംഗികമായി ദുരുപയോഗംചെയ്‌തു എന്ന് മാത്രമല്ല വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ അവളെ ഭീഷണിപ്പെടുത്തി. 16 വയസ്സുള്ള പെണ്‍കുട്ടിക്ക് കണ്‍സെന്റ് നല്‍കാന്‍ കഴിയില്ല എന്ന് മനസിലാക്കാതെ അത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമാക്കി വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുന്നു എന്നും ചിന്മയി കുറിച്ചു.