വരുന്നൂ, ത്രസിപ്പിക്കുന്ന പാട്ടിന്റെ കടലിരമ്പവുമായി ഇന്ത്യൻ ഓഷൻ ഫോക് ഫ്യൂഷൻ ബാൻഡ് മനോരമ ഹോർത്തൂസിൽ. 29ന് കൊച്ചി ദർബാർ ഹാൾ ഗ്രൗണ്ടിലെ അടിപൊളി പാട്ടു വൈബിൽ നമുക്കും ഒത്തുചേരാം, ആടിപ്പാടാം. 35 വർഷമായി നമുക്കൊപ്പമുള്ള ഇന്ത്യൻ ഓഷൻ ബാൻഡിന്റെ ഹിറ്റ് ഗാനങ്ങൾ ഈ രാവിൽ അലയടിക്കും. കേരളത്തിലെ ഏറ്റവും വലിയ കലാ, സാഹിത്യ, സാംസ്കാരിക ഉത്സവമായ മനോരമ ഹോർത്തൂസിലേക്ക് ഇന്ത്യൻ ഓഷൻ കടന്നു വരുമ്പോൾ ഒരു പ്രത്യേകത കൂടിയുണ്ട്; അവർക്കൊപ്പം കേരളത്തിലെ ഒരു കിടിലൻ ബാൻഡ് കൂടി വേദിയിലെത്തും, പാട്ടിലൂടെ സദസ്സിനെ കയ്യിലെടുക്കും. കേരളത്തിലെ മികച്ച ബാൻഡിനെ കണ്ടെത്താനായുള്ള മത്സരം ‘ ഡെസിബെൽ’ റേഡിയോ മാംഗോയുടെ നേതൃത്വത്തിൽ ആവേശത്തോടെ മുന്നേറുകയാണ്.
പരമ്പരാഗത സംഗീതത്തെ റോക്ക്, ജാസ് ശൈലികളുമായി ചേരുംപടി ചേർത്തുള്ള പാട്ടുകൾ, അർഥമുള്ള വരികൾ, പിടിച്ചിരുത്തുന്ന ഈണങ്ങൾ, ഭ്രമിപ്പിക്കുന്ന താളങ്ങൾ – ഇന്ത്യൻ ഓഷൻ ബാൻഡിനെ നെഞ്ചിലേറ്റാൻ വേറെന്തു വേണം! 1990ൽ ആരംഭിച്ച ബാൻഡ് ഇന്നും മുൻനിരയിൽ തുടരുന്നതു പുതിയ പരീക്ഷണങ്ങളിലൂടെയും അതിരുകൾ മായ്ച്ചുള്ള സംഗീതത്തിലൂടെയും തന്നെ. കന്തീസ, ഝിനി, ഡെസേർട് റെയിൻ, തു ഹൈ തുടങ്ങി എത്രയോ ഗാനങ്ങൾ. നാടോടിഗാനങ്ങളുടെ മാസ്മരികതയെ രാജ്യാന്തര വേദികളും ഏറ്റെടുത്തു.
ഇന്ത്യൻ ഓഷൻ പരിപാടിയുടെ ടിക്കറ്റ് നിരക്ക് 399 രൂപ. യേശുദാസ് ആദരസന്ധ്യ, ഉബു റോയ്, ഇന്ത്യൻ ഓഷൻ ബാൻഡ് പെർഫോമൻസ് എന്നിങ്ങനെ ഹോർത്തൂസിൽ 3 കലാസന്ധ്യകളാണുള്ളത്. ഹോർത്തൂസിൽ പങ്കെടുക്കാനായി പ്രീമിയം റജിസ്ട്രേഷൻ എടുത്തവർക്ക് ഈ പരിപാടികളിൽ ഒന്ന് സൗജന്യമാണ്.