ajith-ilayaraja

TOPICS COVERED

അജിത് കുമാർ നായകനായ 'ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമ ഇളയരാജയുടെ ഗാനങ്ങളോടുകൂടി പ്രദർശിപ്പിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ വിലക്ക്. 1982 നും 1996 നും ഇടയിൽ ഇളയരാജ മറ്റ് സിനിമകൾക്കായി രചിച്ച മൂന്ന് ഗാനങ്ങൾക്കൊപ്പം ചിത്രം ഒടിടി ഉൾപ്പെടെ ഒരു പ്ലാറ്റ്‌ഫോമിലും പ്രദര്‍ശിപ്പകരുത് എന്നാണ് കോടതി ഉത്തരവ്. ചിത്രത്തിന്‍റെ നിര്‍മാതാക്കളായ തെലങ്കാന ആസ്ഥാനമായുള്ള മൈത്രി മൂവി മേക്കേഴ്‌സിനെതിരെ ഇളയരാജ സമർപ്പിച്ച പകർപ്പവകാശ ലംഘന കേസിലാണ് ജസ്റ്റിസ് എൻ. സെന്തിൽകുമാർ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

അജിത് കുമാറിനെ നായകനാക്കി ആധിക് രവിചന്ദ്രനാണ്  'ഗുഡ് ബാഡ് അഗ്ലി' സംവിധാനംചെയ്തത്. താന്‍ സംഗീതസംവിധാനം നിര്‍വഹിച്ച മൂന്നുപാട്ടുകള്‍ അനുമതിയില്ലാതെ ചിത്രത്തില്‍ ഉപയോഗിച്ചുവെന്നായിരുന്നു ഇളയരാജയുടെ ഹര്‍ജി. 1996-ൽ പുറത്തിറങ്ങിയ നടൻ ശിവകുമാർ അഭിനയിച്ച നാട്ടുപുര പാട്ട് എന്ന ചിത്രത്തിലെ ഒത റൂബ തരേൺ, 1982-ൽ പുറത്തിറങ്ങിയ കമൽഹാസൻ അഭിനയിച്ച സകലകലാ വല്ലവനിലെ ഇളമൈ ഇദോ ഇദോ, 1986-ൽ പുറത്തിറങ്ങിയ മിസ്റ്റർ ഹാസൻ അഭിനയിച്ച വിക്രം എന്ന ചിത്രത്തിലെ എൻ ജോഡി മഞ്ഞ കുരുവി എന്നീ ഗാനങ്ങളുടെ പകർപ്പവകാശത്തിന്‍റെ ആദ്യ ഉടമ താനാണെന്നായിരുന്നു ഇളയരാജയുടെ വാദം. പകര്‍പ്പവകാശം കൈവശം വെച്ചിരിക്കുന്നവരില്‍നിന്ന് അനുമതി തേടിയിട്ടുണ്ടെന്നായിരുന്നു നിര്‍മാണക്കമ്പനിയുടെ വാദം. എന്നാല്‍, ഇതുസംബന്ധിച്ച രേഖകളോ വിശദാംശങ്ങളോ ഹാജരാക്കുന്നതില്‍ കമ്പനി പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് ഇളയരാജയ്ക്ക് അനുകൂലമായി കോടതി വിധി പുറപ്പെടുവിച്ചത്.

നിർമ്മാണ സ്ഥാപനം തന്‍റെ അനുമതിയില്ലാതെ സിനിമയിലെ മൂന്ന് ഗാനങ്ങൾ വാണിജ്യപരമായി ചൂഷണം ചെയ്തതിലൂടെ 1957 ലെ പകർപ്പവകാശ നിയമത്തിലെ വ്യവസ്ഥകൾ നഗ്നമായി ലംഘിച്ചുവെന്നും ഇളയരാജ ആരോപിച്ചു. ഏപ്രിൽ പത്തിന് ആയിരുന്നു ഗുഡ് ബാഡ് അഗ്ലി തിയറ്ററുകളിൽ എത്തിയത്. ഏപ്രിൽ 15ന് ഇളയരാജ വക്കീൽ നോട്ടിസ് അയക്കുകയും ചെയ്തിരുന്നു. നേരത്തെയും  തന്‍റെ ഗാനങ്ങള്‍ അനുവാദമില്ലാതെ ഉപയോഗിച്ചുവെന്ന് ആരോപിച്ച് പല ചലച്ചിത്രപ്രവര്‍ത്തകര്‍ക്കും ഇളയരാജ നോട്ടിസ് അയച്ചിട്ടുണ്ട്.

ENGLISH SUMMARY:

Ilayaraja copyright case leads to a Madras High Court ban on Ajith Kumar's 'Good Bad Ugly' movie. The court order prevents the film's release on any platform, including OTT, due to copyright infringement of Ilayaraja's songs