TOPICS COVERED

പോപ്പ് സൂപ്പർസ്റ്റാർ ടെയ്‌ലര്‍  സ്വിഫ്റ്റിന്റെ പുതിയ ആൽബം പ്രഖ്യാപനം കായിക ലോകത്ത്, പ്രത്യേകിച്ച് നാഷണൽ ഹോക്കി ലീഗിൽ വമ്പന്‍ കോളിളക്കം സൃഷ്ടിച്ചുകൊണ്ട്. ഓഗസ്റ്റ് 12-ന് രാത്രി കൃത്യം 12:12-ന് ടെയ്‌ലര്‍  സ്വിഫ്റ്റിന്റെ  പന്ത്രണ്ടാമത്തെ ആൽബമായ ‘ദി ലൈഫ് ഓഫ് എ ഷോഗേൾ’ പ്രഖ്യാപനമാണ് കായികലോകത്തെ  ആവേശത്തിലാക്കിയത്. എന്‍.എച്ച്.എല്‍ താരങ്ങളായ ട്രാവിസ് കെൽസി, ജേസൺ കെൽസി എന്നിവർ അവതരിപ്പിക്കുന്ന 'ന്യൂ ഹൈറ്റ്സ്' എന്ന ജനപ്രിയ പോഡ്‌കാസ്റ്റിലൂടെയായിരുന്നു ഈ വെളിപ്പെടുത്തൽ.

പുതിയ ആൽബത്തിന്റെ പ്രഖ്യാപനത്തിനായി ഒരു സ്‌പോർട്‌സ് പ്ലാറ്റ്‌ഫോം തിരഞ്ഞെടുത്ത് ടെയ്‌ലര്‍  സ്വിഫ്റ്റ് ആരാധകർക്കും കായികലോകത്തിനും ഒരുപോലെ സര്‍പ്രൈസ് നല്‍കി. സംഗീതവും, കായികരംഗവും തമ്മിലുള്ള അതിര്‍ വരമ്പുകള്‍ മായ്ച്ചുകൊണ്ട് ആരാധകരുടെ ഹൃദയത്തിൽ ഇടം നേടാൻ സ്വിഫ്റ്റിന്റെ ഈ നീക്കത്തിന് കഴിഞ്ഞു. ആൽബം പ്രഖ്യാപനത്തിനു പിന്നാലെ വിവിധ  എന്‍.എച്ച്.എല്‍ ടീമുകൾ തങ്ങളുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ തമാശ നിറഞ്ഞ പോസ്റ്റുകളുമായി രംഗത്തെത്തി. എന്‍.എഫ്.എല്‍ ആരാധകർ  "ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച സ്വിഫ്റ്റി ടച്ച്ഡൗൺ" എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്.

ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ പ്രഖ്യാപനം പുറത്തുവന്ന് മണിക്കൂറുകൾക്കകം എന്‍.എച്ച്.എല്‍ ടീമുകൾ സ്വന്തം രീതിയിലുള്ള ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. കാനഡയിലെ കാൽഗറി ഫ്ലേംസ്  തങ്ങളുടെ ഇതിഹാസ താരം ജറോം ഇഗിൻലയുടെ 12-ാം നമ്പർ ജേഴ്‌സിക്ക് തിളങ്ങുന്ന രൂപം നൽകി പോസ്റ്റ് ചെയ്തായിരുന്നു ആഘോഷത്തിന്‍റെ ഭാഗമായത്. ആൽബത്തിന്റെ പന്ത്രണ്ടാം നമ്പറിലേക്കുള്ള സൂചനക്കൊപ്പം മിന്നുന്ന സൗന്ദര്യത്തെ ഓര്‍മിപ്പിക്കുന്നതുകൂടിയായിരുന്നു ഈ പോസ്റ്റ്. 

'ദി ലൈഫ് ഓഫ് എ ഷോഗേൾ' എന്ന പേര് പ്രഖ്യാപിച്ച ബ്രീഫ്കേസ് മിന്റ് ഗ്രീൻ നിറത്തിലുള്ളതായിരുന്നു. ഇത് ആൽബത്തിന്റെ ഡാൻസ്-പോപ് സൗന്ദര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കൂടാതെ, ആൽബത്തിന്റെ ട്രാക്ക് ലിസ്റ്റിൽ ദീർഘകാല സഹയാത്രികയായ ജാക്ക് ആന്റോനോഫിന്റെ പേര് കാണാത്തതും ആരാധകർക്കിടയിൽ ചർച്ചയായി.  പ്രമുഖ പോപ് ഹിറ്റ് നിർമ്മാതാക്കളായ മാക്സ് മാർട്ടിനും, ഷെൽബാക്കും ആൽബത്തിന്റെ ഭാഗമാവുമെന്നാണ് അഭ്യൂഹം. 'ദി ലൈഫ് ഓഫ് എ ഷോഗേൾ' ഈ വർഷാവസാനം പുറത്തിറങ്ങാനിരിക്കുമ്പോള്‍ ആദ്യ ഘട്ടം അതിന്റെ പൂര്‍ണ ശക്തി തെളിയിച്ചു കഴിഞ്ഞു.

ENGLISH SUMMARY:

Taylor Swift's new album, 'The Life of a Showgirl,' caused a stir in the sports world, particularly the NHL. The album announcement on the 'New Heights' podcast, hosted by NHL stars Travis and Jason Kelce, surprised fans and blurred the lines between music and sports.