പോപ് ഗായിക ടെ‍യ്‌ലർ സ്വിഫ്റ്റും ഫുട്ബോൾ താരം ട്രാവിസ് കെൽസും വിവാഹിതരാകുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. സമൂഹമാധ്യമങ്ങളിലൂടെയാണ് വിവാഹനിശ്ചയത്തിന്‍റെ വാര്‍ത്തകളും ചിത്രങ്ങളും ഇരുവരും പങ്കുവച്ചത്. ‘നിങ്ങളുടെ ഇംഗ്ലിഷ് ടീച്ചറും ജിം ടീച്ചറും വിവാഹിതരാകുന്നു’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. പൂന്തോട്ടത്തില്‍ വിവാഹ മോതിരം അണിഞ്ഞുകൊണ്ടുള്ളതാണ് ചിത്രങ്ങള്‍.

2023 ജൂലൈ മുതൽ ഇരുവരും പ്രണയത്തിലായിരുന്നു. മുന്‍പ് തന്‍റെ മൊബൈല്‍ നമ്പര്‍ ടെയ്‌ലര്‍ സ്വിഫ്റ്റിന് നൽകാൻ ശ്രമിക്കുകയും അത് പരാജയപ്പെട്ടപ്പോള്‍ പോഡ്‌കാസ്റ്റായ ന്യൂ ഹൈറ്റ്‌സിലൂടെ തന്‍റെ പ്രണയത്തെ കുറിച്ച് ട്രാവിസ് കെൽസ് തുറന്ന് സംസാരിക്കുകയും ചെയ്തിരുന്നു. അതിന് ശേഷമാണ് ഇരുവരും അടുക്കുന്നതും താമസിയാതെ ഡേറ്റിങില്‍ ഏര്‍പ്പെടുകയും ചെയ്തത്. 2023 സെപ്റ്റംബറിൽ ടെ‍യ്‌ലർ സ്വിഫ്റ്റ് ട്രാവിസ് കെൽസിന്‍റെ മല്‍സരം കാണാന്‍ എത്തിയതോടെ അഭ്യൂഹങ്ങള്‍ പുറത്തുവരാന്‍ ആരംഭിക്കുകയും ചെയ്തു.

ടെയ്‌ലര്‍ സ്വിഫ്റ്റിന്‍റെ വരാനിരിക്കുന്ന ആൽബമായ ‘ദി ലൈഫ് ഓഫ് എ ഷോഗേളിന്‍റെ’ പ്രഖ്യാപനത്തിന് ഇരുവരും  ന്യൂ ഹൈറ്റ്സിൽ ഒരുമിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു. ഇത് വിവാഹനിശ്ചയത്തിന്റെ മുന്നോടിയായിരിക്കുമെന്ന് അഭ്യൂഹങ്ങളുമുയര്‍ന്നു. ഇരുവരുടേയും ആരാധകരും ഈ പ്രഖ്യാപനത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ കഴിഞ്ഞ മാസം ട്രാവിസ് കെൽസിന്‍റെ മൊബൈല്‍ ലോക്ക്-സ്‌ക്രീനിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെ അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചു.

കോടികൾ ചെലവഴിച്ച് ടെയ്‌ലർ സ്വിഫ്റ്റ് അമേരിക്കയിലെ റോഡ് ഐലൻഡിലെ ‘ഹൈ വാച്ച്’ എന്ന തന്റെ ആഡംബര വസതി മോടിപിടിപ്പിക്കുന്നെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു. 14 കോടി രൂപ മുടക്കി വീട് മോടി പിടിപ്പിക്കുന്നത് ട്രാവിസ് കെല്‍സിനൊപ്പം അവിടെ താമസിക്കാനുള്ള തയാറെടുപ്പിന്റെ ഭാഗമായിട്ടാണ് എന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, പ്രമുഖരും തങ്ങളുടെ ആരാധകരുമടക്കം നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തുന്നത്. വാര്‍ത്തയറിഞ്ഞ അമേരിക്കന്‍ പ്രസ‍ിഡന്‍റ് ഡോണള്‍ഡ് ട്രംപും ഇരുവര്‍ക്കും ആശംകള്‍ നേര്‍ന്നിരുന്നു. 

ENGLISH SUMMARY:

Taylor Swift and Travis Kelce are reportedly engaged after two years of dating. The celebrity couple shared engagement news and pictures on social media, sparking excitement among fans and congratulations from prominent figures.