അഭിലാഷം സിനിമയേയും അതിലെ പാട്ടുകളെയും മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്തുകഴിഞ്ഞു. തട്ടത്തില്‍, ഖല്‍ബിന്നകമേ തുടങ്ങിയ വൈറല്‍ പാട്ടുകളുടെ സംഗീത സംവിധായകന്‍ ശ്രീഹരി കെ നായര്‍ മനോരമ ന്യൂസ് ഡോട്ട് കോമിനോട് സംസാരിക്കുന്നു.

അഭിലാഷത്തെയും അഭിലാഷത്തിലെ പാട്ടുകളെയും ott യിൽ എല്ലാവരും ഏറ്റെടുത്തല്ലോ? 

അഭിലാഷം തിയേറ്ററിൽ എല്ലാവരും വന്ന് കാണണം എന്നാഗ്രഹിച്ച സിനിമയായിരുന്നു. എന്തുകൊണ്ടൊക്കെയോ തീയേറ്ററിലേക്ക് ആളുകൾ എത്തിയില്ല. ഷോകളുടെ എണ്ണവും കുറവായിരുന്നു. OTT റിലീസിന് ശേഷമാണ് എല്ലാവരും സിനിമ കണ്ടതും പാട്ടുകൾ ചർച്ചയാവുന്നതും. എല്ലാവർക്കും ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.

തട്ടത്തിൽ പാട്ട് വന്ന വഴി?

തട്ടത്തിൽ എന്ന പാട്ട് ഞാനും വരികളെഴുതിയ ഷറഫുക്കയും ഒരുമിച്ചിരുന്ന് കമ്പോസ് ചെയ്തതാണ്. പുള്ളി കുറച്ച് വരികളെഴുതും ഞാൻ ട്യൂൺ ഇടും. ബാക്കി പാട്ടുകൾ ട്യൂൺ ഇട്ടതിന് ശേഷം വരികൾ എഴുതിയതാണ്. തട്ടത്തിൽ  പാടാൻ ഒന്നുരണ്ട് പേരെ സമീപിച്ചിരുന്നു. എന്നാൽ സിനിമയിലെ സീനുമായി സിങ്ക് ആയത് എൻ്റെ ശബ്ദമാണെന്ന് ഡയറക്ടർ ഷംസുക്ക പറഞ്ഞു. അധികം പക്വത ഇല്ലാത്ത, പ്രായം തോന്നിക്കാത്ത ശബ്ദം മതിയെന്ന തീരുമാനത്തിലേക്ക് എത്തിയപ്പോൾ ഞാൻ തന്നെ പാടി. പാട്ട് കേട്ട് പണ്ടത്തെ പ്രേമം അല്ലെങ്കിൽ സ്കൂൾ കാലം ഓർമ വന്നുവെന്ന് പറഞ്ഞ് ഒരുപാട് പേർ മെസ്സേജ് അയച്ചിരുന്നു. അപ്പോൾ തന്നെ പാട്ട് വർക്ക് ആയെന്ന് മനസ്സിലായി.

അഭിലാഷത്തിലെ പാട്ടുകളോട് ഇമോഷണൽ കണക്ഷൻ തോന്നിയിട്ടില്ലെന്ന് കേട്ടിരുന്നു. പൂര്‍ണമായി മനസര്‍പ്പിക്കാതെ നല്ല ഔട്ട് കിട്ടുമോ?

ഞാൻ ഒരു സോങ് ചെയ്യുമ്പോൾ അതെങ്ങനെ കേൾവിക്കാരിലേക്ക് എത്തിക്കാം എന്നേ നോക്കാറുള്ളൂ. ഉദാഹരണത്തിന് ഒരു സാഡ് സോങ് ചെയ്യുമ്പോള്‍ ഞാനും കൂടെ ഇമോഷണൽ ആയാൽ ആ പാട്ട് സംഭവിക്കില്ലല്ലോ. കമ്പോസിംഗ് എൻ്റെ ജോലി കൂടെ ആവുമ്പോൾ ഇമോഷണൽ കണക്ഷൻ കുറയും.ബാക്കിയുള്ള ആർട്ടിസ്റ്റുകളുടെ പാട്ട് കേൾക്കുമ്പോൾ എനിക്ക് ഇമോഷണൽ കണക്ഷൻ തോന്നാറുണ്ട്. എൻ്റെ പാട്ടുകളോട് പൊതുവെ തോന്നാറില്ല. അഭിലാഷത്തിലെ തന്നെ ഖൽബിന്നകമേ പാട്ട് കേട്ട് സങ്കടം വന്നവരുണ്ട്. ഞാൻ ആ പാട്ട് കേൾക്കുമ്പോൾ ചില സ്ഥലത്തെ ഗിറ്റാർ നന്നാക്കാമായിരുന്നു  എന്നൊക്കയായിരുന്നു ചിന്ത. പാട്ട് കേള്‍ക്കുമ്പോഴും അത്  എങ്ങനെ മെച്ചപ്പെടുത്താം എന്ന ചിന്തയെ എനിക്ക് വരാറുള്ളൂ

ഖൽബിലുടക്കുന്ന ഖൽബിന്നകമേ 

ഖൽബിന്നകമേ പാട്ടിൻ്റെ ട്യൂൺ ആദ്യമേ തയ്യാറാക്കിയിരുന്നു. എന്നാൽ സിനിമയുടെ ക്ലൈമാക്സിൽ പാട്ടിൻ്റെ ഭാഗം ഉൾപ്പെടുത്താമെന്ന് പിന്നീട് തീരുമാനിച്ചതാണ്. അതിനു ശേഷമാണ് സഫ മർവ, ഇഷ്കും തിരഞ്ഞ് എന്നീ ഭാഗങ്ങൾ പാട്ടിൻ്റെ കൂടെ ചേർക്കുന്നത്. സുമാഹാ സിതെ എന്ന പാട്ട് റിലീസ് ചെയ്തപ്പോൾ ജെയ്ക്‌സ്  ബിജോയ് ചേട്ടൻ മെസ്സേജ് ചെയ്തിരുന്നു പാട്ട് ഇഷ്ടപ്പെട്ടു എന്നു പറഞ്ഞ്. പടത്തിലെ ഓരോ പാട്ടും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞ് പലരും മെസ്സേജ് ചെയ്യുകയുണ്ടായി.അതൊക്കെ ഒരു പ്രചോദനം കൂടിയാണ്. നമ്മൾ ചെയ്യുന്ന കാര്യം പ്രേക്ഷകർക്ക് ഇഷ്ടമാകുന്നുണ്ടെന്ന് അറിയുമ്പോൾ ഇനിയും ഇനിയും നല്ല വർക്കുകൾ ചെയ്യാൻ  ധൈര്യം കിട്ടും. 

നല്ല സിനിമകൾ ചെയ്താൽ മതി 

മണിയറയിലെ അശോകൻ ചെയ്തപ്പോൾ അടുത്തത് നല്ല ഒരു സിനിമ ചെയ്യണം എന്നായിരുന്നു ആഗ്രഹം. എന്നാൽ. സിനിമ  വിചാരിച്ച അത്ര വിജയമായിരുന്നില്ല. അതിന് ശേഷം  സിനിമകളൊന്നും ലഭിച്ചില്ല. കൊറോണയ്ക്ക് ശേഷം പരസ്യങ്ങളും ഇൻഡിപെൻഡൻ്റ് മ്യൂസികുമായി നടക്കുമ്പോഴാണ് ആയിഷയുടെ ഡയറക്ടർ ആമിറിക്ക വഴി കമ്മ്യൂണിസ്റ്റ് പച്ചയിലേക്ക് അവസരം ലഭിക്കുന്നത്. അതിന് ശേഷം മണിയറയിലെ അശോകൻ  ടീം ഒരുമിച്ച അഭിലാഷത്തിലും വർക്ക് ചെയ്യാനായി. എന്നെ സംബന്ധിച്ചിടത്തോളം പാട്ട് ആളുകൾ എറ്റെടുക്കുന്നതാണ് എൻ്റെ സന്തോഷം. ബാക്കി ഒക്കെ കാലക്രമേണ വന്നുചേരും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. 

പാട്ടുകൾ ഇൻസ്റ്റഗ്രാമബിൾ ആവണോ?

അഭിലാഷത്തിൻ്റെ ആദ്യമിറങ്ങിയ പാട്ട് തട്ടത്തിൽ ആയിരുന്നു. അത് ചെയ്യുമ്പോൾ ഡയറക്ടർ ഷംസുക്ക പടത്തിലേക്ക് ആളുകളുടെ ശ്രദ്ധ പാട്ടിലൂടെ കൊണ്ട് വരണമെന്ന് സൂചിപ്പിച്ചിരുന്നു. ഭാഗ്യം കൊണ്ട് അത് വർക്ക് ആയി. ആളുകളെ ആകർഷിക്കുന്ന രീതിയിലുള്ള ഹുക്കുകൾ പാട്ടിൽ വേണമെന്ന് പറയുന്നവരുണ്ട്. ചിലപ്പോഴൊക്കെ അതൊരു പ്രഷറാണ്. കാരണം പാട്ട് എപ്പോൾ വൈറലവുമെന്ന് നമുക്ക് ഊഹിക്കാൻ പറ്റില്ലല്ലോ. ജോബേട്ടൻ്റെ ഒൻപത് വർഷം മുമ്പ് ഇറങ്ങിയ കണ്ണോട് കണ്ണായിടാം എന്ന പാട്ട് എപ്പോൾ ഇൻസ്റ്റാഗ്രാമിൽ ട്രെൻഡ് അല്ലേ? ഇങ്ങനെ ആരും ശ്രദ്ധിക്കാതെ പോയ ഒരുപാട് നല്ല പാട്ടുകൾ മലയാളത്തിൽ തന്നെയുണ്ട്. റീൽ ആയി പാട്ട് ഇൻസ്റ്റാഗ്രാമിൽ വൈറലാവണം എന്ന് നിർബന്ധം പിടിക്കുമ്പോൾ എനിക്കെന്നല്ല ആർക്കും അത് പ്രഷർ തന്നെയായിരിക്കും. കാരണം അങ്ങനെ  ഉറപ്പ് കൊടുത്ത് ഒരു പാട്ട് ചെയ്യാൻ പറ്റില്ല. 

മൊഞ്ചത്തിപ്പെണ്ണിനെ പലർക്കും മനസ്സിലായില്ല

മണിയറയിലെ അശോകനിലെ മൊഞ്ചത്തിപ്പെണ്ണേ ഉണ്ണിമായേ എന്ന പാട്ട് പലർക്കും മനസ്സിലായില്ല. അത് കുഞ്ചിയമ്മക്ക് അഞ്ച് മക്കളാണ് അല്ലെങ്കിൽ  കാക്കേ കാക്കേ കൂടെവിടെ പോലൊരു പാട്ടായിരുന്നു. ഭയങ്കര ആത്മാവുള്ള പാട്ടാണ് അതെന്ന് ഒരിക്കലും അവകാശപ്പെടാനുമാവില്ല. ആ പാട്ടിലെ സീനിൽ അനു സിതാര പണ്ട് കല്പന ചേച്ചി മഞ്ഞ സാരി ഉടുത്ത് udc ആയി നടന്നു വന്നില്ലേ അങ്ങനെ അല്ലേ വരുന്നത്? ആളുകളെ ഒന്ന് ചിരിപ്പിക്കണം ആ പാട്ടുകൊണ്ട് അത്രയേ ഉദേശിച്ചിട്ടുള്ളു. ചിലർക്കെങ്കിലും ഇഷ്ടമാവില്ലെന്നും വിമർശനങ്ങൾ ഉണ്ടാവുമെന്നും ഉറപ്പായിരുന്നു. അതുകൊണ്ട് വിഷമം തോന്നിയില്ല.

ദുൽഖർ എന്ന നിർമാതാവും ഗായകനും

മണിയറയിൽ അശോകൻ്റെ കഥ ദുൽഖറിനോട്  പറയാൻ പോവുമ്പോൾ തന്നെ ഷംസുക്കയുടെ കയ്യിൽ പാട്ടിൻ്റെ ട്രാക്ക് ഉണ്ടായിരുന്നു. അത് കേട്ടിട്ട് വർക്ക് ആയിട്ടാണ് മണിയറയിലേക്ക് വന്നത്. റഫ് ട്രാക്ക് ഇല്ലാതെയാണ് ഷംസുക്ക കഥ പറയാൻ പോയതെങ്കിൽ അവർ വേറെ മ്യൂസിക് ഡയറക്ടർനെ വച്ചേനെ. ദുൽഖറിന് മ്യൂസിക് ചെയ്യാൻ ആളെ കിട്ടാൻ ബുദ്ധിമുട്ട് ഒന്നുമില്ലല്ലോ. ട്രാക്ക് മുമ്പ് കേട്ടതുകൊണ്ട് തന്നെ ഉണ്ണിമായ ദുൽഖറിന് എളുപ്പത്തിൽ പാടാനായി. പിന്നെ മൂപ്പര് അടിപൊളി സിങ്ങറല്ലേ കിടിലൻ മനുഷ്യനും. ആദ്യ സിനിമയാണ് എന്ന തോന്നൽ കൂടെ എനിക്ക് ഉണ്ടായില്ല. 

മ്യൂസിക് ആദ്യം മുതലേ ഉള്ളിലുണ്ട് 

ചെറുപ്പത്തിലേ പാട്ട് പഠിച്ചിട്ടുണ്ട്. അച്ഛൻ എഴുതുന്ന വരികൾ കമ്പോസ് ചെയ്ത് തുടങ്ങി.ഡിഗ്രി ചെയ്യുമ്പോൾ തന്നെ മ്യൂസിക് പ്രൊഡക്ഷൻ്റെ കോഴ്സ് ചെയ്തു. പിന്നെ മെല്ലെ ഉണ്ടാക്കിയ പാട്ടൊക്കെ പ്രൊഡ്യൂസ് ചെയ്യാൻ തുടങ്ങി. ആ സമയത്താണ് ഷംസുക്കയെ പരിചയപ്പെടുന്നത്. ചെറിയ രീതിയിൽ പാട്ടുകളും ഷോർട്ട് ഫിലിമും ചെയ്ത് തുടങ്ങി. പിന്നീട് മണിയറയിലെ അശോകൻ ചെയ്തു. അവസാനം ദേ അഭിലാഷത്തിൽ എത്തി  എത്തി നിൽക്കുന്നു. റെക്സ് വിജയൻറെ പാട്ടുകൾ ആദ്യം മുതലേ കേൾക്കുമായിരുന്നു . ഗോവിന്ദ് വസന്ത, സുഷിൻ ശ്യാം തുടങ്ങിയവരുടെ വർക്കുകളും ഇഷ്ടമാണ്. സുഷിൻ ശ്യാമിന്‍റെ ഭീഷ്മ പർവത്തിലെ ട്രാക്കും കുമ്പളങ്ങിയിലെ ട്രാക്കും ഒരുപാട് ഇൻസ്പെയർ ചെയ്തു . റെക്സ് വിജയൻ ചെയ്ത തമാശയിലെ പാട്ടുകളും സുഡാനി ഫ്രം നൈജീരിയയിലെ പാട്ടുകളും നല്ലതുപോലെ വർക്കായി.

അടിച്ചുപൊളി പാട്ടുകൾ ചെയ്യണം 

എല്ലാ തരം പാട്ടുകളും ചെയ്തു നോക്കണം എന്നുണ്ട്. ചെയ്യുന്നത് മെലഡി ആയതുകൊണ്ട് അങ്ങനെ സംഭവിച്ചു പോയതാണ്. എല്ലാകാലവും ഒരേ തരം പാട്ടുകൾ തന്നെ ചെയ്യുന്നതിനോട് താല്പര്യം ഇല്ല.

പുതിയ പ്രൊജക്ടുകൾ 

ഒരു സിനിമ തുടങ്ങാൻ ഉണ്ട്. അനൗൺസ് ചെയ്തിട്ടില്ല. പിന്നെ ഇൻഡിവിജ്വല്‍ ട്രാക്കുകളും ആഡ് ഫിലിമുകളും ചെയ്യണം.

ENGLISH SUMMARY:

Sreehari K Nair the music director behind viral hit songs from abhilasham movie speaks to Manorama News