കെ–പോപ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് ബിടിഎസ് താരങ്ങള്‍ തിരിച്ചെത്തി. 7 പേരടങ്ങുന്ന ബിടിഎസ് ബാന്‍ഡില്‍ ഇനി തിരിച്ചെത്താനുളളത് സുഗ മാത്രമാണ്. ദക്ഷിണ കൊറിയയിലെ നിയമപ്രകാരമുളള നിര്‍ബന്ധിത സൈനിക സേവനത്തിന് ശേഷമാണ് താരങ്ങള്‍ തിരിച്ചെത്തിയത്. കഴിഞ്ഞ ദിവസം ബിടിഎസ് താരങ്ങളായ ആർഎമ്മും വിയും സൈനിക സേവനത്തിന് ശേഷം തിരിച്ചെത്തിയിരുന്നു. ഇന്ന് മറ്റു രണ്ട് അംഗങ്ങളായ ജിമിനും ജംഗൂക്കുമാണ് തിരിച്ചെത്തിയിരിക്കുന്നത്. ഇരുവര്‍ക്കും വലിയ സ്വീകരണമാണ് ആരാധകര്‍ ഒരുക്കിയിരുന്നത്. 6 ബിടിഎസ് താരങ്ങളുടെയും തിരിച്ചുവരവ് ആഘോഷമാക്കുകാണ് ലോകമെമ്പാടുമുളള ബിടിഎസ് ആരാധകര്‍. അധികം വൈകാതെ തന്നെ ബിടിഎസിന്‍റെ പര്‍പ്പിള്‍ മാജിക് കാണാമെന്നും ആരാധകര്‍ പറയുന്നു. അതേസമയം സൈബര്‍ വാളുകള്‍ കീഴടക്കുകയാണ് താരങ്ങളുടെ തിരിച്ചുവരവിന്‍റെ ചിത്രങ്ങളും വിഡിയോകളും.
നഗരവീഥികള്‍ നിറയെ തടിച്ചുകൂടിയ ആരാധകര്‍ക്കിടയിലേക്ക് സൈനിക യൂണിഫോമിലാണ് ജിമിനും ജംഗൂക്കും വന്നിറങ്ങിയത്. ആരാധകരെ സല്യൂട്ട് ചെയ്ത് അഭിവാദ്യം ചെയ്ത താരങ്ങള്‍ അല്‍പം നാണത്തോടെയും ചമ്മലോടെയുമാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. നാളുകള്‍ക്ക് ശേഷം വീണ്ടും കാമറയ്ക്ക് മുന്നിലെത്തിയതിന്‍റെ ചമ്മല്‍ തങ്ങള്‍ക്കുണ്ടെന്ന് ഇരുവരും തുറന്നുപറയുന്നു. ആരാധകര്‍ നല്‍കിയ പൂക്കളും മറ്റും കൊണ്ട് മുഖം മറച്ച് ചമ്മല്‍ അകറ്റുന്ന ജിമിന്‍റെയും ജംഗൂക്കിന്‍റെയും ചിത്രങ്ങള്‍ വൈറലാണ്. നാളുകള്‍ക്ക് ശേഷമാണ് ഞാന്‍ കാമറയ്ക്ക് മുന്നില്‍ മേക്കപ്പ് പോലുമില്ലാതെ വരുന്നത്. സത്യത്തില്‍ എന്തുപറയണമെന്ന് എനിക്ക് അറിയില്ല എന്നായിരുന്നു ചിരിച്ചുകൊണ്ടുളള ജംഗൂക്കിന്‍റെ പ്രതികരണം. അതേസമയം നിങ്ങള്‍ കുറച്ച് നാളൊന്ന് കാത്തിരുന്നാള്‍ അതിശയിപ്പിക്കുന്ന ഒരു പെര്‍ഫോമെന്‍സുമായി ഞങ്ങളെത്തുമെന്നായിരുന്നു കഴിഞ്ഞ ദിവസം തിരിച്ചെത്തിയ വിയുടെ പ്രതികരണം.
ഇനി സുഗയുടെ വരവിനായുളള കാത്തിരിപ്പാണ്. അധികം വൈകാതെ സുഗ കൂടി എത്തുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 7 പേരും ഒത്തുചേര്‍ന്നാല്‍ മാത്രമേ ബിടിഎസ് ബാന്‍ഡ് പൂര്‍ണമാകുകയുളളു. ലോകമെമ്പാടും ആരാധകരുളള മ്യൂസിക് ബാന്‍ഡാണ് ബിടിഎസ്. ജംഗൂക്ക്, വി, ജിമിന്‍, സുഗ, ജിന്‍, ജെ-ഹോപ്പ്, ആര്‍എം എന്നിങ്ങനെ ഏഴ് പേരാണ് ബിടിഎസ് എന്ന പേരില്‍ ലോകത്തിന്‍റെ ഹൃദയം കീഴടക്കിക്കൊണ്ടിരിക്കുന്നത്.