vedan-viral-usa

റാപ്പർ വേടന്റെ പാട്ടിന് ചുവടുവച്ച് വിദേശികൾ. ആന്റണി വർഗീസ് പെപ്പെയുടെ ‘കൊണ്ടൽ’ എന്ന സിനിയിലെ ‘കടലമ്മ’ എന്ന് തുടങ്ങുന്ന ഗാനത്തിന് വിദേശികൾ ചുവടുവയ്ക്കുന്ന വിഡിയോ വലിയ ജനശ്രദ്ധയാണ് നേടുന്നത്. വേടന്‍ വരികൾ രചിച്ച ഗാനത്തിനു സാം.സി.എസ് ആണ് സംഗീതം നൽകിയിരിക്കുന്നത്. വേടൻ, സാം.സി.എസ് എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലക്ഷ്മി നായര്‍ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലിലാണ് വിഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടത്. 'അങ്ങനെ വേടന്റെ റാപ് സോങ്ങ് ഞാന്‍ അമേരിക്കയിലും എത്തിച്ചു. എന്റെ മകന്റെ ഷിക്കാഗോ വെഡ്ഡിങ് റിസപ്ഷനിലാണ് ഈ പാട്ടിനൊപ്പം അമേരിക്കക്കാര്‍ ചുവടുവെച്ചത്. മലയാളത്തിന്റെ ടുപാക് ഷാക്കൂര്‍- വേടന്റെ താളത്തിന് ചുവടുവെക്കുന്നു', എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെച്ചത്.

ഇത് മലയാളം റാപ്പ് ആണെന്നും എന്റെ ഭാഷയിലുള്ള റാപ്പ് സംഗീതമാണെന്നും ചിത്രീകരിക്കുന്ന ആള്‍ നൃത്തംചെയ്യുവരോട് പറയുന്നതായി വീഡിയോയില്‍ കേള്‍ക്കാം. പാട്ട് ഇഷ്ടമായെന്ന് പലരും മറുപടി പറയുന്നതായും വീഡിയോയിലുണ്ട്. കുട്ടികളടക്കമുള്ളവരാണ് പാട്ടിന് ചുവടുവെക്കുന്നത്.

യൂട്യൂബിൽ രണ്ട് കോടിയിലധികം ആളുകൾ കണ്ട പാട്ടാണ് ഇപ്പോൾ വിദേശത്തും ശ്രദ്ധ നേടുന്നത്. മലയാളം പാട്ട് വിദേശത്തും ആഘോഷിക്കപ്പെടുന്നതിന്റെ സന്തോഷമാണ് കമന്റ് ബോക്സ് നിറയെ. 

ENGLISH SUMMARY:

A video of foreigners dancing to rapper Vedan's song is gaining significant public attention. The video shows foreigners grooving to "Kadalamma," a song from Antony Varghese Pepe's film 'Kondal.' Vedan penned the lyrics, while Sam C.S. composed the music. The song was sung by Vedan and Sam C.S.