വിവാദങ്ങൾക്കിടെ റാപ്പർ വേടൻ സിനിമയിൽ പാടുന്നു. അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ടയിലാണ് വേടൻ പാടുന്നത്. കഴിഞ്ഞ ദിവസം റെക്കോഡിങ് പൂർത്തിയാക്കിയെന്ന സംവിധായകന്‍റെ ഇന്‍സ്റ്റ പോസ്റ്റാണ് വേടൻ പാടുന്നത് ഉറപ്പിച്ചത്. ജേക്സ് ബിജോയിയാണ് ഗാനം ഒരുക്കിയത്. മെയ് 23 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
നേരത്തെ റെക്കോർഡ് ചെയ്യാൻ തീരുമാനിച്ച ഗാനം അറസ്റ്റിനെയും മറ്റു വിവാദങ്ങളെയും തുടർന്ന് മാറ്റിയിരുന്നു. വിവാദങ്ങൾക്ക് ശേഷം വേടൻ വേദിയിൽ എത്തിയപ്പോൾ വലിയ സ്വീകാര്യത ആണ് ആരാധകര്‍ നൽകിയത്. ഇനിയും പാടുമെന്നും ഈ സമയവും കടന്നുപോകുമെന്നും വേടൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. തന്‍റെ പാട്ടുകൾ ജാതി ഭീകരത പ്രചരിപ്പിക്കുന്നതാണെന്ന ആർ.എസ്.എസ് നേതാവിന്‍റെ പരാമർശത്തിൽ മറുപടിയായാണ് വേടൻ ഇത് വ്യക്തമാക്കിയത്. ഫ്ലാറ്റിൽ നിന്ന് ലഹരി കണ്ടെടുത്ത കേസിലും പുലിപ്പല്ല് കൈവശം വച്ച കേസിലും വിമർശനങ്ങൾ ശക്തമായിരുന്ന സമയത്താണ് വേടൻ 'മോണലോവ'പുറത്തിറക്കിയത്. ഇപ്പോള്‍ സിനിമയിലും.
ഇഷ്ക് എന്ന ചിത്രത്തിലൂടെ പ്രേക്ഷകർ ശ്രദ്ധിച്ച സംവിധായകൻ അനുരാജ് മനോഹരിന്റെ രണ്ടാമത്തെ ചിത്രമാണ് നരിവേട്ട. 'മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. ടോവിനോയുടെ കരിയറിലെ മികച്ച ചിത്രമാകും ഇതെന്നും ആരാധകര്‍ പറയുന്നു. സുരാജ് വെഞ്ഞാറമൂടും പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ചേരനും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.