സമൂഹമാധ്യമത്തില്‍ അമ്മയ്ക്കെതിരെ അശ്ലീല കമന്‍റിട്ടവര്‍ക്കെതിരെ പരാതി നല്‍കി സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍. ചിങ്ങം ഒന്നിന് ഫെയ്സ്ബുക്കിലിട്ട തന്‍റെ ചിത്രത്തിന് താഴെ വന്ന കമന്‍റുകളാണ് ഗോപി സുന്ദറിനെ നിയമനടപടിക്ക് പ്രേരിപ്പിച്ചത്. ചിത്രത്തിനടിയില്‍ ഗോപിസുന്ദറിനും അമ്മയ്ക്കുമെതിരെ മോശമായ ഭാഷയില്‍ ചിലര്‍ കമന്‍റുകള്‍ പോസ്റ്റ് ചെയ്തു . ഇതേ തുടര്‍ന്നാണ് സൈബര്‍ പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ പകര്‍പ്പിനൊപ്പം തന്‍റെ ചിത്രത്തിനു താഴെ അശ്ലീല കമന്‍റിട്ടവരുടെ പേരും അവര്‍ പോസ്റ്റ് ചെയ്ത കമന്‍റുമുള്‍പ്പെടുന്ന സ്ക്രീന്‍ഷോട്ടും ഗോപി സുന്ദര്‍ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചു. ഇനി നമുക്ക് സപ്താഹം വായിക്കാം എന്ന അടിക്കുറിപ്പോടെയാണ് ഗോപി പരാതിയുടെ പകര്‍പ്പ് സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്.
പരാതി നല്‍കിയ ശേഷവും തനിക്കും കുടുംബത്തിനുമെതിരെ സൈബര്‍ ആക്രമണം തുടരുകയാണെന്ന് മറ്റൊരു പോസ്റ്റിലൂടെ ഗോപിസുന്ദര്‍ പറഞ്ഞു. ആശയവിനിമയത്തിനുള്ള എറ്റവും നല്ല ഉപകരണമായിട്ടും സമൂഹമാധ്യമങ്ങളെ ചില സമൂഹ്യവിരുദ്ധര്‍ വിഷലിപ്തമാക്കി. തനിക്കും തന്‍റെ കുടുംബത്തിനുമെതിരെ അരോചകവും നിയമവിരുദ്ധവുമായ കണ്ടന്റ്, പോസ്റ്റ് എന്നിവയുമായി രംഗത്തെത്തുന്നവരെ നിയമപരമായി നേരിടും എന്ന മുന്നറിയിപ്പ് നല്‍കുന്ന കുറിപ്പാണ് ഗോപി സുന്ദര്‍ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.
ഗോപി സുന്ദര്‍ പങ്കുവച്ച കുറിപ്പിന്‍റെ പൂര്‍ണരൂപം:
സ്വകാര്യതയിലേക്കുള്ള ഏതൊരു കടന്നുകയറ്റവും സ്വാഗതാർഹമല്ല!
പ്രിയ സുഹൃത്തുക്കളെ, ആശയവിനിമയത്തിനുള്ള ഫലപ്രദമായ ഉപകരണമായി സോഷ്യൽ മീഡിയ കാലക്രമേണ നമ്മളെ കൂടുതൽ അടുപ്പിച്ചു. എന്നാൽ, ചില സാമൂഹിക വിരുദ്ധർ ഇതിനെ വിഷലിപ്തമാക്കി. എനിക്കെതിരെ മാത്രമല്ല, ഈ പ്ലാറ്റ്‌ഫോം പോലും ഉപയോഗിക്കാത്ത എൻ്റെ നിരപരാധിയായ അമ്മയ്‌ക്കെതിരെ ഒരു വ്യക്തി അടുത്തിടെ നടത്തിയ അശ്ലീല പരാമർശങ്ങൾ നിങ്ങൾ അറിഞ്ഞിരിക്കാം. ആത്മനിയന്ത്രണം ഒഴിവാക്കി നടപടിയിലേക്ക് മാറാൻ ഞാൻ നിർബന്ധിതനായി ഉചിതമായ നിയമ നടപടികൾക്കൊപ്പം എഫ്ഐആർ ഉം രജിസ്റ്റർ ചെയ്തു. അരോചകവും നിയമവിരുദ്ധവുമായ കണ്ടന്റ്, പോസ്റ്റ് എന്നിവയ്ക്കെതിരെ ഇനിമേൽ ഉചിതമായ നടപടി സ്വീകരിക്കും എന്ന് മേല്‍ പറഞ്ഞപോലുള്ള ആളുകളെയും കണ്ടന്റ് ക്രിയേറ്റഴ്‌സിനേയും ഇതിനാൽ അറിയിക്കുന്നു. നിയമപ്രകാരം ശിക്ഷാർഹമായ ചില കുറ്റകൃത്യങ്ങളുടെ ഒരു ലിസ്റ്റ് താഴെ ചേർത്തിട്ടുണ്ട്. ഭാവിയിൽ ഇത്തരമൊരു സാഹചര്യം നേരിട്ടേക്കാവുന്ന നമ്മുടെ സുഹൃത്തുക്കൾക്കും ഇത് പ്രയോജനപ്പെട്ടേക്കാം.
ഭാരതീയ ന്യായ് സൻഹിത 2023: സെ.356: അപകീർത്തിപ്പെടുത്തൽ ഇൻഫർമേഷൻ ടെക്നോളജി (ഭേദഗതി) നിയമം 2008: സെ.67 ഇലക്ട്രോണിക് രൂപത്തിൽ അശ്ലീല വസ്തുക്കൾ പ്രസിദ്ധീകരിക്കുകയോ കൈമാറുകയോ ചെയ്യുന്നത് നിയമപ്രകാരം ശിക്ഷാർഹമാണ്. കേരള പോലീസ് ആക്‌ട് 2011: S.120(o) ഏതെങ്കിലും തരത്തിലുള്ള ആശയവിനിമയത്തിലൂടെ, ആവർത്തിച്ചുള്ളതോ അനഭിലഷണീയമോ അജ്ഞാതമോ ആയ കോൾ, കത്ത്, എഴുത്ത്, സന്ദേശം, ഇ-മെയിൽ അല്ലെങ്കിൽ ഒരു ദൂതൻ മുഖേന ഏതെങ്കിലും വ്യക്തിക്ക് സ്വയം ശല്യം ഉണ്ടാക്കുന്നു. മുകളിലുള്ള പട്ടിക സൂചകമാണ്, സമഗ്രമല്ല. എല്ലാവരുടെയും അന്തസ്സിനും സ്വകാര്യതയ്ക്കും ഉള്ള അവകാശത്തെ മാനിച്ചുകൊണ്ട് സോഷ്യൽ മീഡിയ നമുക്ക് നന്നായി ഉപയോഗിക്കാം.