ബോളിവുഡിലെ സൗമ്യശീലനായ സംവിധായകനെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് സൂരജ് ബർജാത്യ. എന്നാല്‍ തനിക്ക് ദേഷ്യം വന്ന സന്ദര്‍ഭത്തെ കുറിച്ച് തുറന്നുപറയുകയാണ് സൂരജ് ബർജാത്യ. 2003ൽ പുറത്തിറങ്ങിയ മെയിൻ പ്രേം കി ദീവാനി ഹൂൺ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നിയന്ത്രണം വിട്ട് അഭിഷേക് ബച്ചനും കരീന കപൂറിനും നേരെ മൈക്ക് എറിഞ്ഞെന്ന് അദ്ദേഹം പറയുന്നു.
അഭിഷേകും കരീനയും വളരെ നല്ല വ്യക്തികളാണെന്നും തനിക്ക് അവരോട് വലിയ സ്നേഹമാണെന്നും സൂരജ് പറഞ്ഞു. എന്നാൽ സെറ്റിൽ ഇരുവരും ഒരുമിക്കുമ്പോൾ വലിയ വികൃതികളായിരുന്നു. അവർ ഒന്നിച്ചാൽ തനിക്ക് ഒരു റിഹേഴ്സൽ പോലും നടത്താൻ കഴിയാത്ത അവസ്ഥയായിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. അഭിഷേക് ബച്ചന്‍ വലിയൊരു തമാശക്കാരനാണെന്നും തന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.
ഇരുവരും തുടർച്ചയായി തമാശകളും തര്‍ക്കുത്തരങ്ങളുമൊക്കെയായി കളിച്ചുകൊണ്ടിരുന്ന സമയമായിരുന്നു അത്. അതിനിടയില്‍ താന്‍ പറയുന്ന കാര്യങ്ങളില്‍ പലതും ഇരുവരും കേട്ടില്ലെന്നും അങ്ങനെ ക്ഷമ നശിച്ച താന്‍ മൈക്ക് എറിയുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടക്കുന്നതിന്‍റെ തലേന്ന് തനിക്ക് കൃത്യമായ ഉറക്കം ലഭിച്ചില്ലെന്നും ഷൂട്ടിങ്ങിന് സമയപരിമിധി ഉണ്ടായിരുന്നെന്നും അതെല്ലാം കൊണ്ടുള്ള സമ്മര്‍ദം കൊണ്ടാണ് താന്‍ അങ്ങനെ ചെയ്തതെന്നും സൂരജ് ബർജാത്യ വ്യക്തമാക്കി.
റിലീസ് സമയത്ത് ബോക്സ്ഓഫസില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ മെയിൻ പ്രേം കി ദീവാനി ഹൂണിനായില്ല. എന്നാല്‍ പിന്‍കാലത്ത് ചിത്രത്തിലെ പല രംഗങ്ങളും സംഭാഷണങ്ങളും സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ട്രോളുകളും മീമുകളുമായി മാറി. പുതിയ തലമുറയിലെ പ്രേക്ഷകർ ഈ സിനിമ കണ്ടെത്തി ആസ്വദിക്കുന്നതിൽ തനിക്ക് അതിയായ സന്തോഷമുണ്ടെന്നും സൂരജ് പറഞ്ഞു.