• മമ്മൂട്ടിയെ ഏതെങ്കിലും വിഭാഗത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ മാത്രം സ്വന്തമാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബറാക്രമണത്ത പറ്റി അദ്ദേഹത്തോട് സംസാരിച്ചിരുന്നതായി രമേഷ് പിഷാരടി. വയനാട് സംഭവം നടക്കുമ്പോൾ താൻ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നെന്നും മനുഷ്യനെന്ന നിലയിൽ സൈബറാക്രമണം അദ്ദേഹത്തെ ബാധിക്കുന്നുണ്ടാകുമെന്നും രമേഷ് പിഷാരടി പറഞ്ഞു. മമ്മൂട്ടിയെ പോലൊരാള്‍ പ്രധാനമന്ത്രിയുടെ വീട്ടില്‍ പോയതില്‍ പ്രശ്നമൊന്നുമില്ലെന്നും മമ്മൂക്കയെ ചിലർ സ്വന്തമാക്കാൻ ശ്രമിക്കുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും രമേഷ് പിഷാരടി വ്യക്തമാക്കി.  മനോരമ ന്യൂസ് നേരെ ചൊവ്വേയിലായിരുന്നു രമേഷ് പിഷാരടിയുടെ വാക്കുകൾ. 

'തിരഞ്ഞെടുപ്പ് സമയത്ത് മമ്മൂട്ടി ചെയ്യുന്ന കാര്യങ്ങളെല്ലാം പിആർ വർക്കാണെന്ന് പ്രചാരണം വന്നു. പെരുമ്പളം പാലത്തിന്റെ ഉദ്ഘാടനത്തിന് ഒരു വോയിസ് കൊടുത്തു. ഇത് പിആർ ആണെന്ന പ്രചാരണമുണ്ടായി. സത്യസന്ധമായി ചെയ്യുന്ന കാര്യങ്ങളെയും അങ്ങനെയാണ് പറയുന്നത്. അങ്ങനെയിരിക്കെയാണ് വയനാട് ടൗൺഷിപ്പ് കാണാൻ പോകണമെന്ന ആഗ്രഹം പറഞ്ഞത്. അതൊരു രാഷ്ട്രീയ പരിപാടിയായി വ്യാഖ്യാനിക്കരുതെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു', രമേഷ് പിഷാരടി പറഞ്ഞു. 

വയനാട് സംഭവം നടക്കുമ്പോൾ താ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചിലപ്പോൾ സ്ഥാനാർഥിയേക്കുമെന്ന സൂചന അന്തരീക്ഷത്തിലുണ്ട്. അതുകൊണ്ട് മമ്മൂട്ടി തന്നോട് കാറിൽ ഇരിക്കാനാണ് പറഞ്ഞതെന്നും രമേഷ് പിഷാരടി വ്യക്തമാക്കി. 

'വയനാട് ടൗൺഷിപ്പ് കാണാൻ പോകണമെന്ന് പറഞ്ഞു. ഒരു പാർട്ടിയുടെയും പരിപാടിയായല്ല വേണ്ടതെന്ന് അദ്ദേഹം തീരുമാനിച്ചിരുന്നു. സ്ഥലത്തെ രാഷ്ട്രീയക്കാരെ കൂട്ടിയല്ല പോയത്. രാഷ്ട്രീയ പരിപാടിയായി വ്യാഖ്യാനിക്കരുതെന്ന് ആ​ഗ്രഹിച്ചിരുന്നു. രണ്ടു മണിക്ക് ചെന്നൈയിൽ നിന്നിറങ്ങി. നാലോടെ എയർപോർട്ടിലെത്തി. കോഴിക്കോട്ടിറങ്ങി റോഡു വഴിയാണ് വയനാട് ടൗൺഷിപ്പിലേക്ക് വന്നത്. ടൗൺഷിപ്പിലൂടെ നടക്കുമ്പോൾ കുറച്ചു നേരം കൂടെ നിന്നപ്പോൾ‌ അദ്ദേഹത്തോട് (റഫീഖ്) വളരെ പേഴ്സണലായി പറഞ്ഞ കാര്യമാണ്.  'നിങ്ങൾക്ക് വേണ്ടി വന്നതാണെന്ന് വിചാരിക്കില്ലേ...' പിആർ ആണെന്ന് വിചാരിക്കുമെന്ന കരുതി പറഞ്ഞതാണ്. ആ സംഭവം അവിടെ വച്ചു തന്നെ സംസാരിച്ചു തീർത്തതാണ്', എന്നാണ് രമേഷ് പിഷാരടിയുടെ വാക്കുകൾ.  

ഇക്കാര്യം പിണറായി വിജയന് അറിയാമായിരുന്നുവെന്നും രമേഷ് പിഷാരടി പറഞ്ഞു. 'സഖാവ് ഒരു കാര്യത്തിലും ആരോടെങ്കിലും മാപ്പു പറഞ്ഞതായി ഞാൻ കേട്ടിട്ടില്ല. ഇക്കാര്യം പിണറായി സഖാവിന് അറിയാമായിരുന്നു. മാപ്പു പറഞ്ഞത് അതുകൊണ്ടാണ്' എന്നും പിഷാരടി പറഞ്ഞു. മൃദുലമായ മനസുള്ള ആളെന്ന നിലയിൽ മമ്മൂക്കയെ സൈബറാക്രമണം ബാധിക്കുന്നുണ്ടാകും. പക്ഷേ ബാധിച്ചിരിക്കാൻ അദ്ദേഹത്തിന് സമയമില്ല, അദ്ദേഹം അതെല്ലാം മറന്ന് മുന്നോട്ട് പോവുകയാണെന്നും പിഷാരടി പറഞ്ഞു. 

മമ്മൂട്ടിയെ സംഘപരിവാറിന്റെ ആളാക്കാൻ നടക്കുന്ന പ്രചാരണങ്ങളെ പറ്റിയും രമേഷ് പിഷാരടി സംസാരിച്ചു. മമ്മൂട്ടിയെ സ്വന്തമാക്കാൻ ശ്രമിക്കുന്നതിന്റെ പ്രശ്നങ്ങളാണിതെന്നാണ് അദ്ദേഹത്തിന്റെ വാക്കുകൾ. 'മമ്മൂട്ടിയെ പോലൊരാള്‍ ഇന്ത്യൻ പ്രധാനമന്ത്രിയുടെ വീട്ടിൽ പോയതും പട്ടേൽ പ്രതിമ സന്ദർശിച്ചതിലും പ്രശ്നമാക്കേണ്ട കാര്യമില്ല. ഗോപാലകൃഷ്ണന്‍ വീട്ടിൽ വന്നു വിവാഹം ക്ഷണിച്ചതാണ്. സുരേന്ദ്രേട്ടന്റെ മകന്റെ വിവാഹത്തിനും പോയിരുന്നു. രാഷ്ട്രീയക്കാരുടെ മക്കളുടെ വിവാഹത്തിലൊക്കെ പങ്കെടുക്കുന്നത് സ്വാഭാവിക കാര്യമാണ്'. 

'മമ്മൂക്ക ഇസ്‍ലാം മത വിശ്വാസിയാണ്. അവരുടെ മാത്രം സ്വന്തമല്ല. കമ്മ്യൂണിസ്റ്റാണ്, പക്ഷേ കമ്മ്യൂണിസ്റ്റുകാരുടെ മാത്രം സ്വന്തമല്ല, മലയാളിയാണ് പക്ഷേ, മലയാളികളുടെ മാത്രം സ്വന്തമല്ല. പക്ഷേ മമ്മൂട്ടിയെ സ്വന്തമാക്കാൻ ശ്രമിക്കുകയാണ്. നമ്മുടെ സ്വന്തമാണെങ്കിൽ വേറെ എവിടെയും പോകാൻ പാടില്ലെന്നാണ്. കാലം ഉണ്ടാക്കിയ കുഴപ്പമാണിത്' എന്നും രമേഷ് പിഷാരടി പറഞ്ഞു.

ENGLISH SUMMARY:

Ramesh Pisharody revealed on Manorama News's Nere Chovve that he had spoken with Mammootty about the cyberbullying targeting the actor, noting that he was with him during the Wayanad incident and that such attacks would naturally affect him as a human being. Pisharody explained that Mammootty wanted his visit to the Wayanad township to remain non-political without local politicians accompanying him, even sharing personal concerns about people viewing it as PR work. He added that Pinarayi Vijayan knew the real context behind the episode, which explained why the Chief Minister apologized, while noting that a soft-hearted Mammootty moves past negativity rather than dwelling on it. Pisharody also dismissed attempts to brand Mammootty along political or religious lines, saying people try to claim him exclusively despite his visits to leaders and weddings across political spectrums.