സോഷ്യല്‍മീഡിയയില്‍ ഉയരുന്ന സൈബര്‍ അധിക്ഷേപങ്ങള്‍ക്കും നെഗറ്റീവ് കമന്റുകള്‍ക്കുമെതിരെ ഇന്‍ഫ്ലുവന്‍സര്‍ ദിയ കൃഷ്ണ. സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ തെറ്റായ മേല്‍വിലാസം ഉപയോഗിച്ച് കമന്റിടുകയും മറ്റുള്ളവരെ കുറ്റപ്പെടുത്തുകയും ചെയ്യുന്നവര്‍ക്ക് നേരില്‍ കണ്ടാല്‍ ഇതൊന്നും പറയാനുള്ള നട്ടെല്ലില്ലെന്ന് ദിയ പറഞ്ഞു.
സ്കൂള്‍ കാലം മുതല്‍ അടുപ്പമുണ്ടായിരുന്നവര്‍ ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോള്‍ ഒപ്പം നില്‍ക്കാതെ മറുവശത്ത് നിന്നത് വേദനിപ്പിക്കുന്ന സത്യമാണ്. ഒരു പ്രശ്നമുണ്ടാകുമ്പോഴാണ് ആളുകളുടെ യഥാര്‍ഥ സ്വഭാവം മനസിലാക്കുന്നതെന്നും ഓരോ ആളുകള്‍ക്കും ഓരോ അഭിപ്രായമായിരിക്കുമെന്നും അവ ബഹുമാനിക്കാന്‍ പഠിക്കണമെന്നും എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യം നല്‍കണമെന്നും ദിയ തന്റെ വിഡിയോയിലൂടെ വെളിപ്പെടുത്തി.
സോഷ്യല്‍മീഡിയയില്‍ നമ്മൾ കാണുന്ന ഓരോ മനുഷ്യരും കടന്നുപോകുന്ന മാനസിക സംഘർഷങ്ങളോ പ്രയാസങ്ങളോ നമുക്കറിയില്ല, ചിലർക്ക് തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ടാകാം, ചിലർക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടിട്ടുണ്ടാകാം, ചിലർക്ക് വിശപ്പുണ്ടാകാം. അതുകൊണ്ട് മറ്റുള്ളവരോട് കഴിയുന്നത്ര ദയ കാണിക്കുക. നല്ലൊരു വാക്ക് പറയാൻ കഴിയില്ലെങ്കില്‍ പോലും അനാവശ്യമായി ഒന്നും പറയാതിരിക്കുക. ഇൻസ്റ്റാഗ്രാമിലോ മറ്റ് മാധ്യമങ്ങളിലോ കാണുന്ന പോസ്റ്റുകൾക്ക് താഴെ അനാവശ്യ കമന്റുകൾ ഇടാതിരിക്കുക. ഒരാളുടെ അഭിപ്രായം നമ്മളെ നേരിട്ട് ബാധിക്കുന്നില്ലെങ്കിൽ അത് വലിച്ചിഴയ്ക്കേണ്ടതില്ല. അതിരുവിട്ട അധിക്ഷേപങ്ങൾ ഉണ്ടായാൽ പോലും, അനാവശ്യ തർക്കങ്ങൾക്ക് പോകാതെ ബ്ലോക്ക് ചെയ്ത് മുന്നോട്ട് പോകുന്നതാണ് നല്ലത്. മറ്റുള്ളവർക്ക് വേദനയുണ്ടാക്കുന്ന പ്രവൃത്തികൾ ചെയ്യുന്നതിന് മുൻപ്, ആ സ്ഥാനത്ത് നമ്മളായിരുന്നെങ്കിൽ എങ്ങനെ നേരിടുമായിരുന്നു എന്ന് ചിന്തിക്കുന്നത് നന്നായിരിക്കുമെന്നും ദിയ ഓര്‍മിപ്പിച്ചു.
മറ്റുള്ളവരുടെ ജീവിതത്തില്‍ ഇടപെടാതെ, സ്വന്തം ജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലതെന്നും എല്ലാം എല്ലാവരോടും പറഞ്ഞു മനസിലാക്കേണ്ട കാര്യമില്ലെന്നും നിശബ്ദതയ്ക്ക് വലിയൊരു ശക്തിയുണ്ട്. പല ഘട്ടങ്ങളിലും പ്രതികരിക്കാതെ മിണ്ടാതിരിക്കുന്നതായിരുന്നു നല്ലതെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്നവരുടെ നിലവാരത്തിലേക്ക് ഇറങ്ങി ചെയ്യുന്നത് ഗുണം ചെയ്യില്ലെന്നും പറഞ്ഞ ദിയ ജീവിതത്തെ കുറിച്ച് അച്ഛന് പറഞ്ഞു കൊടുത്തിട്ടുള്ള കാര്യങ്ങളും യുട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു.
ഉത്സവത്തിന് അണിഞ്ഞൊരുങ്ങി നടക്കുന്ന ആനയെ നോക്കി വഴിയരികിലെ നായ്ക്കൾ കുരച്ചുകൊണ്ടേയിരിക്കും. ആന എല്ലാ നായ്ക്കൾക്കും മറുപടി പറയാൻ നിന്നാൽ അതൊരു തോൽവിയായി മാറും. കുരയ്ക്കുന്നവർ കുരയ്ക്കട്ടെ; നമ്മൾ നമ്മുടെ യാത്ര തുടരുക, ആഘോഷിക്കേണ്ട ഇടങ്ങളിൽ സന്തോഷത്തോടെ പങ്കെടുക്കുക, ലക്ഷ്യസ്ഥാനത്തേക്ക് മുന്നോട്ട് പോവുക. എന്നാണ് അച്ഛന് എപ്പോഴും പറയാറുള്ളതെന്നും അതു തന്നെയാണ് തന്റെ നിലപാടെന്നും ദിയ വെളിപ്പെടുത്തി. താരം പറഞ്ഞ കാര്യങ്ങള്‍ വളരെ ശരിയാണെന്നും ആളുകളുടെ ജീവിതത്തിലേക്ക് അനാവശ്യമായി ഇടപെടേണ്ട കാര്യമില്ലെന്നും ആളുകളും അഭിപ്രായപ്പെട്ടു.