തനിക്ക് എഡിഎച്ച്ഡി അഥവാ അറ്റെന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി സിന്‍ഡ്രോം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി പാർവതി തിരുവോത്ത്. അവതാരകയും യൂട്യൂബറുമായ രഞ്ജിനി ഹരിദാസിന്റെ ചാനലിന് നൽകിയ അഭിമുഖത്തിലാണ് പാർവതി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ അതിനെ പെരുപ്പിച്ചു കാണിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും പാര്‍വ്വതി കൂട്ടിച്ചേർത്തു. നേരത്തെ നടൻ ഫഹദ് ഫാസിലും ഷൈന്‍ടോം ചാക്കോയും ബോളിവുഡ് താരം ആലിയ ഭട്ടും തങ്ങള്‍ക്ക് എഡിഎച്ച്ഡി ഉണ്ടെന്ന് തുറന്ന് പറഞ്ഞിരുന്നു. പാര്‍വ്വതിയുടെ തുറന്നുപറച്ചില്‍ ഒരിക്കല്‍കൂടി എഡിഎച്ച്ഡിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിരിക്കുകയാണ്.
യാത്രകളും ജോലിത്തിരക്കുകളും എങ്ങനെയാണ് ഒരേസമയം കൈകാര്യം ചെയ്യുന്നതെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. മുന്‍പത്തേതില്‍ നിന്നും വ്യത്യസ്തമായി ഇപ്പോൾ ഒന്നിലധികം പ്രോജക്റ്റുകൾ ഒരേസമയം കൈകാര്യം ചെയ്യുന്നുണ്ടെന്നും മുൻപൊരിക്കലുമില്ലാത്ത വിധം കഠിനാധ്വാനം ചെയ്യാൻ താന്‍ തീരുമാനിച്ചതായും പാർവതി പറഞ്ഞു. ‘എന്തായാലും മരിക്കും. പിന്നെ എന്തുകൊണ്ട് പരീക്ഷണങ്ങളില്‍ ഏര്‍പ്പെട്ടുകൂടാ? ഒരുപക്ഷെ പരാജയപ്പെട്ടേക്കാം. പക്ഷെ മനോഹരമായി പരാജയപ്പെടൂ. അതിനും അവകാശമുണ്ട്. ചിലപ്പോൾ നിങ്ങൾ തകർന്നുപോയേക്കാം, അല്ലെങ്കില്‍ അത് നിങ്ങളെ മറ്റൊരു രീതിയിൽ പുനർനിർമ്മിക്കും.'– പാര്‍വതി പറയുന്നു.
‘എനിക്ക് എഡിഎച്ച്ഡി ഉണ്ട്, പക്ഷേ അതിനെ വലിയൊരു കാര്യമായി കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം സമയം ഇലാസ്റ്റിക് പോലെയാണ്. എനിക്ക് വേണമെങ്കിൽ സമയം വലിച്ചുനീട്ടാൻ കഴിയും. അതിനർഥം വിശ്രമം ഇല്ലെന്നല്ല. എനിക്ക് വിശ്രമത്തിന് ആവശ്യമായ സമയം എപ്പോളാണെങ്കിലും ഞാൻ കണ്ടെത്തും’– പാർവതി പറഞ്ഞു.
ജീവിതത്തോടുള്ള സമീപനത്തിലും മാറ്റം വന്നിട്ടുണ്ടെന്ന് താരം പറഞ്ഞു. മുൻപ് കൃത്യമായ ദിനചര്യ പിന്തുടർന്നിരുന്ന താൻ, ഷൂട്ട് കഴിഞ്ഞാൽ ഉടൻ വ്യക്തിപരമായ ഇടങ്ങളിലേക്ക് ഒതുങ്ങിക്കൂടുമായിരുന്നു. ആരോടും സംസാരിക്കാറില്ലായിരുന്നു. എന്നാൽ ഇന്ന് ഷൂട്ടിങ് കഴിഞ്ഞ് ആഘോഷങ്ങളിലും മറ്റും പങ്കുചേരാൻ ഇഷ്ടപ്പെടുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. പഴയ രീതിയിൽ തന്നെ മുന്നോട്ട് പോകാൻ താൽപ്പര്യമില്ലായിരുന്നു. അത് ഏറെ വിരസമായി തോന്നിത്തുടങ്ങിയെന്നും പാര്‍വതി പറയുന്നു.
എന്താണ് എഡിഎച്ച്ഡി?
ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാന്‍ കഴിയാതിരിക്കുക അല്ലെങ്കില്‍ അഥവാ ഇന്‍അറ്റന്‍ഷന്‍, എടുത്തുചാട്ടം അഥവാ 'ഇംപള്‍സിവിറ്റി', ഒരിക്കലും അടങ്ങിയിരിക്കാതിരിക്കുക അല്ലെങ്കില്‍ 'ഹൈപ്പര്‍ ആക്ടിവിറ്റി' എന്നിവ ചേര്‍ന്നുള്ള രോഗമാണ് അറ്റൻഷൻ ഡെഫിസിറ്റ് ഹൈപർ ആക്റ്റിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി). സാധാരണ കുട്ടികളിലും അപൂര്‍വമായി മുതിര്‍ന്നവരിലും ഇതുകണ്ടുവരാറുണ്ട്. എന്തുകൊണ്ട് എഡിഎച്ച്ഡി ഉണ്ടാകുന്നു എന്നത് ഇന്നും അജ്ഞാതമാണ്. എങ്കിലും ജനിതകപരമായ ഘടകങ്ങള്‍, തലച്ചോറിനേല്‍ക്കുന്ന പരുക്കുകള്‍, കുട്ടികളിലെ മാസം തികയാതെയുള്ള ജനനം, ജനനസമയത്തെ കുറഞ്ഞ ഭാരം എന്നിവ എഡിഎച്ച്ഡി സാധ്യത വര്ദ്ധിപ്പിക്കുന്നുവയാണ്. തലച്ചോറിലെ ഡോപ്പമിന്‍, നോര് അഡ്രിനാലിന്‍ എന്നീ രാസവസ്തുക്കളുടെ പ്രവര്‍ത്തനവുമായി ബന്ധമുള്ളതിനാല്‍ മരുന്നുകളും സ്വഭാവരൂപീകരണ ചികില്‍സയും (ബിഹേവിയര്‍ തെറാപ്പി) ആവശ്യമാണ്. രോഗിയും കൂടെയുള്ളവരും ഇതൊരു ക്ലിനിക്കല്‍ പ്രശ്നം ആണെന്ന് മനസ്സിലാക്കുന്നതാണ് ചികില്‍സയുടെ ആദ്യ പടി.