ദാമ്പത്യവും മാതൃത്വവുമെല്ലാം പെട്ടെന്നുണ്ടായതാണെന്ന് തുറന്നുപറഞ്ഞ് നടി അമലാ പോൾ. അവിചാരിതമായി സംഭവിച്ച മാതൃത്വത്തെ കുറിച്ചും മുൻബന്ധങ്ങളിലെ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട്, പങ്കാളിയെ ഒരു ബെസ്റ്റ് ഫ്രണ്ടായി കണ്ട് മുന്നോട്ടു പോകുന്നതിനെക്കുറിച്ചും ബിഹൈൻഡ് വുഡ്സിനു നൽകിയ അഭിമുഖത്തിൽ അമലാ പോൾ പറഞ്ഞു.
വിവാഹവും കുഞ്ഞുണ്ടാകുന്നതുമെല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത കാര്യങ്ങളായിരുന്നില്ല. എല്ലാം അപ്രതീക്ഷിതമായി സംഭവിച്ചതാണ്. ഒരു വെക്കേഷന് ഗോവയിൽ പോയപ്പോഴാണ് ഞാൻ ഭർത്താവ് ജഗത്തിനെ കാണുന്നത്. ബന്ധം ദൃഢമാകുന്നതിനു മുൻപ് തന്നെ കുഞ്ഞ് ആയിക്കഴിഞ്ഞു. ശരിക്കും ഡേറ്റിങും പ്രഗ്നൻസിയുമെല്ലാം ഒന്നിച്ച് നടന്നതുപോലെയായിരുന്നു ആ ഘട്ടമെന്നും അമല പോൾ പറഞു.
'എങ്ങനെയാണ് ഇതൊക്കെ മുൻകൂട്ടി പ്ലാൻ ചെയ്യാനാവുക? ആരോ ചരടുകൾ വലിക്കുന്ന ഒരു പാവയെപ്പോലെയാണ് എനിക്ക് അപ്പോൾ തോന്നിയത്. അതൊരു ഭയങ്കര ക്രേസി അവസ്ഥയായിരുന്നു. ജീവിതം അങ്ങനെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുമ്പോൾ അതിനൊപ്പം എത്താനും പുതിയ സാഹചര്യങ്ങളെ ഉൾക്കൊള്ളാനുമാണ് ഞാൻ ശ്രമിച്ചത്. മോൻ വന്നതിന് ശേഷം ജീവിതം പൂർണമായും മാറിപ്പോയി. ഡയപ്പറുകളുടെയും ഉറക്കമില്ലാത്ത രാത്രികളുടെയും ഒരു ലോകമാണ് ഇപ്പോൾ. ഒരുപാട് കൊഞ്ചലുകളും കെട്ടിപ്പിടുത്തങ്ങളും നിറഞ്ഞ പുതിയ അനുഭവങ്ങളാണിവ.
പഴയ അനുഭവങ്ങളിൽ നിന്നും പാഠങ്ങളിൽ നിന്നും പഠിച്ചാണ് ഇപ്പോൾ മുന്നോട്ടു പോകുന്നത്. മുൻപ് ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ എനിക്ക് ഒട്ടും ആഗ്രഹമില്ല. വേഗത്തിൽ മുന്നോട്ട് പോകാൻ കഴിയാതെ കാര്യങ്ങളിൽത്തന്നെ തങ്ങിനിന്ന് സ്വയം വല്ലാതെ കുറ്റപ്പെടുത്തുന്ന ഒരു സ്വഭാവം എനിക്കുണ്ടായിരുന്നു. പെട്ടെന്ന് ഒരാളെ കാണുകയും, പിന്നെ കല്യാണം കഴിക്കുകയും ചെയ്യുന്ന സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോൾ ഇതൊക്കെ വീണ്ടും മനസിലാക്കാൻ ശ്രമിക്കാറുണ്ട്.
മുൻപ് എവിടെയോ എന്റെ ജീവിതത്തിൽ അരാജകത്വം സാധാരണമായിരുന്നു; അതൊരു 'റിബൽ ഏജ്' പോലെയായിരുന്നു. ഇപ്പോൾ പുതിയ കാര്യങ്ങൾ പരീക്ഷിച്ചും ഓരോ അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ടുമാണ് ഞാൻ മുന്നോട്ട് പോകുന്നത്. നമ്മുടെ ശീലങ്ങളും റിലേഷൻഷിപ്പ് പാറ്റേണുകളും ഏതൊക്കെയാണ് വർക്ക് ആകുന്നത്, ഏതൊക്കെയാണ് വർക്ക് ആകാത്തത് എന്ന് ഇപ്പോൾ തിരിച്ചറിയാൻ ശ്രമിക്കുന്നുണ്ട്. പാരന്റ്ഹുഡ് ശരിക്കും ജീവിതത്തിന്റെ ഒരു സ്കൂൾ തന്നെയാണ്. അത് നമ്മളെ എപ്പോഴും ഉണർത്തിനിർത്തും, നമ്മൾ എപ്പോഴും ഓടിക്കൊണ്ടിരിക്കും. സിംഗിളായി ഇരിക്കുന്നവരെല്ലാം എന്നും ഒരു വെക്കേഷനിലാണെന്നാണ് എനിക്ക് തോന്നുന്നത്. എനിക്കിപ്പോൾ ബോറടി പോലും ഒരു ആഡംബരമായി തോന്നുന്നു. ബോറടിക്കാൻ പോലും സമയമില്ലാത്ത അവസ്ഥയാണ്.'
ജഗത്തിനൊപ്പം മുന്നോട്ട് പോകുമ്പോൾ മുമ്പുണ്ടായിരുന്ന അതേ പ്രശ്നങ്ങൾ തന്നെയാണ് ഇപ്പോഴും ഉണ്ടാകാറുണ്ടെന്നും അമല തുറന്നുപറഞ്ഞു. പക്ഷേ ജഗത്തിനൊപ്പം എങ്ങനെയോ ഒരു പരിഹാരം കണ്ടെത്തി മുന്നോട്ട് പോകാൻ കഴിയുന്നുണ്ട്. വഴക്കുകൾ ഉണ്ടാകുമ്പോൾ ജഗത്താണ് ഒരുപാട് ഇറങ്ങിക്കൊടുത്ത്, ത്യാഗം ചെയ്ത്, സമാധാനത്തോടെ ജീവിതം കൊണ്ടുപോകുന്നത്. അടുത്തിടെ ഞാനും കുറച്ചുകൂടി വിട്ടുവീഴ്ച ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. പലപ്പോഴും തെറ്റ് എന്റെ ഭാഗത്തുതന്നെയായിരുന്നു എന്ന് ഞാൻ തിരിച്ചറിയുന്നു. നിസാര കാര്യങ്ങൾക്ക് പിണങ്ങി സമയം കളയുന്നതിലും എനർജി കളയുന്നതിലും യാതൊരു അർഥവുമില്ലെന്ന് തനിക്ക് മനസിലായി. നമ്മുടെ ബെസ്റ്റ് ഫ്രണ്ട്സ് എന്തെങ്കിലും ചെയ്താൽ നമ്മൾ അത് സാരമില്ലെന്ന് വിട്ടുകളയുമല്ലോ, അതുപോലെ പങ്കാളിയെയും നമ്മുടെ ഒരു ബെസ്റ്റ് ഫ്രണ്ടിനെപ്പോലെ കാണുമ്പോഴാണ് കാര്യങ്ങൾ കൂടുതൽ ലളിതമാകുന്നതും ബന്ധം സമാധാനപരമായി മുന്നോട്ട് പോകുന്നതെന്നും അമല കൂട്ടിച്ചേർത്തു.