Image Credit:facebook/arjunbijlani
ചാനല്‍ റിയാലിറ്റി ഷോയ്ക്കിടെ തമാശയെന്നോണം ഭാര്യയുടെ ഭക്ഷണശീലത്തെ കുറിച്ച് പറഞ്ഞ നടന് അര്ജുന് ബിജലാനിക്കെതിരെ രൂക്ഷ വിമര്‍ശനം. ടിവിയില്‍ വന്നിരുന്ന് ഭാര്യയെ ബോഡി ഷെയിം ചെയ്യുന്നത് തമാശയല്ലെന്നും അവര്‍ തിരിച്ച് ഇങ്ങനെ പറയാന്‍ തുടങ്ങിയാല്‍ ഒട്ടും തമാശയാവില്ലെന്നും ട്വിറ്റര്‍ ഉപയോക്താക്കളില്‍ ഒരാള്‍ കുറിച്ചതാണ് വന്‍ ചര്‍ച്ചയായത്. 'പതി പത്നി ഓര് പങ്കാ 2'വിലായിരുന്നു അര്ജുന് ഭാര്യ നേഹ സ്വാമി ബിജലാനിയെ കുറിച്ച് വിവാദ പരാമര്‍ശം നടത്തിയത്.
'നേഹ എട്ടുമണിക്കൂര്‍ ഉറങ്ങും. ബാക്കി 16 മണിക്കൂറും തീറ്റ തന്നെ' എന്നായിരുന്നു നടന്റെ വാക്കുകള്‍. വിഡിയോ സമൂഹമാധ്യമങ്ങളില്‍ അതിവേഗം വൈറലായി. രൂക്ഷവിമര്‍ശനം ഉയര്‍ന്നതോടെ താരം തന്നെ രംഗത്തെത്തി. 'അതൊരു തമാശ പരിപാടിയായിരുന്നു. അതിനെ അങ്ങനെ കണ്ടാല്‍ മതി. കൂടുതല്‍ ചികയേണ്ട' എന്ന് അര്ജുന് എക്സില്‍ കുറിച്ചു. ഇത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുകയാണ് ചെയ്തത്.
'നേഹ ഇതുപോലെ തിരിച്ച് പറഞ്ഞാലും തമാശയാകുമോ' എന്ന് നിരവധിപ്പേര്‍ കുറിച്ചു. ഇതോടെ താരം വിശദീകരണക്കുറിപ്പിറക്കി. 'ഞങ്ങള്‍ ഭക്ഷണശീലങ്ങളെ കുറിച്ചാണ് സംസാരിച്ചിരുന്നത്. ഞാനവളെ ബോഡിഷെയിം ചെയ്തിട്ടില്ല. നിങ്ങള്‍ എല്ലാം നെഗറ്റീവ് ആയി കാണുന്നത് കൊണ്ടാണിങ്ങനെ സംഭവിക്കുന്നത്. എന്റെ ഭാര്യയോട് അവളുടെ ആരോഗ്യത്തെ കുറിച്ചും ഭക്ഷണശീലത്തെ കുറിച്ചും സ്നേഹം കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്. മറ്റൊന്നുമല്ല. മറ്റുള്ളവര്‍ എന്താണ് ചെയ്യുന്നതെന്ന് ഞാന്‍ ഗൗനിക്കാറില്ല. എന്റെ ഭാര്യയെ ഞാന്‍ സ്നേഹിക്കുന്നുണ്ടെന്നും അവളോട് കരുതലുണ്ടെന്നും എനിക്കറിയാം. അത് ഇനിയും തുടരും. തിരിച്ചവളും അങ്ങനെ തന്നെ. അതൊക്കെ കൊണ്ടാണല്ലോ കഴിഞ്ഞ 23 വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ച് ജീവിക്കുന്നത്. വെറുക്കുന്നവര്‍ വെറുത്തോളൂ. ഓണ്‍ലൈനില്‍ എന്തെങ്കിലുമൊക്കെ കാണും. കമന്റ് ചെയ്ത് സന്തോഷം നേടൂ'- താരം കുറിച്ചു.
ധമാല്‍ വിത് പതി പത്നി ഔര്‍ പാങ്ക– ജോഡിയോം കാ റിയാലിറ്റി ചെക് എന്ന റിയാലിറ്റി ഷോ രണ്ടാം സീസണിലേക്കാണ് കടന്നിരിക്കുന്നത്. സൊണാലി ബെന്ദ്രയും മുനാവര്‍ ഫറൂഖിയുമാണ് അവതാരകര്‍ സെലിബ്രിറ്റി ദമ്പതിമാരാണ് ഷോയിലെത്തുന്നത്. ശനിയാഴ്ച രാത്രി ഒന്‍പതരയ്ക്ക് കളേഴ്സ് ടിവിയിലും ജിയോ ഹോട് സ്റ്റാറിലുമാണ് സംപ്രേഷണം.