രാഷ്ട്രീയ–സിനിമാ മേഖലയില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്താല്‍ സമ്പന്നമായിരുന്നു സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദറിന്റെയും കാവ്യ മാരന്റെയും വിവാഹ സൽക്കാരം. നവംബർ 21 ശനിയാഴ്ച ചെന്നൈയിൽ വെച്ച് നടന്ന റിസപ്ഷനിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ് പങ്കെടുത്തു. നവദമ്പതികൾക്ക് ആശംസകൾ നേർന്ന അദ്ദേഹം സൂപ്പർസ്റ്റാർ രജനികാന്ത്, ഡി.എം.കെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ എന്നിവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തതും ശ്രദ്ധ നേടിയിരുന്നു.
വിജയ്യുടെ ഭാര്യ സംഗീത സ്വർണലിംഗവും ചടങ്ങിൽ പങ്കെടുത്തതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് വിവാഹ സല്ക്കാരത്തിലേക്ക് എത്തിയത്. സംഗീത വൈകുന്നേരം ചടങ്ങിലേക്ക് എത്തിയപ്പോള്‍ നീലാങ്കരയിൽ നടന്ന മറ്റൊരു ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് എട്ടുമണിക്ക് ശേഷമാണ് വിജയ് വിവാഹ സൽക്കാരത്തിനെത്തിയത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ വിവാഹ മോചനത്തിനായി ഹര്‍ജി നല്കിയ സംഗീത കഴിഞ്ഞ ഓഗസ്റ്റില്‍ ഹര്‍ജി പിന്‍വലിച്ചിരുന്നു.
വിവാഹമോചന ഹര്‍ജി നല്‍കിയതിന് ശേഷം ഇരുവരും ആദ്യമായാണ് ഒരേ ചടങ്ങില്‍ പങ്കെടുക്കുന്നത്. നവദമ്പതികൾക്കൊപ്പം വേദിയിൽ വെച്ച് പ്രത്യേകം ഫോട്ടോ എടുക്കുകയും ചെയ്തു. നവംബർ 11 ന് ഗ്രീസിൽ വച്ച നടന്ന വിവാഹത്തിന് ശേഷം ചെന്നൈയിലെ ഐ.ടി.സി ഗ്രാൻഡ് ചോളയിലാണ് അനിരുദ്ധിന്റേയും കാവ്യയുടേയും വിരുന്ന് സൽക്കാരം സംഘടിപ്പിച്ചത്. മുഖ്യമന്ത്രിമാരായ വി.ഡി. സതീശൻ, രേവന്ത് റെഡ്ഡി, നടന് കമൽഹാസൻ, മഹേഷ് ബാബു, എടപ്പാടി പളനി സാമി, കാർത്തി, സിദ്ധാർത്ഥ്, അതിഥി റാവു ഹൈദരി, രാഘവ ലോറൻസ്, സ്നേഹ, സംവിധായകരായ അറ്റ്ലി, ധരണി തുടങ്ങിയ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.