തന്റെ മൂത്തമകള്‍ ഐശ്വര്യയ്ക്കെതിരെ പ്രചരിക്കുന്ന അപകീർത്തികരമായ വാർത്തകൾക്കെതിരെ നിയമനടപടിക്കൊരുങ്ങി നടന് അര്ജുന് സര്‍ജ. മകളുടെ വ്യക്തി ജീവിതത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറച്ചും തെറ്റായ വാര്‍ത്ത നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ചെന്നൈ പൊലീസില്‍ അര്ജുന് പരാതി നല്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് അര്ജുന് തന്റെ നിലപാട് വ്യക്തമാക്കിയത്.
അര്‍ജുന്റെ ഇളയ മകള്‍ അഞ്ജനയുടെ ഇറ്റലിയിൽ നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഐശ്വര്യക്കെതിരെയുള്ള അധിക്ഷേപ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. കഴിഞ്ഞ മാസം ഒക്ടോബര്‍ 19നായിരുന്നു അഞ്ജനയുടെ വിവാഹം. എന്നാല്‍ വിവാഹ ചിത്രങ്ങളില്‍ ഐശ്വര്യയുടെ ഭർത്താവും നടനുമായ ഉമാപതി രാമയ്യയുടെ അസാന്നിധ്യം ചൂണ്ടിക്കാട്ടി ഇരുവരും വേർപിരിയുകയാണെന്ന തരത്തിൽ പ്രചാരണങ്ങളുണ്ടായിരുന്നു. ഐശ്വര്യ മദ്യപാനിയാണെന്ന് പറയുന്ന തരത്തിലുള്ള അപകീര്‍ത്തി പോസ്റ്റുകളും ഉണ്ടായിരുന്നു. 2024 ജൂണിലായിരുന്നു ഐശ്വര്യയും നടൻ തമ്പി രാമയ്യയുടെ മകനായ ഉമാപതിയും തമ്മിലുള്ള വിവാഹം.
സിനിമാ താരങ്ങളെന്ന നിലയിൽ പൊതുജീവിതത്തിൽ ഊഹാപോഹങ്ങൾ സ്വാഭാവികമാണെങ്കിലും അടിസ്ഥാനരഹിതമായ കഥകൾ മെനയുന്നതും വ്യക്തിഹത്യ നടത്തുന്നതും അംഗീകരിക്കാനാവില്ലെന്ന് അർജുൻ പറഞ്ഞു. ഒരു സ്ത്രീയെ യാതൊരു അടിസ്ഥാനവുമില്ലാതെ മദ്യപാനിയായി ചിത്രീകരിക്കുന്നതുപോലുള്ള തരംതാണ പരാമർശങ്ങൾ അങ്ങേയറ്റം നിരുത്തരവാദപരമാണെന്നും അദ്ദേഹം പറയുന്നു.
മകളുടെ സ്വകാര്യതയെ മാനിച്ചാണ് ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിക്കാതിരുന്നതെന്നും, ആവശ്യമെങ്കിൽ ഉചിതമായ സമയത്ത് ഐശ്വര്യ തന്നെ ഇക്കാര്യത്തിൽ പ്രതികരിക്കുമെന്നും അർജുൻ വ്യക്തമാക്കി. മൗനത്തെ സമ്മതമായി തെറ്റിദ്ധരിക്കരുതെന്നും ഇനിയും ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവർ കർശന നിയമനടപടികൾ നേരിടേണ്ടിവരുമെന്നും താരം മുന്നറിയിപ്പ് നൽകി. ഇത് തന്റെ മകളുടെ മാത്രം പ്രശ്നമല്ലെന്നും, സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ ആഗ്രഹിക്കുന്ന ഓരോ സ്ത്രീയുടെയും അന്തസിനെ ചോദ്യം ചെയ്യുന്ന പ്രവണതയ്ക്കെതിരെയുള്ള പോരാട്ടമാണെന്നും അദ്ദേഹം പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.