സിനിമാ മേഖലയിൽ കാസ്റ്റിങ് കൗച്ച് നിലനിൽക്കുന്നുണ്ടെന്ന് തുറന്നടിച്ച് നടി രമ്യ കൃഷ്ണന്‍. ലിംഗഭേദമില്ലാതെ എല്ലാവരും ഇത് നേരിടുന്നുണ്ടെന്നും റോ ടോക്ക്സ് വിത്ത് വികെ പോഡ്‌കാസ്റ്റിൽ സംസാരിക്കവേ നടി പറഞ്ഞു. ചൂഷണം സിനിമയിൽ മാത്രമോ സ്ത്രീകൾക്ക് നേരെ മാത്രമോ ഒതുങ്ങുന്ന ഒന്നല്ല. അത് എല്ലായിടത്തും ലിംഗഭേദമില്ലാതെ സംഭവിക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി.
'കാസ്റ്റിങ് കൗച്ച് പണ്ട് ഉണ്ടായിരുന്നതാണ്. ഇന്നും തുടരുന്നുണ്ട്. അത് നിഷേധിക്കാനാവില്ല. നിർബന്ധം കൊണ്ടോ, സ്വന്തം ഇഷ്ടപ്രകാരമോ ഇത് സംഭവിക്കാറുണ്ട്. എന്നാൽ 'യെസ്' എന്നോ 'നോ' എന്നോ പറയാനുള്ള സ്വാതന്ത്ര്യം കാലക്രമേണ മാറുന്നുണ്ട്,' രമ്യ കൃഷ്ണന്‍ പറഞ്ഞു.
'എപ്സ്റ്റീൻ ഫയൽസ് നോക്കൂ. സ്ത്രീകൾ വളരെ പുരോഗമനം നേടിയ അമേരിക്ക പോലൊരു സ്ഥലത്ത് പോലും ഇത് സംഭവിച്ചു. അതിനാൽ ഇവിടെ അത് സംഭവിക്കുന്നില്ലെന്ന് നിങ്ങൾക്ക് പറയാൻ കഴിയില്ല. സംഭവിക്കാറുണ്ട്, സംഭവിച്ചു, സംഭവിക്കുകയും ചെയ്യും. പക്ഷേ അത് എങ്ങനെ സംഭവിച്ചു, യെസ് ഓര്‍ നോ പറയാനുള്ള ഓപ്ഷന്‍ ഉണ്ടോ എന്നത് കാലത്തിനനുസരിച്ച് മാറും,' രമ്യ കൂട്ടിച്ചേര്‍ത്തു.
കരിയറിന്‍റെ തുടക്കകാലത്ത് സെറ്റുകളിലുണ്ടായിരുന്ന സൗകര്യങ്ങളുടെ അപര്യാപ്തതയെ കുറിച്ചും രമ്യ സംസാരിച്ചു. സിനിമാ സെറ്റുകളിൽ ശുചിമുറികളോ, കാരവാനുകളോ, വസ്ത്രം മാറാനുള്ള സ്വകാര്യ ഇടങ്ങളോ ഉണ്ടായിരുന്നില്ല. നടിമാർക്ക് ഷോട്ടുകൾക്കിടയിൽ സ്വന്തമായി മേക്കപ്പ് ചെയ്യേണ്ടി വന്നിട്ടുണ്ട്, അംബാസഡർ കാറുകൾക്കുള്ളിൽ കുപ്പികളിൽ മൂത്രമൊഴിക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തി.
ഭര്‍ത്താവ് കൃഷ്ണ വംശിയുമായുള്ള വേര്‍പിരിയല്‍ അഭ്യൂഹങ്ങളിലും താരം പ്രതികരിച്ചു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിട്ടില്ല. ബന്ധം പിരിഞ്ഞെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. ജോലിയുടെ ആവശ്യത്തിനായാണ് രണ്ടു നഗരങ്ങളില്‍ തങ്ങള്‍ താമസിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.