Image: instagra/kajalaggarwalofficial & kitchlug

നിതേഷ് തിവാരിയുടെ ‘രാമായണ’ തിയറ്ററുകളില്‍ മുന്നേറുമ്പോള്‍ രാവണ പത്നിയായ മണ്ഡോദരിയായി തിളങ്ങുകയാണ് ദക്ഷിണേന്ത്യയുടെ പ്രിയ നായിക കാജല്‍ അഗര്‍വാള്‍. ‘രാമായണ’ത്തിൽ ഏറ്റവും സുന്ദരിയായി പ്രത്യക്ഷപ്പെടുന്നത് കാജൽ തന്നെയാണെന്നാണ് പലരുടേയും അഭിപ്രായം. രാജമൗലി ചിത്രം ‘ധീര’യിലെ കാജലിന്‍റെ ലുക്കും രാമായണയിലെ ലുക്കും ഒരുമിച്ച് പങ്കുവച്ച് ഒരുമാറ്റവുമില്ലല്ലോ എന്ന് കാജലിനെ പുകഴ്ത്തുകയാണ് നെറ്റിസണ്‍സ്. സ്ക്രീൻ സ്പെയ്സ് കുറഞ്ഞെങ്കിലും ആ ‘ഓറ’ വേറെ ലെവലാണെന്ന് തന്നെയാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Image: facebook.com/ImKajalAggarwal

‘രാമായണ’യിലെ അഭിനയത്തിനുള്ള കയ്യടിക്കൊപ്പം ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ് കാജലിന്‍റെ പ്രണയകഥയും. ഗൗതം കിച്ച്‌ലുവുമായി വിവാഹത്തിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രണയത്തിലായിരുന്നുവെന്നും, എന്നാൽ ചില കാരണങ്ങളാൽ ആ ബന്ധം തകരുകയും പിന്നീട് തങ്ങള്‍ വീണ്ടും ഒരുമിക്കുകയായിരുന്നുവെന്നും കാജല്‍ തുറന്നുപറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കാജല്‍ ഭർത്താവ് ഗൗതം കിച്ച്‌ലുവുമായുള്ള പ്രണയകഥ തുറന്നുപറഞ്ഞത്.

പ്രണയവും വേർപിരിയലും

ഏകദേശം 13-14 വർഷങ്ങൾക്ക് മുമ്പ് തങ്ങൾ പ്രണയത്തിലാകുന്നതെന്ന് താരം പറഞ്ഞു. എന്നാൽ പലകാര്യങ്ങളിലും ഒരുമിച്ചു പോകാന്‍ കഴിയാതെ വന്നതോടെ വേർപിരിഞ്ഞു. പിന്നീട് മറ്റു പലരേയും ഡേറ്റ് ചെയ്തു, പ്രണയത്തിലായി. എന്നാല്‍ അപ്പോള്‍ മാത്രമാണ് തങ്ങളുടെ ബന്ധത്തിന്‍റെ വില തിരിച്ചറിഞ്ഞതെന്നും കാജല്‍ പറയുന്നു. പിന്നീട് കോവി‍ഡ് ലോക്ക്ഡൗണിന്‍റെ സമയത്താണ് ഇരുവരും വീണ്ടും ഒരുമിക്കുന്നത്. പഴയ സൗഹൃദവും പ്രണയവും വീണ്ടും ജനിച്ചു. ഒടുവില്‍  ഇരുവീട്ടുകാരുടെയും സമ്മതത്തോടെ വിവാഹത്തിലേക്ക്.

‘എന്‍റെ ഭാഗ്യമായിരുന്നു ഉറ്റ സുഹൃത്തിനെ തന്നെ വിവാഹം കഴിക്കുക എന്നുള്ളത്. ഒരു സുഹൃത്തിന്റെ വിവാഹത്തിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. കൃത്യമായി പറഞ്ഞാൽ 13 വർഷം മുമ്പ്. അതിനുശേഷം ഞങ്ങള്‍ ഡേറ്റിങ്ങിലായിരുന്നു. പിന്നീട് വേർപിരിഞ്ഞു, സുഹൃത്തുക്കളായി തുടർന്നു. ഈ സമയം മറ്റു പലരേയും ഞങ്ങള്‍ ഡേറ്റ് ചെയ്തു. പക്ഷേ പിന്നീട് മനസ്സിലായി... ഞങ്ങളുടെ ബന്ധം എത്രത്തോളം സ്പെഷല്‍ ആയിരുന്നുവെന്ന്’– കാജല്‍ പറയുന്നു

Image credit:facebook/ImKajalAggarwal

‘കോവിഡാണ് എല്ലാം വീണ്ടും സാധ്യമാക്കിയത്. അന്ന് ഞങ്ങൾക്ക് തോന്നി, ലോകം ഇനി ഇങ്ങനെയായിരിക്കും. അതിനാല്‍ ഒന്നിച്ചിരിക്കുന്നതാണ് നല്ലത്. അപ്പോൾ ഞാൻ പറഞ്ഞു, ഇത്തവണ ഒന്നെങ്കില്‍ വിവാഹം കഴിക്കണം അല്ലെങ്കില്‍ എന്നന്നേക്കുമായി വേര്‍പിരിയണം. ഗൗതമും അതേ അഭിപ്രായക്കാരനായിരുന്നു. അക്ഷരാർത്ഥത്തിൽ ഞങ്ങള്‍ക്ക് എല്ലാം പരസ്പരം അറിയാമായിരുന്നു. ജോലിതിരക്കുകളില്‍ നിന്നും മാറി വ്യക്തിജീവിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ലോക്ക്ഡൗൺ അവസരമൊരുക്കി. അങ്ങിനെ ആ കോവിഡ് കാലത്ത് ഞങ്ങളും ഒരു ചെറിയ കോവിഡ് വിവാഹം കഴിച്ചു’- കാജല്‍ പറഞ്ഞു.

2020 ഒക്ടോബർ 30-ന് മുംബൈയിൽ വച്ചായിരുന്നു കാജൽ അഗര്‍വാൾ- ഗൗതം കിച്ച്‌ലു വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2022 ഏപ്രിലിൽ ദമ്പതികൾക്ക് നീൽ എന്ന മകനും ജനിച്ചു. മുംബൈ സ്വദേശിയായ കാജൽ ക്യൂൻ ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തെലുങ്ക്, തമിഴ് ചിത്രങ്ങളിലേക്കും മറ്റ് തെന്നിന്ത്യൻ ചിത്രങ്ങളിലേക്കും ചേക്കേറുകയായിരുന്നു. തുപ്പാക്കി, ജില്ല, വിവേഗം, മെർസൽ എന്നീ ചിത്രങ്ങളിലൂടെ കാജല്‍ ദക്ഷിണേന്ത്യയുടെ മനം കവര്‍ന്നു. ഭര്‍ത്താവ് ഗൗതം ബിസിനസ്സുകാരനാണ്.

ENGLISH SUMMARY:

South Indian actress Kajal Aggarwal is currently receiving widespread acclaim for her striking portrayal of Mandodari in Nitesh Tiwari's theatrical hit 'Ramayana'. Alongside her cinematic success, the actress recently opened up about her personal life during an interview with Humans of Bombay, detailing her relationship journey with husband Gautam Kitchlu. The couple initially dated 13 to 14 years ago before parting ways due to personal differences, only to reconnect and realize their bond during the COVID-19 lockdown. They eventually tied the knot in an intimate ceremony in October 2020 and welcomed their son Neil in April 2022.