Image Credit:facebook

  • 'യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല. പുഷ്പകവിമാനവും ജടായുവും വനങ്ങളും കാഴ്ചയിൽ അതീവ ഭംഗിയായി'

ബോക്സ് ഓഫീസില്‍ കലക്ഷന്‍ റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്ന ഇതിഹാസ ചിത്രം 'രാമായണ' കാണുന്നതിനിടെ ഉറങ്ങിപ്പോയെന്ന്  എഴുത്തുകാരിയും നിരൂപകയുമായ ശാരദക്കുട്ടി. വെട്ടിലും കുത്തിലും സിനിമ തുടങ്ങുന്നത് ഇപ്പോള്‍ ഫാഷനായിക്കഴിഞ്ഞുവെന്നും രാവണനൊഴികെ എല്ലാം വികൃതരൂപങ്ങളായാണ് തോന്നിയതെന്നും അവര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. 3D ബാലേയാണ് കണ്ടതെന്നും ഇടയ്ക്ക് ഉറങ്ങിപ്പോയതിനാല്‍ ചില ഭാഗങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നും കുറിപ്പില്‍ പറയുന്നു. രണ്ടാം ഭാഗം കാണാനുള്ള ഒരു തോന്നലും സൃഷ്ടിക്കാത്ത ഒന്നാം ഭാഗമായിപ്പോയെന്നും എഴുത്തിലുണ്ട്.

ശാരദക്കുട്ടിയുടെ കുറിപ്പിങ്ങനെ: രാമായണം കണ്ടു. വെട്ടിലും കുത്തിലും അക്രമങ്ങളിലും ആരംഭിക്കൽ ചെറു സിനിമകൾ മുതൽ ബ്രഹ്മാണ്ഡ സിനിമകൾ വരെ ഒരു ഫാഷനാക്കിയിരിക്കുന്നു. 3D യിൽ പലപ്പോഴും തലയും കഴുത്തും വെട്ടിച്ചു കൊണ്ടിരുന്നു. കുന്തമൊക്കെ മുഖത്തേക്ക് വരുന്നത് പണ്ടേ കണ്ടതെങ്കിലും ഞെട്ടി ഞെട്ടി വശം കെട്ടു .  രാക്ഷസരൂപങ്ങളിൽ രാവണനൊഴികെ എല്ലാവരും ഒരു ബാലേയിൽ കാണുന്നതു പോലെ വികൃതരൂപങ്ങളായേ എനിക്കു തോന്നിയുള്ളു. തികച്ചും ഒരു 3D ബാലേ.  രാവണൻ അന്യായ പഴ്സനാലിറ്റി !!

ദശരഥന്‍റെ പുത്രകാമേഷ്ടിയും രാവണന്‍റെ സീതയെ തട്ടിക്കൊണ്ടു പോകലും ഒന്നും വിസ്തരിക്കാതെ ഒതുക്കത്തിൽ കാണിച്ചത് നന്നായി. ഇടക്കൊന്നു മയങ്ങിപ്പോയതു കൊണ്ട്  മണ്ഡോദരി വന്ന ഭാഗവും മാരീചന്റെ മാൻ രൂപം വന്ന ഭാഗവുമൊക്കെ  ശ്രദ്ധിക്കാൻ പറ്റിയില്ല. പരശുരാമ ശ്രീരാമ സംഘട്ടനവും ഉറക്കത്തിനിടയിലാണ് സംഭവിച്ചത്. 35 വർഷം മുൻപ് കണ്ട രാമായണത്തിൽ നിന്ന് വ്യത്യസ്തമായി ടെക്നിക്കലി അല്ലാതെ പുതുതായി മാറ്റമൊന്നും  സംഭവിക്കുന്നില്ല എന്ന് മനസ്സിലായി കഴിഞ്ഞിരുന്നു.

യഷും സായി പല്ലവിയും ശോഭനയും ഒഴികെ ആരും ആകർഷണീയമായി തോന്നിയില്ല. പുഷ്പകവിമാനവും ജടായുവും വനങ്ങളും കാഴ്ചയിൽ അതീവ ഭംഗിയായി.രണ്ടാം ഭാഗം കാണുവാനുള്ള ഒരു തോന്നലും ഉണ്ടാക്കാത്ത ഒന്നാം ഭാഗം'.

നിതേഷ് തിവാരി സംവിധാനം ചെയ്ത ചിത്രം എട്ട് ദിവസം കൊണ്ട് 1000 കോടി രൂപയാണ് രാജ്യാന്തര കലക്ഷനായി നേടിയത്. ഇന്ത്യയില് മാത്രം ചിത്രത്തിന്റെ കലക്ഷന്‍ 600 കോടിയോട് അടുക്കുന്നു. ആദ്യ ആഴ്ചയില്‍ 500 കോടി ക്ലബില്‍ ഇടം പിടിച്ചതോടെ പുഷ്പ 2, ധുരന്ധര്‍ 2 , ബാഹുബലി 2 എന്നീ സിനിമകള്‍ക്കൊപ്പമായി രാമായണയും. രണ്‍ബീര്‍ കപൂര്‍ ചിത്രത്തില്‍  രാമനായും സായ് പല്ലവി സീതയായും യഷ് രാവണനായും എത്തുന്നു. നമിത് മല്‍ഹോത്രയും യഷും ചേര്‍ന്നാണ്  ചിത്രം നിര്‍മിച്ചത്. കാജല്‍ അഗര്‍വാള്‍ , രവി ദുബെ, സണ്ണി ഡിയോള്‍, ലാറ ദത്ത, ശോഭന, അരുണ്‍ ഗോവില്‍ തുടങ്ങിയവരും പ്രധാനവേഷങ്ങളിലുണ്ട്.

ENGLISH SUMMARY:

Author and critic Sharadakkutty has shared a mixed-to-negative review of Nitesh Tiwari’s epic film Ramayana, saying she even fell asleep during parts of the screening. While she praised the film’s visual appeal, particularly the Pushpaka Vimana, Jatayu and forest sequences, she felt that most of the characters, except Ravana, lacked visual appeal. She also said the film offered little that was new beyond its technical achievements and failed to create any excitement for its second part. Her comments come as the film reportedly crosses the ₹1,000-crore mark in worldwide box office collections within eight days