എന്റെ ഓർമദിവസമാണ് ഇന്ന്. നവംബർ 11. ജസ്റ്റിൻ ചേട്ടൻ മെഴുകുതിരി കത്തിക്കാൻ ഈ വർഷവും വരുമോ? അതോ ആഷ്ലിയുമായി അയർലൻഡിലേക്ക് പോയിക്കാണുമോ?
ഞാൻ ജീനാ പോൾ. ജസ്റ്റിൻ ചേട്ടന്റെ ആദ്യ ക്രഷ്. ഒരു പെണ്ണിന്റെയും കൈപിടിക്കാതെ വർഷങ്ങളോളം എന്റെ ഓർമകളിൽ മാത്രം ജീവിച്ച ജസ്റ്റിൻ. എല്ലാ നവംബർ 11നും കറുകുറ്റി പള്ളിയിലെ കുർബാന കഴിഞ്ഞ് മെഴുകുതിരികളുമായി വരും. കത്തിക്കും. ഉരുകിത്തീരാത്ത ഓർമകൾക്കൊപ്പം ഇരിക്കും. തിരികൾ അണയും. വെള്ള റോസാപ്പൂക്കൾ വാടും. പക്ഷേ ജസ്റ്റിന്റെ ഓർമകളിൽ ഞാൻ എന്നും തളിർത്തുനിന്നു.
ഇനി അതും വാടുമോ? ഇന്ന് ജസ്റ്റിൻ വരുമോ?
ജസ്റ്റിനും ആഷ്ലിയും ഒരിക്കൽ എന്നെ കാണാൻ വന്നിരുന്നു. ആഷ്ലി ക്യൂട്ട് കുട്ടിയാണ്. ജസ്റ്റിൻ എന്റെ ഓർമകളിൽ ജീവിച്ചതുപോലെ, അവൾ രണ്ടുവർഷം അയർലൻഡിൽ ജസ്റ്റിന്റെ ഓർമകളിൽ ജീവിച്ചു. നല്ല മഴയത്ത് ആഷ്ലിയും ജസ്റ്റിനും പള്ളിക്കുമുന്നിൽ കെട്ടിപ്പിടിച്ചു കരയുമ്പോൾ തങ്കച്ചൻ ചേട്ടൻ പറഞ്ഞതോർമയില്ലേ? 'പിള്ളേരൊക്കെ വളർന്നുപോയല്ലോ ബിജി, നമ്മൾ പറയുന്നിടത്തൊന്നും അവര് നിക്കത്തില്ല'.
ശരിയാണ്. പ്രണയങ്ങളും മാറി. കാലവും.
ഞാൻ മരിച്ചിട്ട് 17 വർഷം കഴിഞ്ഞു. 1989 മാർച്ച് ഏഴിനാണ് ജനിച്ചത്. ഒരു ചെറിയ ഓപ്പറേഷനു പോയതാണ്. പിന്നെ തിരിച്ചുവന്നില്ല. 2009 നവംബർ 11ന് ജസ്റ്റിനോടും ഈ ഭൂമിയോടും വിടപറഞ്ഞു. നിങ്ങൾ ഓർക്കുന്നുണ്ടാവും. മൊറേലി സിസ്റ്റേഴ്സും ആഷ്ലിയും ആഘോഷിക്കുന്ന ഒരു രാത്രിയിൽ രേഷ്മ എന്റെ പേര് പറയുന്നു.
'ഞങ്ങളുടെ ക്ലാസിലെ കുട്ടിയായിരുന്നു ജീന. ജസ്റ്റിന് ജീവനായിരുന്നു ജീന'.
ആ പേരിൽത്തന്നെ ഒരു ഡയറക്ടർ ബ്രില്യൻസ് ഇല്ലേ? ജീവൻ... ജീന!
ജസ്റ്റിന്റെ പിന്നീടുള്ള ഡിപ്രഷനെക്കുറിച്ച് രേഷ്മ പറഞ്ഞുതീരുമ്പോഴാണ് ആ കരയിക്കുന്ന പാട്ട് വരുന്നത്:
'യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ...'
യവന, ജീന... എന്തെങ്കിലും സാമ്യമുണ്ടോ? കാടുകയറുന്ന ചിന്തകളിൽനിന്നാണല്ലോ സിനിമകളും ഉണ്ടാവുന്നത്. ഞങ്ങൾ പഠിച്ച കാലത്ത് കാസറ്റുകളിൽനിന്ന് MP3കളിലേക്ക് പകർത്തി കേട്ടുനടന്ന പാട്ടുകളിൽ ഒന്നായിരുന്നിരിക്കണം അത്. സിനിമയിൽ എല്ലാവരും എന്നെ വിളിക്കുന്നത് ജീന എന്നോ ജീനച്ചേച്ചി എന്നോ മാത്രം. പിന്നെ എങ്ങനെയാണ് എല്ലാവരും എന്റെ മുഴുവൻ പേരറിഞ്ഞത്?
കല്ലറയുടെ ഒരു ഷോട്ടിലൂടെയാണത്. മരിച്ച ദിവസവും കല്ലറയിൽ കൊത്തിവച്ചിരുന്നു. ജീന എന്ന പേര് തികച്ചും യാദൃച്ഛികമാണെന്ന് ഗിരീഷ് എഡിയും കിരൺ ജോസിയും പറയുന്നു. പക്ഷേ, 'നേരം' സിനിമയിൽ മാത്യുവിന് കൂട്ടായിരുന്നത് മറ്റൊരു ജീനയായിരുന്നു. യാദൃച്ഛികതകളാണല്ലോ ജീവിതത്തിലും സിനിമയിലും ട്വിസ്റ്റുകളുണ്ടാക്കുന്നത്.
പക്ഷേ, ഒരു ചോദ്യത്തിന് ഉത്തരം കിട്ടണമെന്ന് എനിക്ക് ആഗ്രഹമുണ്ട്.
ഞാൻ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെയൊരു കഥ ഉണ്ടാകുമായിരുന്നോ? എന്നെ നിങ്ങൾ സ്ക്രീനിൽ ജീവനോടെ കാണുമായിരുന്നോ? 'യവനകഥയിൽ നിന്നുവന്ന ഇടയകന്യകേ വയനപൂത്ത വഴിയിലെന്തേ വെറുതെ നിൽപൂ നീ...'
ആരും കാണാത്ത, പാതിവഴിയിൽ നിലച്ചുപോയ ഒരു സിനിമയിലെ പാട്ടാണത്. എന്നെപ്പോലെ. നിങ്ങൾക്കും ആഷ്ലിക്കും എന്നെക്കുറിച്ച് കേട്ടറിവ് മാത്രമേയുള്ളൂ. വയനപൂത്ത വഴിയിൽ നിൽക്കുന്ന ഇടയകന്യകയെയും അന്നയെയും എന്നെയും ആരും കണ്ടിട്ടില്ല. കേൾക്കാത്ത പാട്ടുകൾക്കാണ് കൂടുതൽ മധുരമെന്ന് പറയാറില്ലേ? അതുപോലെ ഒരിക്കലും കാണാത്ത എന്നെക്കുറിച്ചും നിങ്ങളുടെ മനസ്സിൽ ഒരു ചിത്രമുണ്ടാവും.
എങ്ങനെയിരിക്കും ആ ജീന? അവളുടെ ചിരി എങ്ങനെയായിരിക്കും? ജസ്റ്റിനോടുള്ള പ്രണയം തെളിയുന്നത് ആരുടെ കണ്ണുകളിലാവും?
ഒരുപക്ഷേ, ആരും കാണാത്തതുകൊണ്ടാവാം നിങ്ങളുടെ മനസ്സിലും ഞാനിത്ര മനോഹരിയായി തുടരുന്നത്. ജസ്റ്റിന്റെ ആദ്യപ്രണയം പോലെ. എങ്കിലും, സിനിമയിൽ ഞാനുണ്ടായിരുന്നെങ്കിൽ... ആ വേഷം ആര് അഭിനയിച്ചേനെ?