നിതേഷ് തിവാരി ഒരുക്കിയ ചിത്രം രാമായണ ആഗോളതലത്തില്‍ വലിയ കളക്ഷൻ നേടി മുന്നേറുകയാണ്. റൺബീർ കപൂറും സായ് പല്ലവിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം, അതിമനോഹരമായ വിഷ്വലുകൾ കൊണ്ടും മേക്കിങ് കൊണ്ടും പ്രേക്ഷകരെ ഒന്നടങ്കം അത്ഭുതപ്പെടുത്തിക്കഴിഞ്ഞു. രാമായണ സിനിമയെ കുറിച്ചുള്ള ചൂടൻ ചർച്ചകൾക്കിടെ സംവിധായകൻ നിതേഷ് തിവാരിയുടെയും ഭാര്യ അശ്വിനി അയ്യർ തിവാരിയുടെയും മലയാള സിനിമാ ബന്ധവും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്.
നിതേഷ് തിവാരിയുടെ ഭാര്യ അശ്വിനി അയ്യർ തിവാരി ആദ്യമായി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ഹിന്ദി ചിത്രമാണ് 'നിൽ ബട്ടേ സനാട്ട'. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് നിതേഷും അശ്വനിയും ചേര്‍ന്നാണ് . ഈ ചിത്രത്തിന്റെ മലയാളം റിമേക്കായിരുന്നു മഞ്ജു വാര്യരും അനശ്വര രാജനും തകർത്തഭിനയിച്ച ഉദാഹരണം സുജാത. 2017 ൽ തിയേറ്ററുകളിലെത്തിയ ഉദാഹരണം സുജാത, അനശ്വര രാജന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ്. സിനിമയെയും അനശ്വരെയും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയും ചെയ്തു. അന്നത്തെ ബാലതാരം അനശ്വര രാജന് ഇന്ന് തെന്നിന്ത്യയാകെ നിറഞ്ഞു നില്ക്കുന്ന നായികയാണ്.
മലയാളത്തില്‍ മഞ്ജു വാര്യരും അനശ്വരയും അവതരിപ്പിച്ച വേഷങ്ങള്‍ ഹിന്ദിയില്‍ അവതരിപ്പിച്ചത് സ്വര ഭാസ്കറും റിയ ശുക്ലയുമായിരുന്നു. ഉദാഹരണം സുജാതയുടെ തിരക്കഥയുടെ ക്രെഡിറ്റ് ഹിന്ദി എഴുത്തുകാര്‍ക്ക് തന്നെയാണ് നല്‍കിയിരിക്കുന്നത്.മലയാളത്തിലേക്ക് എത്തിയപ്പോൾ ഇവിടുത്തെ മലയാളി ചുറ്റുപാടുകൾക്കും സാമൂഹിക പശ്ചാത്തലത്തിനും അനുയോജ്യമായ രീതിയിൽ തിരക്കഥയിൽ മാറ്റങ്ങൾ വരുത്തിയത് മാർട്ടിൻ പ്രക്കാട്ടും അനുരാജ് മനോഹറുമാണ്.
മലയാള സിനിമയോടുള്ള ഈ ദമ്പതികളുടെ സ്നേഹം തിരക്കഥയിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല. തിരക്കഥയ്ക്ക് പുറമെ മലയാള സിനിമയുടെ നിർമ്മാണ രംഗത്തേക്കും ഇവർ ചുവടുവെച്ചിട്ടുണ്ട്. ഇവരുടെ ഉടമസ്ഥതയിലുള്ള 'എർത്ത്സ്കൈ പിക്ചേഴ്സ്' എന്ന ബാനർ ഒരു മലയാളം സോഷ്യൽ കോമഡി ചിത്രം നിർമ്മിക്കാനായി മുൻപ് കരാറൊപ്പിട്ടിരുന്നു. ബോളിവുഡിലെ ഈ പ്രമുഖ ജോഡികളുടെ മലയാള സിനിമയോടുള്ള ആത്മബന്ധം മലയാളികളുടെ ഒരു സ്വകാര്യ അഭിമാനം കൂടിയാണ്.രാമായണ വന്‍ വിജയമാകുമ്പോള്‍ നിതേഷും മലയാള സിനിമയും തമ്മിലുള്ള ബന്ധവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.