ദീപാവലി ആഘോഷത്തിനിടെ പങ്കുവച്ച ചിത്രങ്ങളുടെ പേരിൽ നടി പ്രിയങ്ക ചോപ്രയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനം. ആഘോഷവേളയിൽ മാംസാഹാരം കഴിക്കുന്നതിന്‍റെ ചിത്രങ്ങൾ പങ്കുവച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചത്. താരം കഴിക്കുന്ന ഭക്ഷണം ചിക്കനാണോ കൊഞ്ചാണോ എന്ന കാര്യത്തിൽ പോലും സമൂഹമാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിൽ പ്രിയങ്കയുടെ ചിത്രങ്ങൾ പങ്കുവച്ച് നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തുന്നത്.
ദീപാവലി പോലെയുള്ള വിശേഷദിവസത്തിൽ മാംസാഹാരത്തിന്‍റെ ചിത്രം പങ്കുവച്ചത് ഹിന്ദുക്കളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണെന്നാണ് വിമർശകരുടെ ആരോപണം. വ്യക്തികൾക്ക് ഇഷ്ടമുള്ള ഭക്ഷണരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെങ്കിലും മതപരമായ ആഘോഷങ്ങളുടെയും സാംസ്കാരിക പാരമ്പര്യങ്ങളുടെയും പ്രാധാന്യം മാനിക്കണമെന്നാണ് ഒരു വിഭാഗം ഉയർത്തുന്ന വാദം.
'സ്വന്തം ഭക്ഷണരീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ ദീപാവലി പോലെയുള്ള പവിത്രമായ ഉത്സവദിവസം എന്തിനാണ് മാംസാഹാരത്തിന്‍റെ ചിത്രം പങ്കുവയ്ക്കുന്നത്? വ്യക്തിസ്വാതന്ത്ര്യത്തോടൊപ്പം ജനങ്ങളുടെ മതപരമായ വികാരങ്ങളെയും സാംസ്കാരിക പാരമ്പര്യങ്ങളെയും ബഹുമാനിക്കേണ്ടതുണ്ട്' എന്നാണ് ഒരു കമന്റ്.
'പ്രിയങ്ക ചോപ്ര, എന്തിനാണ് ഈ ഇരട്ടത്താപ്പ്? ഇത് ഹിന്ദു വിശ്വാസത്തോടും പാരമ്പര്യത്തോടുമുള്ള അനാദരവല്ലേ?', 'ദീപാവലി സാംസ്കാരികമായും മതപരമായും പ്രാധാന്യമുള്ള ആഘോഷമാണ്. എന്തിനാണ് ഞങ്ങളുടെ പാരമ്പര്യങ്ങളെ അനാദരിക്കുന്നത്?' എന്നിങ്ങനെയാണ് മറ്റ് ചില പ്രതികരണങ്ങൾ. പ്രിയങ്കയുടെ ഭക്ഷണസ്വാതന്ത്ര്യത്തെ പിന്തുണയ്ക്കുന്നവരും വിമർശനങ്ങൾക്കെതിരെ രംഗത്തുണ്ട്.
നേരത്തെ കർവാ ചൗത്ത് ആഘോഷത്തിനിടെ താരം പങ്കുവച്ച ചിത്രങ്ങളും വിവാദമായിരുന്നു. ആഘോഷച്ചടങ്ങുകളുടെ ചിത്രങ്ങൾക്കൊപ്പം പിന്നിൽനിന്ന് പകർത്തിയ സ്വന്തം ചിത്രവും പ്രിയങ്ക പങ്കുവച്ചിരുന്നു. ഈ ചിത്രത്തിനെതിരെയായിരുന്നു അന്ന് ഒരു വിഭാഗത്തിന്റെ വിമർശനം. പ്രിയങ്കയുടെ കര്‍വാ ചൗത്ത് ചിത്രങ്ങളും ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.