സിനിമകൾക്ക് മേൽ കർശന നിയന്ത്രണങ്ങളുമായി കേന്ദ്ര സെൻസർ ബോർഡ്. സിനിമകളുടെ പേരുകൾ മുൻകൂട്ടി അംഗീകരിച്ചതായി കണക്കാക്കില്ലെന്നും, എപ്പോൾ വേണമെങ്കിലും ടൈറ്റിൽ മാറ്റാൻ ബോർഡിന് അധികാരമുണ്ടെന്നും മുന്നറിയിപ്പ് നൽകി ബോർഡ് അഡ്വൈസറി പുറത്തിറക്കി. ബോർഡിന് മുകളിൽ കോടതികളുണ്ടെന്ന് ഓർക്കണമെന്നും അഡ്വൈസറി ഉടൻ പിൻവലിക്കണമെന്നും ഫിലിം ചേംബർ ആവശ്യപ്പെട്ടു.
സിനിമയുടെ റിലീസ് തീയതി മുൻനിർത്തി സർട്ടിഫിക്കേഷൻ നടപടികൾ ഇനി വേഗത്തിലാക്കില്ല. 'വർക്ക്-ഇൻ-പ്രോഗ്രസ്സ്' ചിത്രങ്ങളുടെ അപേക്ഷകൾ ഇനി സ്വീകരിക്കില്ല. ഇതിനൊപ്പമാണ് സിനിമകളുടെ പേര് അവസാന നിമിഷം മാറ്റാൻ അധികാരമുണ്ടെന്നും സെൻസർ ബോർഡിന്റെ ഓർമപ്പെടുത്തൽ. സാധാരണ ഗതിയിൽ റിലീസിന് ഒരാഴ്ച മുൻപാണ് സിനിമകളുടെ സെൻസറിങ് നടക്കുക. അവസാന നിമിഷം പേര് മാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടാൽ രണ്ട് വർഷമെടുത്തൊക്കെ ഷൂട്ട് ചെയ്യുന്ന സിനിമകളുടെ ബിസിനസ് തകിടം മറിയുമെന്ന് ചുരുക്കം. സെൻസർ ബോർഡിന്റെ ഈ ഏകപക്ഷീയമായ നടപടി സിനിമാ നിർമാണ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ വി. തോമസ് ആരോപിച്ചു.
സമീപകാലത്ത് സിനിമകളുടെ പേര് മാറ്റാൻ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നിയമപരമായ സ്വന്തം അധികാരം ഓർമപ്പെടുത്തി സെൻസർ ബോർഡ് അഡ്വൈസറി പുറത്തിറക്കിയത്.