ലൈംഗികതയും സ്ത്രീ കാമനയും ആഗോളതലത്തില്‍ ബിഗ് സ്ക്രീനുകളില്‍ ദൃശ്യഭംഗിയോടെ ധീരമായ അവതരിപ്പിച്ച വിഖ്യാത ഇറോട്ടിക് സിനിമാ സംവിധായകന് ടിന്റോ ബ്രാസ് അന്തരിച്ചു. 93 വയസായിരുന്നു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് നവംബര്‍ നാലിനായിരുന്നു അന്ത്യം. കേവലം അശ്ലീലം എന്ന് കരുതിയിരുന്ന സംഭവങ്ങളെ രാഷ്ട്രീയവും ഫാസിസ്റ്റ് വിരുദ്ധതയും മനുഷ്യന്റെ ആന്തരിക ചോദനകളുടെ പച്ചയായ ആവിഷ്കാരവുമായി വെള്ളിത്തിരയിലെത്തിക്കുന്നതില്‍ സമര്‍ഥനായിരുന്നു ടിന്റോ ബ്രാസ്. 1960കളിലാണ് ബ്രാസ് സിനിമാലോകത്തേക്ക് കാലെടുത്തുവയ്ക്കുന്നത്. ഫ്രഞ്ച് ന്യൂവേവ് സിനിമകളുടെ സ്വാധീനമുള്ള തന്റെ ആദ്യകാല സിനിമകളിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ ബ്രാസ് വിളിച്ചോതി. Chi lavora è perduto (1963), The Howl (Il urlo - 1970) എന്നീ സിനിമകള്‍ ഇതിനുദാഹരണമാണ്.
1970കളുടെ മധ്യത്തോടെ ലൈംഗികത സിനിമകളിലെ പ്രധാന ഭാഗമാക്കാന്‍ ബ്രാസ് തീരുമാനിച്ചു. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികള്‍ നടത്തിയിരുന്ന വേശ്യാലയത്തിന്റെ കഥ പറഞ്ഞ സലോണ്‍ കിറ്റി പ്രശംസ നേടി.
1979ല്‍ റോമാസാമ്രാജ്യത്തിന്റെയും ചക്രവര്‍ത്തിയായിരുന്ന കലിഗുലയുടെയും കഥ പറഞ്ഞ കലിഗുല ബ്രാസിലെ സംവിധായകനെ ലോകത്തെയറിയിച്ചു. സിനിമയില്‍ ലൈംഗിക സീനുകള്‍ കുത്തിക്കയറ്റിയെന്നാരോപിച്ച് നിര്‍മാതാവുമായി നിയമപോരാട്ടം വരേയുണ്ടായി. 1980കളുടെ കാലഘട്ടത്തില്‍ സ്ത്രീപക്ഷ ഇറോട്ടിക് സിനിമകളിലാണ് ബ്രാസ് ശ്രദ്ധ കേന്ദ്രീകരിച്ചത്. സ്ത്രീകളുടെ ലൈംഗിക സ്വാതന്ത്ര്യത്തിനും പ്രണയ ലൈംഗിക ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്കി ഇറങ്ങിയ സിനിമകള്‍ വന്‍ ശ്രദ്ധ നേടി.
സിനിമകളിലെ സ്ത്രീകൾ പാവങ്ങളോ ഇരകളോ അല്ല. സ്വന്തം ശരീരത്തിന്മേലും ലൈംഗികതയിലും പൂർണ്ണ സ്വാതന്ത്ര്യമുള്ളവരാണ് എന്നതാണ് ബ്രാസ് സിനിമകളുടെ പ്രത്യേകതകളിലൊന്ന്. ചിലർ അദ്ദേഹത്തെ അശ്ലീല സംവിധായകൻ എന്ന് വിളിച്ചപ്പോൾ, മറ്റുചിലർ മനുഷ്യശരീരത്തിന്റെ സൗന്ദര്യത്തെയും സ്വാതന്ത്ര്യത്തെയും ഭയമില്ലാതെ ചിത്രീകരിച്ച കലാകാരനായി അദ്ദേഹത്തെ കണ്ടു. സിനിമയിലെ ലൈംഗികതയെ ഒളിച്ചുവെക്കേണ്ട ഒന്നല്ല എന്ന് പ്രഖ്യാപിച്ച സംവിധായകനായിരുന്നു ടിന്റോ ബ്രാസ്.