രാധിക ആപ്തേ– ബാലകൃഷ്ണ വിവാദത്തില്‍ രൂക്ഷ പ്രതികരണവുമായി നടി റെജീന കസാന്‍ഡ്ര. ബാലകൃഷ്ണ നായകനായ ദി ലെജന്‍ഡ് സിനിമയെ പറ്റി സംസാരിക്കവേ പ്രായത്തിൽ വളരെ വലിയ വ്യത്യാസമുള്ള ഒരു നടനുമായി പ്രണയരംഗങ്ങളിൽ അഭിനയിക്കേണ്ടി വന്നുവെന്നും കഥയുടെ പകുതിയാകുമ്പോൾ തന്റെ കഥാപാത്രം മരിച്ചപ്പോള്‍ ആശ്വാസമായെന്നും രാധിക പറഞ്ഞിരുന്നു. ഇതിനോടാണ് റെജീനയുടെ പ്രതികരണം. പെദ്ധി സിനിമയില്‍ അഭിനയിച്ചതില്‍ നാണക്കേടും കുറ്റബോധവും തോന്നിയെന്ന് പറഞ്ഞ നടി ജാന്‍വി കപൂറിന്‍റെ പരാമര്‍ശത്തോടും റെജീന പ്രതികരിച്ചു. 

അക്ഷയ് കുമാർ നായകനായ 'കേസരി ചാപ്റ്റർ 2' എന്ന ചിത്രത്തിൽ അക്ഷയ്‌യുടെ ഭാര്യയുടെ പ്രധാന വേഷം ചെയ്ത തന്നെ പ്രൊമോഷൻ പരിപാടികളിൽ നിന്നും പോസ്റ്ററുകളിൽ നിന്നും കരണ്‍ ജോഹറിന്റെ 'ധർമ്മ പ്രൊഡക്ഷൻസ്' പൂർണ്ണമായി ഒഴിവാക്കിയെന്ന് റെജീന ആരോപിച്ചു. അതിനെ എന്ത് ഒബ്ജോക്ടിഫിക്കേഷന്‍ എന്നാണ് വിളിക്കേണ്ടതെന്ന് റെജീന ചോദിച്ചു. തെന്നിന്ത്യന്‍ നടിയായതിനാല്‍ ബോളിവുഡില്‍ വിവേചനം നേരിട്ടെന്നും ഇന്ത്യ ടുഡെയ്​ക്ക് നല്‍കിയ അഭിമുഖത്തില്‍ റെജീന പറഞ്ഞു. 

'ജാൻവി കപൂർ സംസാരിക്കവെ താൻ പലപ്പോഴും ഒരു വസ്തുവിനെപ്പോലെയാണ് പരിഗണിക്കപ്പെട്ടതെന്ന് തുറന്നുപറഞ്ഞിരുന്നു. തന്റെ അഭിപ്രായങ്ങൾ തുറന്നുപറയാൻ പോലും അവസരം ലഭിച്ചിരുന്നില്ലെന്നും ഒരു കാര്യത്തോട് 'നോ' പറയാൻ കഴിയാത്ത സാഹചര്യമായിരുന്നുവെന്നും ജാൻവി പറഞ്ഞു.

എന്നാൽ ഞാൻ അഭിനയിച്ച ധർമ പ്രൊഡക്‌ഷൻസിന്റെ ചിത്രമായ 'കേസരി 2'വിന്റെ പ്രമോഷനിൽ നിന്ന് കരൺ ജോഹർ എന്നെ മാറ്റിനിർത്തുകയായിരുന്നു. ഇതിനെ ഞാൻ എന്താണ് വിളിക്കേണ്ടത്? ഞാൻ ദക്ഷിണേന്ത്യക്കാരിയായതുകൊണ്ടാണോ ഇങ്ങനെ ചെയ്തത്? ഇന്നുവരെ എന്തുകൊണ്ടാണ് അങ്ങനെ ചെയ്തതെന്ന് എനിക്ക് അറിയില്ല.

എന്തുകൊണ്ടാണ് സിനിമയുടെ പ്രമോഷനിൽ എന്റെ പേര് പോലും ഉൾപ്പെടുത്താതിരുന്നത്? ചിത്രത്തിലെ ഒരു പാട്ട് ഇൻസ്റ്റഗ്രാമിലൂടെ റിലീസ് ചെയ്തിരുന്നു. ആ പാട്ടിന്റെ തുടക്കം മുതൽ അവസാനം വരെ ഞാൻ മാത്രമാണുള്ളത്. എന്നാൽ അതിന്റെ പ്രമോഷനിൽ ഒരിടത്തുപോലും എന്റെ പേര് പരാമർശിച്ചിരുന്നില്ല.

 

ഇത്തരം കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനോ അതൊരു വലിയ വിവാദമാക്കാനോ എനിക്ക് താൽപര്യമില്ല. സത്യത്തിൽ ഇത്തരം കാര്യങ്ങൾ പുറത്തുപറയാൻ എനിക്ക് ഇഷ്ടമല്ല. രാധിക ആപ്‌തെയെയും ജാൻവി കപൂറിനെയും പോലുള്ളവർ ഇത്തരം അനുഭവങ്ങൾ തുറന്നുപറയുന്നത് എനിക്ക് മനസ്സിലാകും. എന്നാൽ പ്രായം കൂടിയ നായകന്മാർക്കൊപ്പം അഭിനയിച്ചിട്ടുള്ള സ്ത്രീകൾ ഇവർ മാത്രമല്ലല്ലോ.

നിങ്ങൾക്ക് ഒരു സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ അതിൽ അഭിനയിക്കേണ്ടെന്ന് തീരുമാനിക്കാനും സിനിമയിൽനിന്ന് പിന്മാറാനും നിങ്ങൾക്ക് പൂർണ അവകാശമുണ്ട്. അങ്ങനെ സിനിമയിൽനിന്ന് പിന്മാറിയ കാര്യം പരസ്യമായി പറയുകയുമാകാം. അതാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന നല്ല കാര്യം.

ഒരുപക്ഷേ അത്തരമൊരു തീരുമാനം എടുക്കാൻ കഴിയാത്ത സാഹചര്യത്തിലേക്ക് നിങ്ങൾ എത്തിപ്പെട്ടിട്ടുണ്ടാകാം. അത് എനിക്ക് മനസ്സിലാകും. എന്നാൽ നിങ്ങളെ ആരും ബലാത്സംഗം ചെയ്തിട്ടില്ലല്ലോ. പൂർണമായും നിസ്സഹായമായ ഒരു സാഹചര്യത്തിലേക്ക് നിങ്ങളെ തള്ളിയിട്ടതായും പറയാനാകില്ലല്ലോ. ഇന്ന് ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ നിയമപരമായ മാർഗങ്ങളുണ്ട്.

തീർച്ചയായും ഇത്തരം അനുഭവങ്ങൾ തുറന്നുപറയണം. അതേക്കുറിച്ച് ചർച്ചകൾ നടക്കുകയും വേണം. എന്നാൽ അതിന്റെ പേരിൽ ഉത്തരേന്ത്യ–ദക്ഷിണേന്ത്യ വിഭജനം സൃഷ്ടിക്കരുത്. അത് സിനിമാ വ്യവസായത്തിന് വളരെ ദോഷകരമാണ്.

 

എന്നെപ്പോലുള്ള ദക്ഷിണേന്ത്യൻ അഭിനേതാക്കൾക്ക് അത് കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കും. ഉത്തരേന്ത്യയിൽ എത്തുമ്പോൾ തന്നെ ദക്ഷിണേന്ത്യൻ നടിയെന്ന പേരിൽ എനിക്ക് വേണ്ടത്ര പരിഗണന ലഭിക്കാറില്ല. എന്നാൽ എന്റെ ഹിന്ദി ഒരുപക്ഷേ തമിഴിനേക്കാൾ മികച്ചതാണ്. സ്കൂളിലും കോളജിലും ഹിന്ദി പഠിച്ചിട്ടുണ്ട്. എനിക്ക് അഭിനയിക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുമുണ്ട്.

ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവ കൈകാര്യം ചെയ്യാൻ കൃത്യമായ മാർഗങ്ങളും അതേക്കുറിച്ച് സംസാരിക്കാൻ അനുയോജ്യമായ വേദികളുമുണ്ട്. ഇന്ന് ജാൻവി കപൂർ ഒരുപക്ഷേ സുരക്ഷിതമായ ഒരു സാഹചര്യത്തിലായതുകൊണ്ടാകാം ഇത്തരം കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്നത്. സ്ത്രീകൾക്ക് ഇത്തരം അനുഭവങ്ങൾ തുറന്നുപറയാൻ കഴിയുന്ന സുരക്ഷിതമായ ഒരിടം ഒരുക്കുക എന്നതാണ് നമ്മൾ ആഗ്രഹിക്കേണ്ടതും.

എന്നാൽ ധർമ പ്രൊഡക്‌ഷൻസ് എന്നെ സിനിമയുടെ പ്രമോഷനിൽനിന്ന് പൂർണമായും മാറ്റിനിർത്തിയതിനെക്കുറിച്ച് ആരാണ് ചോദിക്കുക? അതും വളരെ വിചിത്രമായ കാര്യമാണ്. ചിത്രത്തിൽ അക്ഷയ് കുമാറിന്റെ ഭാര്യയായാണ് ഞാൻ അഭിനയിച്ചത്. വളരെ പ്രധാനപ്പെട്ട കഥാപാത്രവുമായിരുന്നു അത്. എന്നിട്ടും എന്നെ ഉൾപ്പെടുത്തി ഒരു പ്രമോഷൻ പോലും നടത്തിയില്ല. എവിടെയും എന്റെ പേര് പോലും പരാമർശിച്ചില്ല,' റെജീന പറഞ്ഞു. 

ENGLISH SUMMARY:

Actress Regina Cassandra has reacted strongly to the recent controversies surrounding Radhika Apte and Janhvi Kapoor regarding their negative experiences in the film industry. While acknowledging the challenges faced by actresses working with much older co-stars, Regina questioned why some actors choose to complain after willingly signing projects instead of opting out. Furthermore, the South Indian actress alleged severe discrimination in Bollywood, claiming she was completely excluded from promotions and posters of Karan Johar's 'Kesari Chapter 2' despite playing Akshay Kumar's wife. She also emphasized that while sharing such experiences is important, creating a North-South divide harms the industry.