മലയാളസിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പമുള്ള പഴയൊരു കാർ യാത്രാനുഭവം പങ്കുവെച്ച് നടനും എഴുത്തുകാരനുമായ വി.കെ ശ്രീരാമൻ. ഊട്ടിയിൽ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടി ഓടിച്ച കാർ പത്തുവയസുകാരനായ സ്കൂൾ കുട്ടിയെ ഇടിച്ച സംഭവവും തുടർന്നുണ്ടായ രസകരമായ അനുഭവങ്ങളുമാണ് അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ഓർത്തെടുത്തത്. ഒരു സിനിമാക്കഥയെ വെല്ലുന്ന ട്വിസ്റ്റും ക്ലൈമാക്സുമാണ് ആ സംഭവത്തിനുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു.   

ഏതാണ്ട് നാല്പത് വർഷങ്ങൾക്ക് മുൻപ് പവിത്രൻ സംവിധാനം ചെയ്ത 'ഉത്തരം' എന്ന സിനിമയുടെ ഷൂട്ടിങ് ഊട്ടിയിൽ നടക്കുന്ന സമയത്താണ് സംഭവമെന്ന് വി.കെ ശ്രീരാമന്‍ പറയുന്നു. മമ്മൂട്ടി തന്റെ പ്രശസ്തമായ 369-ാം നമ്പർ കോണ്ടസ കാറോടിച്ച് മലയിറങ്ങുകയായിരുന്നു. കാറിൽ മുൻസീറ്റിൽ താനുമുണ്ടായിരുന്നെന്ന് ശ്രീരാമന്‍ പറഞ്ഞു. യാത്രയ്ക്കിടയിൽ ഒരു കോൺവെന്റ് സ്കൂളിന് മുന്നിൽ വെച്ച് റോഡ് മുറിച്ച് കടന്ന് ബസിൽ കയറാൻ ഓടിയ പത്തുവയസുകാരനായ കുട്ടിയെ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ മുൻസീറ്റിലിരുന്ന തന്‍റെ തല ചില്ലിൽ ചെന്നിടിച്ചെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപകടത്തിന് പിന്നാലെ മമ്മൂട്ടിയും നെറ്റി തടവിക്കൊണ്ട് താനും പുറത്തിറങ്ങി. തമിഴ്നാട്ടിലെ നാട്ടുകാർ അക്രമാസക്തരായി കാർ തല്ലിപ്പൊളിക്കുമെന്നും തങ്ങളെ കൈകാര്യം ചെയ്യുമെന്നുമാണ് ആദ്യം കരുതിയതെന്ന് ശ്രീരാമൻ പറയുന്നു. എന്നാൽ, ആളുകളുടെ ഭാഗത്തുനിന്നും തികച്ചും അപ്രതീക്ഷിതമായ പ്രതികരണമാണ് ഉണ്ടായത്. 

കാറിടിച്ച് റോഡരികിലെ കാനയിലേക്ക് തെറിച്ച കുട്ടിയെ സ്കൂളിലെ സെക്യൂരിറ്റി ജീവനക്കാരനും മറ്റ് നാട്ടുകാരും ചേർന്ന് പൊക്കിയെടുത്ത് മുന്നോട്ട് വരുന്നതാണ് കണ്ടത്. പരിക്കേറ്റ് വീണെന്ന് കരുതിയ കുട്ടി സന്തോഷത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. കുട്ടിയുടെ തുടയ്ക്കാണ് കാറിടിച്ചതെങ്കിലും, യാദൃശ്ചികമായി അന്നേരം കുട്ടി തന്റെ ട്രൗസറിന്റെ പോക്കറ്റിൽ രണ്ട് ക്രിക്കറ്റ് ബോളുകൾ കുത്തിനിറച്ചിട്ടുണ്ടായിരുന്നു. ഇടികൊണ്ടത് ആ ബോളുകളിലായതിനാൽ കുട്ടിക്ക് കാര്യമായ പരിക്കുകളൊന്നും പറ്റിയിരുന്നില്ല. മാത്രമല്ല, സർക്കസ് കളിക്കാർ വീഴുന്നത് പോലെ കുട്ടി കാനയ്ക്ക് മേലെയുള്ള വള്ളിപ്പടർപ്പിലേക്ക് സുരക്ഷിതമായി വീഴുകയായിരുന്നു.   

തുടർന്ന് വീരപ്പൻ മീശയും കോട്ടും തലക്കെട്ടുമായെത്തിയ സ്കൂൾ സെക്യൂരിറ്റി ജീവനക്കാരൻ മമ്മൂട്ടിയുടെ കൈപിടിച്ച് പറഞ്ഞത് ഇങ്ങനെയായിരുന്നു, 'പാർത്താൽ എന്നമോ പെരിയ ആക്സിഡന്റ് ആനാ, യാർക്കും ഒണ്ണും ആഹലെ. പടത്തിലെ സ്റ്റണ്ട് സീൻ മാതിരി. പെരിയവരേ നീങ്ക താൻ ഹീറോ, കൊട് കൈ'  എന്ന്. 

സംഭവത്തിന് ശേഷം വണ്ടിയിൽ തിരിച്ചുകയറിയ മമ്മൂട്ടി, 'നീ പേടിച്ചുപോയോ?' എന്ന് തന്നോട് ചോദിച്ചെന്ന് ശ്രീരാമന്‍ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ കുട്ടിയേയും കൂട്ടി പിന്നാലെ വരുമോ എന്ന പേടിയോടെയാണ് കോയമ്പത്തുര്‍ വരെ പോയതെന്നും അദ്ദേഹം ഓര്‍ത്തെടുത്തു. 

ENGLISH SUMMARY:

Actor and writer V.K. Sreeraman shared a memorable incident involving megastar Mammootty during the shooting of the movie 'Utharam' in Ooty nearly 40 years ago. While Mammootty was driving his iconic '369' Contessa car down the hill, it collided with a 10-year-old schoolboy who ran across the road near a convent school. Expecting an angry mob to attack them, the duo was surprised to find the boy unhurt, saved by two cricket balls in his trouser pockets that cushioned the impact. The school's security guard praised Mammootty for the movie-like stunt scene, making it a dramatic yet humorous memory for both actors