asin-rahul-sharma-screen-free-parenting-daughter

ഡിജിറ്റൽ യുഗത്തിൽ കുട്ടികളുടെ സ്ക്രീൻ ടൈം അനിയന്ത്രിതമായി വർധിച്ചുവരുന്നതിനിടെ, മകളെ സ്ക്രീനുകളിൽനിന്ന് അകറ്റിനിർത്തി വായനയ്ക്ക് പ്രാധാന്യം നൽകി വളർത്തുകയാണ് നടി അസിനും ഭർത്താവും വ്യവസായിയുമായ രാഹുൽ ശർമയും. മൈക്രോമാക്സിന്റെ സഹസ്ഥാപകനായ രാഹുൽ ശർമ അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് ഏഴു വയസ്സുകാരിയായ മകൾ അരിൻ റെയ്ൻ ശർമ സ്മാർട്ട്ഫോണുകളും ടിവിയും ടാബ്‌ലെറ്റുകളും ഉപയോഗിക്കാതെ വളരുന്നതിനെക്കുറിച്ചും കൊറിയൻ, ജാപ്പനീസ്, തായ്, ചൈനീസ് ഭാഷകൾ ഉൾപ്പെടെ 12-ഓളം ഭാഷകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും വെളിപ്പെടുത്തിയത്. വേറിട്ട ഈ പേരന്റിങ് രീതി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.

തങ്ങളുടെ വീട്ടിൽ മകൾക്ക് ടിവിയോ മൊബൈൽ ഫോണുകളോ ഉപയോഗിക്കാൻ നൽകാറില്ലെന്നും സ്ക്രീനുകളിൽനിന്ന് പൂർണമായും അകറ്റിനിർത്തി വായന പ്രോത്സാഹിപ്പിച്ചാണ് അവളെ വളർത്തുന്നതെന്നും രാഹുൽ ശർമ വ്യക്തമാക്കി. അരിൻ പഠിക്കുന്ന സ്കൂളിലുള്ളതിനേക്കാൾ കൂടുതൽ പുസ്തകങ്ങൾ വീട്ടിലുണ്ടെന്നും രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾക്കായി എട്ടും ഒൻപതും ക്ലാസുകളിലെ പുസ്തകങ്ങൾ വരെ വാങ്ങിവച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മകൾ ഇപ്പോൾത്തന്നെ പത്താം ക്ലാസ് ബോർഡ് പരീക്ഷ എഴുതാൻ പ്രാപ്തയാണെന്ന് തമാശയായി പറയാറുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. മകളുടെ ഈ നേട്ടങ്ങൾക്കും മികച്ച വളർച്ചയ്ക്കും പിന്നിൽ പൂർണമായും ഭാര്യ അസിനാണെന്നും വീട്ടുകാര്യങ്ങളും മകളുടെ പഠനവുമെല്ലാം മികച്ച രീതിയിൽ മുന്നോട്ടുകൊണ്ടുപോകുന്നത് അവളാണെന്നും രാഹുൽ പ്രശംസിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം അസിനെ വിവാഹം കഴിച്ചതാണെന്നും ഏതു പ്രതിസന്ധിയിലും തുണയായി നിന്നത് അവളുടെ കരുത്താണെന്നും രാഹുൽ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ‘നരേന്ദ്രൻ മകൻ ജയകാന്തൻ വക’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അസിൻ പിന്നീട് തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും ശ്രദ്ധേയ താരമായി. 2016-ൽ വിവാഹിതയായതിനു പിന്നാലെ സിനിമയിൽനിന്ന് പൂർണമായി വിട്ടുനിന്നു. കുടുംബജീവിതത്തിന് മുൻഗണന നൽകുന്നതിനൊപ്പം മകളുടെ വളർച്ചയ്ക്കും പഠനത്തിനും പ്രാധാന്യം നൽകുന്ന അസിന്റെയും രാഹുലിന്റെയും പേരന്റിങ് രീതിക്ക് സോഷ്യൽ മീഡിയയിൽ വ്യാപകമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്.

ENGLISH SUMMARY:

In an era dominated by screens, actress Asin and her husband, Micromax co-founder Rahul Sharma, have drawn widespread admiration for their unique parenting approach towards their seven-year-old daughter, Arin Rayn Sharma. Speaking in a recent interview, Rahul revealed that Arin is raised completely screen-free—without smartphones, tablets, or televisions. Instead, encouraged by extensive reading, Arin effortlessly handles around 12 languages, including Korean, Japanese, Thai, and Chinese. Rahul credited Asin entirely for Arin’s exceptional achievements and discipline, adding that their home boasts more books than Arin's school library. Asin, who stepped away from acting following her marriage in 2016, has focused on her family, winning praise across social media for her exemplary parenting strategy.