fauzi

TOPICS COVERED

പ്രഭാസ് നായകനായി ഹനു രാഘവപുടി രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബജറ്റ് പാൻ ഇന്ത്യൻ ചിത്രം ‘ഫൗസി’യുടെ സ്പെഷൽ ഗ്ലിംപ്സ് വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് വിഡിയോ റിലീസ് ചെയ്തത്. ‘ഫയൽ നമ്പർ 25’ എന്ന പേരിൽ എത്തിയ ടീസർ, പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മാസ് ഇന്‍ട്രോയായാണ് ഒരുക്കിയത്.

നായകനെ പറ്റി പറയാന്‍ വിഡിയോയിലെത്തിയത് സാക്ഷാല്‍ സുഭാഷ് ചന്ദ്രബോസും ഹിറ്റ്ലറുമായിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ‘ഫൗസി’യുടെ കഥ നടക്കുന്നത്. 1942 മേയ് 29ന് ബെർലിനിൽ നേതാജി സുഭാഷ് ചന്ദ്രബോസും അഡോൾഫ് ഹിറ്റ്ലറും തമ്മിൽ നടക്കുന്ന ചരിത്രപരമായ കൂടിക്കാഴ്ചയോടെയാണ് ഗ്ലിംപ്സ് ആരംഭിക്കുന്നത്. ബ്രിട്ടിഷ് കൊളോണിയൽ ഭരണത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ ജർമനിയുടെ പിന്തുണ തേടുകയാണ് നേതാജി. ബ്രിട്ടിഷ് സാമ്രാജ്യത്തെ പരാജയപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിയുമോ എന്ന ഹിറ്റ്ലറുടെ ചോദ്യത്തിന്, ബ്രിട്ടിഷ് രഹസ്യാന്വേഷണ വിഭാഗത്തെ നിരന്തരം വെട്ടിലാക്കുന്ന ഒരു ഇന്ത്യൻ പോരാളിയുടെ കഥയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. 

കൃത്യമായ ആസൂത്രണത്തിലൂടെ സൈനിക നീക്കങ്ങളെ വഴിതിരിച്ചുവിടുകയും തന്ത്രപ്രധാനമായ ദൗത്യങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഈ പോരാളിയുടെ യഥാർഥ വ്യക്തിത്വം ബ്രിട്ടിഷുകാർക്ക് ഇപ്പോഴും അജ്ഞാതമാണെന്നും ഭഗവദ്ഗീതയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട രഹസ്യ ആശയവിനിമയ കോഡ് ആണ് ഇയാൾ ഉപയോഗിക്കുന്നതെന്നും നേതാജി പറയുന്നു. വിവരണം കേട്ട് ആവേശം കയറിയ ഹിറ്റ്ലര്‍ ഈ പോരാളിയെ കാണണമെന്ന് ആവശ്യപ്പെടുന്നതോടെ ചുണ്ടില്‍ സിഗരറ്റും കത്തിച്ച് പ്രഭാസിന്‍റെ മാസ് ഇന്‍ട്രോ. 

തെലുങ്ക് വിഡിയോ ആരാധകര്‍ ഏറ്റെടുത്തെങ്കിലും മലയാളം ടീസറിന് പരിഹാസവും വിമര്‍ശനവും കടുക്കുകയാണ്. പ്രഭാസിനെ തള്ളാന്‍ നേതാജിയേയും ഹിറ്റ്ലറേയും കൊണ്ടുവന്നത് കുറച്ച് കൂടിപ്പോയില്ലേ എന്നാണ് കമന്‍റ് ബോക്സ് ചോദിക്കുന്നത്. സോഷ്യല്‍ മീഡിയയിലും വിഡിയോയ്​ക്ക് വിമര്‍ശനം കടുക്കുകയാണ്. ഇനി ചായക്കടക്കാരന് റെസ്റ്റ് എടുക്കാമെന്നും നായകനെ തള്ളാന്‍ പുതിയ ആള്‍ വന്നുവെന്നും സോഷ്യല്‍ മീഡിയ. മലയാളം ഡബ്ബിങ്ങിന് നിലവാരമില്ലെന്നും ഹിറ്റ്ലറിന്‍റെ ഡയലോഗും സൗണ്ട് മോഡുലേഷനും കേട്ടിട്ട് ചിരി വരുന്നെന്നും വിമര്‍ശകര്‍ പറയുന്നു.

'ഒരുകണക്കിന് ഹിറ്റ്ലർ ഒക്കെ എത്രയോ ഭാഗ്യവാൻ ഇതൊന്നും കാണേണ്ടി വന്നില്ലല്ലോ',  'കേരളത്തിലെ കൊച്ച് പിള്ളേര് എടുക്കുന്ന ഷോർട് ഫിലിമിൽ ഇതിലും നല്ല എലവേഷന്‍ ഡയലോഗ്, ബിജിഎമ്മും ഡബ്ബിങ്ങും ഒക്കെ കാണും', 'ഇത് ചിരിക്കാതെ ഡബ്ബിങ് ചെയ്തവനെ സമ്മതിക്കണം, അപാര തൊലിക്കട്ടി,' 'മാപ്പ് തരൂ ബോസ്'  'അപ്പോള്‍ ഗാന്ധിജി അല്ലെ ബ്രിട്ടീഷുകാരെ ഓടിച്ചേ', 'നായകനെ പൊക്കി പറയുന്ന പരിപാടി നിർത്താറായില്ലേ.. ഒരു മാറ്റവും ഇല്ല', 'ഹിറ്റ്ലറിനു ആരാടാ ജോസ്‌പ്രകാശ് ആണോ ഡബ് ചെയ്തത്...' എന്നിങ്ങനെ പോകുന്ന രസകരമായി കമന്‍റുകള്‍. 

ENGLISH SUMMARY:

The special glimpse video of Prabhas's upcoming pan-Indian film 'Fauzi', directed by Hanu Raghavapudi, has sparked massive online trolling and humorous reactions from Malayalam audiences. Set against the backdrop of World War II, the teaser features fictional interactions between Subhash Chandra Bose and Adolf Hitler discussing an enigmatic Indian freedom fighter. While Telugu fans embraced the high-budget promo, social media users in Kerala ruthlessly mocked the exaggerated elevation scenes and poor dubbing. Netizens flooded the comment sections with hilarious remarks, questioning the logic of using historical figures to hype up the protagonist's entry.