prabhas

TOPICS COVERED

തെലുങ്ക് സൂപ്പർതാരം പ്രഭാസിന്റെ ആരോഗ്യത്തില്‍ ആശങ്ക പങ്കുവക്കുകയാണ് ആരാധകർ. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലെ പ്രശസ്ത ഓർത്തോപീഡിക് സർജൻ ഡോ. കെ.ജെ.റെഡ്ഡി, പ്രഭാസിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ട് കുറിച്ച കുറിപ്പാണ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. 

'ചിലർ തങ്ങളുടെ വിജയം കൊണ്ട് നമ്മെ പ്രചോദിപ്പിക്കുമ്പോൾ മറ്റു ചിലർ ലാളിത്യം കൊണ്ട് മനസ്സിൽ ഇടംപിടിക്കും,' എന്ന് കുറിച്ചാണ് ഡോക്ടർ ഫോട്ടോ പങ്കുവെച്ചത്.  പ്രഭാസിന്റെ ലളിതമായ പെരുമാറ്റത്തെയും പോസിറ്റീവ് മനോഭാവത്തെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തു. ഒരു വ്യക്തിയുടെ വിജയം മാത്രമാണ് ലോകം കാണുന്നതെന്നും അതിനു പിന്നിലെ വ്യക്തിപരമായ ത്യാഗങ്ങൾ പലരും കാണാതെ പോകുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. 

'ചിലർ അവരുടെ വിജയം കൊണ്ട് നിങ്ങളെ പ്രചോദിപ്പിക്കുമ്പോൾ, മറ്റു ചിലർ അവരുടെ എളിമയിലൂടെ മായാത്ത മുദ്ര പതിപ്പിക്കുന്നു. പ്രഭാസിനെ അറിയാനും അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ ചുമതല ഏൽക്കാനും കഴിഞ്ഞത് ഒരു സന്തോഷമാണ്. വൻ വിജയങ്ങൾ നേടിയിട്ടും അദ്ദേഹം വളരെ എളിമയുള്ളവനും സ്നേഹമുള്ളവനും മാന്യനുമായി തുടരുന്നു. അദ്ദേഹത്തിന്റെ പോസിറ്റീവ് മനോഭാവവും അതിശയകരമായ സ്വഭാവവുമാണ് അദ്ദേഹത്തെ യഥാർത്ഥത്തിൽ സവിശേഷനാക്കുന്നത്. അദ്ദേഹത്തിന് തുടർച്ചയായ വിജയങ്ങളും നല്ല ആരോഗ്യവും എപ്പോഴും സന്തോഷവും ആശംസിക്കുന്നു,' അദ്ദേഹം കുറിച്ചു.

പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലായതോടെ, പ്രഭാസിന് എന്തുപറ്റിയെന്ന ചോദ്യവുമായി ആയിരക്കണക്കിന് ആരാധകരാണ് രംഗത്തെത്തിയത്. 'ബാഹുബലി', 'സാഹോ', 'സലാർ' എന്നീ ചിത്രങ്ങളുടെ ചിത്രീകരണത്തിനിടെ പ്രഭാസിന് നിരവധി തവണ പരിക്കേറ്റിരുന്നു. വർഷങ്ങളായി കാൽമുട്ട് രോഗബാധിതനായ താരം രണ്ടുതവണ ശസ്ത്രക്രിയയ്ക്കും വിധേയനായിട്ടുണ്ട്. ഈ വർഷം ഫെബ്രുവരിയിലും ചിത്രീകരണത്തിനിടെ പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നിലവിൽ സന്ദീപ് റെഡ്ഡി വംഗയുടെ 'സ്പിരിറ്റ്', ഹനു രാഘവപൂഡിയുടെ 'ഫൗജി', 'കൽക്കി 2898 എഡി' രണ്ടാം ഭാഗം എന്നിവയുടെ തിരക്കുകളിലാണ് താരം.

ENGLISH SUMMARY:

Telugu superstar Prabhas's recent photo shared by renowned orthopedic surgeon Dr. K.J. Reddy has sparked widespread health concerns among his fans. The doctor praised the actor's humility and resilience while highlighting the hidden personal sacrifices behind his massive cinematic success. Fans quickly expressed anxiety over his well-being, recalling his previous filming injuries and knee surgeries. Despite these physical challenges, Prabhas remains focused on his upcoming high-profile projects like Spirit, Fauji, and Kalki 2898 AD Part 2.