ബോളിവുഡ് നടന് ടൈഗര്‍ ഷ്റോഫിനുനേരെ വെടിയുതിര്‍ത്ത കേസിലെ പ്രതികള്‍ നടന് രണ്‍ബീര്‍ കപൂറിനെയും ലക്ഷ്യമിട്ടെന്ന് പൊലീസ്. മുംബൈയിലെ രണ്‍ബീറിന്റെ വസതി പ്രതികള്‍ നിരീക്ഷിച്ചിരുന്നതായാണ് കണ്ടെത്തല്‍. സംഭവത്തില്‍ കൂടുതല്‍ പ്രമുഖരെ പ്രതികള്‍ ലക്ഷ്യമിട്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ബോളിവുഡ് താരങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ സിനിമാ ലോകത്തും ആരാധകർക്കിടയിലും ആശങ്ക പരത്തിയിട്ടുണ്ട്.
ടൈഗർ ഷ്റോഫിനെ ആക്രമിക്കുന്നതിന് മുൻപ് പ്രതികൾ രൺബീർ കപൂറിന്റെ ബാന്ദ്രയിലെ വീടിന്റെ പരിസരങ്ങൾ നിരീക്ഷിച്ചിരുന്നതായി പൊലീസിനോട് വെളിപ്പെടുത്തി. മുംബൈയിൽ എത്തിയ പ്രതികൾ ആദ്യം ലക്ഷ്യമിട്ടിരുന്നത് സൽമാൻ ഖാനെയായിരുന്നുവെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ സൽമാന്റെ വസതിക്ക് പുറത്ത് വൻ പൊലീസ് കാവലും സുരക്ഷയും കണ്ടതിനാൽ ആ പദ്ധതി മാറ്റിവെക്കുകയായിരുന്നു. തുടർന്ന് സുരക്ഷ കുറവുള്ള ഇരയെ തേടി പ്രതികൾ നടത്തിയ അന്വേഷണത്തിലാണ് ടൈഗർ ഷ്റോഫിലേക്ക് എത്തിയത്. താരം എല്ലാ ഞായറാഴ്ചയും ജുഹുവിലെ ഫുട്ബോൾ ഗ്രൗണ്ടിൽ എത്താറുണ്ടെന്ന വിവരം ഇൻസ്റ്റാഗ്രാം പേജുകളിലൂടെയും ഫാൻ പേജുകളിലൂടെയുമാണ് പ്രതികൾ മനസിലാക്കിയത്.
അതേസമയം, ആക്രമണത്തില്‍ ഹരിയാനയിൽ നിന്നാണ് രണ്ടുപേരെ കൂടി മുംബൈ പൊലീസ് അറസ്റ്റുചെയ്തതു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. ഒടുവില്‍ അറസ്റ്റിലായ രണ്ടുപേര്‍ അക്രമികള്‍ക്ക് ആയുധങ്ങൾ സംഘടിപ്പിക്കാൻ സഹായം നല്കിയവരാണ്. കേസിലെ പ്രധാന പ്രതികളായ രെഹാൻ എന്ന സുക്ക, റിതിക് കുർമി എന്ന റോഷൻ, ഫൂൽ സിങ് എന്നിവരെ കോടതി ഒക്ടോബർ 31 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
ആക്രമണം നടത്താന്‍ ഉപയോഗിച്ച തോക്കുകൾ കണ്ടെത്താനും ഗൂഢാലോചനയുടെ കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരാനുമാണ് പൊലീസിന്റെ ശ്രമം. യുഎസിൽ ഒളിവിൽ കഴിയുന്ന അനിൽ പണ്ഡിറ്റ് എന്ന ഗാംഗ്ലെഡറുടെ നിർദ്ദേശപ്രകാരമാണ് ഈ ആക്രമണങ്ങൾ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
കൂടാതെ ഗുജറാത്തിൽവച്ച് ലോറൻസ് ബിഷ്ണോയി സംഘത്തിലെ ഒരംഗത്തെ ഗുജറാത്ത് പൊലീസും ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ചൊവ്വാഴ്ച ഹരിയാനയിൽനിന്നും ഡൽഹിയിൽനിന്നുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലുപേരെയും അറസ്റ്റ് ചെയ്തിരുന്നു.