ഹാപ്പി വെഡിങ്ങ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ സംവിധായകനാണ് ഒമർ ലുലു. അതേ ചിത്രത്തിൽ മനു എന്ന കഥാപാത്രമായി എത്തിയത് ഷറഫുദ്ദീനായിരുന്നു. ഷറഫുദ്ദീന് ഏറെ കയ്യടികൾ നേടിക്കൊടുത്ത ചിത്രമായിരുന്നു ഹാപ്പി വെഡിങ്. ഇപ്പോൾ താൻ വിളിച്ചാൽ ഷറഫുദ്ദീന്‍ ഫോൺ എടുക്കുന്നില്ലെന്നാണ് ഒമർ ലുലുവിന്‍റെ പരാതി.
പുതിയ ചിത്രത്തിന്‍റെ കഥ പറയാൻ വേണ്ടിയാണ് താൻ ഷറഫുദീനെ വിളിക്കാൻ ശ്രമിക്കുന്നതെന്നും എന്നാൽ അദ്ദേഹം രണ്ട് മാസമായി ഫോൺ എടുക്കുന്നില്ലെന്നും ഒമർ ലുലു തമാശ രൂപേണ പറയുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ് സംവിധായകൻ താരത്തിനെ വിമർശിക്കുന്നത്.
തങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ ചിത്രമായിരുന്നു ഹാപ്പി വെഡിങ്ങ് എന്നും എന്നാൽ അതിനു ശേഷം പത്ത് വർഷം കഴിഞ്ഞിട്ടും തങ്ങൾ ഇരുവരും ഒന്നിച്ചൊരു സിനിമ ചെയ്തിട്ടില്ലെന്നും ഒമർ ലുലു പറയുന്നു. കുറച്ചുനാൾ മുൻപ് രണ്ട് പയ്യന്മാർ വന്ന് തന്‍റെ അടുത്ത് കഥപറഞ്ഞെന്നും അതിലെ കഥാപാത്രത്തിന് ഷറഫുദ്ദീൻ ചേരുമെന്ന് തോന്നിയതുകൊണ്ട് അദ്ദേഹത്തെ സമീപിച്ചെന്നും ഒമർ പറഞ്ഞു. സ്ക്രിപ്റ്റ് മുഴുവൻ വായിച്ചശേഷം പറയാമെന്നാണ് ഷറഫുദ്ദീൻ നല്‍കിയ മറുപടിയെന്നും അതുകൊണ്ടുതന്നെ താൻ സ്ക്രിപ്റ്റ് ബാക്കി എഴുതാന്‍ ഇരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എൺപത് ശതമാനം പൂർത്തിയാക്കിയ ശേഷം സ്ക്രിപ്റ്റ് വായിച്ച് കേൾപ്പിക്കാൻ താൻ ഷറഫുദ്ദീനെ വിളിച്ചെന്നും എന്നാൽ ഇപ്പോൾ രണ്ട് മാസമായിട്ടും ഷറഫുദ്ദീൻ ഫോൺ എടുക്കുന്നില്ലെന്നും ഒമർ ലുലു ആരോപിക്കുന്നു. ഒന്ന് ശ്രമിച്ചാൽ ഒരുമാസം കൊണ്ട് പ്രധാനമന്ത്രിയുടെ അപ്പോയിന്മെന്റ് വരെ കിട്ടുമെന്ന രാജ്യമാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. കഥ പറയാനാണ് താൻ വിളിക്കുന്നതെന്നും അല്ലാതെ കല്യാണം വിളിക്കാനല്ലെന്നും ഒമർ ലുലു പരിഹസിച്ചു.