ബൽരാജ് കളരിക്കൽ
യുവ സംവിധായകൻ ബൽരാജ് കളരിക്കല് (28) മരിച്ച നിലയില്. എറണാകുളത്തെ ഹോട്ടൽ മുറിയിലാണ് മരിച്ച നിലയില് കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം. ജിയോ ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ‘കാപ്പി സ്ക്വാഡ്’ സീരീസിന്റെ സംവിധായകനാണ്. ഒക്ടോബർ 15ന് സീരീസ് സംപ്രേക്ഷണം ആരംഭിച്ചതിന് പിന്നാലെയാണ് വിയോഗം. കോട്ടയം മണിമല സ്വദേശിയാണ്.
സീരീസിന്റെ ഷോ ഡയറക്ടർ ശ്രീകാന്തിനൊപ്പമാണ് ബൽരാജ് താമസിച്ചിരുന്നത്. റൂമിൽ തുടർച്ചയായി ബെൽ അടിച്ചിട്ടും വാതിൽ തുറക്കാത്തത് ശ്രദ്ധയില്പെട്ടതിനു പിന്നാലെ നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ‘നിഴൽ’, ‘മധുരം’, ‘ഡാകിനി’ തുടങ്ങി നിരവധി സിനിമകളിൽ അസോഷ്യേറ്റ് സംവിധായകനായും അസിസ്റ്റന്റ് ഡയറക്ടറായും ബല്രാജ് പ്രവർത്തിച്ചിട്ടുണ്ട്.
ബല്രാജിന്റെ ആദ്യ സ്വതന്ത്ര സംവിധാനമായിരുന്നു ‘കാപ്പി സ്ക്വാഡ്’. സീരീസിന്റെ നാല് എപ്പിസോഡുകളാണ് നിലവില് സ്ട്രീം ചെയ്തിട്ടുള്ളത്. 36 എപ്പിസോഡുകളുടെ ഷൂട്ടിങ് പൂർത്തിയായിരുന്നു. ബല്രാജിന്റെ അപ്രതീക്ഷിത വിയോഗത്തില് നടുങ്ങിയിരിക്കുകയാണ് സുഹൃത്തുക്കളും സഹപ്രവര്ത്തകരും.
മണിമല കളരിക്കൽ സുരേഷിന്റെ മകനാണ് ബല്രാജ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു വിവാഹം. ആതിരയാണ് ഭാര്യ. ആറുവർഷം നീണ്ടപ്രണയത്തിനുശേഷമായിരുന്നു വിവാഹം. അമ്മ സ്മിത, സഹോദരി സോജ. മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.