ബോളിവുഡ് സൂപ്പർതാരം സൽമാൻ ഖാൻ കഴിഞ്ഞ ദിവസം തന്റെ സിനിമാ ജീവിതത്തിനിടയിൽ നേരിടേണ്ടിവന്ന ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെയും പരിക്കുകളെയും കുറിച്ച് 'കോഫി വിത്ത് കറൺ' എന്ന ഷോയിലൂടെ തുറന്ന് പറച്ചിൽ നടത്തിയിരുന്നു. 2016-ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് ചിത്രം 'സുൽത്താൻ' എന്ന സിനിമയുടെ ഷൂട്ടിംഗിനിടയിൽ തനിക്ക് സംഭവിച്ച പ്രശ്നങ്ങളെകുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ഈ മനസുതുറക്കൽ.
ചിത്രത്തിലെ ഗുസ്തി രംഗങ്ങളും കടുത്ത ആക്ഷൻ സീക്വൻസുകളും തന്റെ ശാരീരിക ആരോഗ്യത്തെ മോശമായി ബാധിച്ചുവെന്നും ഒരു വേളയിൽ തലയ്ക്ക് വരെ പരുക്കേൽക്കുന്ന അവസ്ഥയുണ്ടായെന്ന് സൽമാൻ പറഞ്ഞു. മാത്രമല്ല, ആ സിനിമയുടെ ചിത്രീകരണത്തിന് ശേഷം ഹെർണിയ അടക്കമുള്ള പ്രശ്നങ്ങളും നേരിടേണ്ടതായി വന്നു. കൂടാതെ തോളിലെ പേശികൾക്കും കാൽമുട്ടിനും നടുവിനും അസ്വസ്ഥതകൾ ഉണ്ടായി.
ട്രൈജമിനൽ നെയാൾജിയ എന്ന കടുത്ത നാഡി സംബന്ധമായ രോഗാവസ്ഥയും അന്യൂറിസവും താരത്തെ തളർത്തി. അതേസമയം, ആരാധകർ ആഗ്രഹിക്കുന്നത് ഫിസിക്കലി ഫിറ്റ് ആയ തങ്ങളുടെ പ്രിയ താരത്തെയാണ്. എന്നാൽ ആരോഗ്യപ്രശ്നങ്ങൾ കാരണം ആ രൂപം നിലനിർത്താൻ കഴിയാതെ പോയത് താൻ ആരാധകരോട് ചെയ്ത നീതികേടായിട്ടാണ് സൽമാൻ ഖാൻ വിവരിച്ചത്.
"പലരും പ്രചോദനത്തിനായി തന്നെയാണ് നോക്കുന്നത്, ചെറുപ്പക്കാർ പലപ്പോഴും അവരുടെ അച്ഛന്റെ ഫിറ്റ്നസിനെ തന്റെ ഫിറ്റ്നസുമായി താരതമ്യം ചെയ്യാറുണ്ട്, അദ്ദേഹം ഇങ്ങനെയാണെങ്കിൽ, നിങ്ങൾക്ക് എന്തുകൊണ്ട് കഴിയില്ല? എന്ന് ചോദിക്കും" സൽമാൻ പറയുന്നു. അതിനാൽ, ശാരീരികമായി തളർന്നുപോയ ഘട്ടങ്ങളെ ന്യായീകരിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും താരം വ്യക്തമാക്കി.