11 വർഷത്തെ ദാമ്പത്യ ജീവിതത്തിന് ശേഷം വേർപിരിഞ്ഞതിനെക്കുറിച്ചും പങ്കാളി അപർണ തോമസുമായുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ചും മനസ്സ് തുറന്ന് അവതാരകനും നടനുമായ ജീവ ജോസഫ്. വേർപിരിഞ്ഞെങ്കിലും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നുണ്ടെന്നും പരസ്പരം ബഹുമാനിക്കുന്നുവെന്നും ജീവ വ്യക്തമാക്കി. വ്യവസായി ഫൈസൽ മലബാറുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലാണ് ജീവ ഇക്കാര്യങ്ങൾ പങ്കുവെച്ചത്.

പത്ത് വർഷത്തോളം ഒരുമിച്ച് ജീവിച്ചവർ പെട്ടെന്ന് പിരിയുമ്പോൾ പ്രയാസമുണ്ടാകില്ലേ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ജീവ. ‘തീർച്ചയായും ഉണ്ടാകും. അതുകൊണ്ടാണ് ഞങ്ങൾ ഇപ്പോഴും നല്ല ഫ്രണ്ട്സായി ഇരിക്കുന്നത്. ഇത്രയും വർഷം ഒരുമിച്ച് ജീവിച്ചതുകൊണ്ട് മാത്രമല്ല, ഞങ്ങൾ എപ്പോഴും അങ്ങനെയായിരുന്നു. 10 വർഷം ഞങ്ങൾ ഒരുമിച്ച് അടിച്ചുപൊളിച്ച് ജീവിച്ചു. അതിനുശേഷം ചില കാരണങ്ങൾ കൊണ്ട് രണ്ടു വഴിക്ക് പോകേണ്ടി വന്നു. എങ്കിലും ഞങ്ങൾ എപ്പോഴും വി സ്റ്റിൽ ബി ഫ്രണ്ട്സ്’- ജീവ പറഞ്ഞു.

ബോളിവുഡിൽ ദാമ്പത്യബന്ധം അവസാനിപ്പിച്ചശേഷവും നല്ല സുഹൃത്തുക്കളായി തുടരുന്നവരുണ്ടെന്ന് ഫൈസലും ഒപ്പം പറയുന്നുണ്ട്. കൂടാതെ ദിലീപും മഞ്ജു വാര്യരും വേർപിരിഞ്ഞിട്ടും അടുത്തിടെ മഞ്ജു വാര്യർ നേരിട്ട് പോയിട്ട് ദിലീപിന് കൈ കൊടുത്തതും ഫൈസല്‍ ചൂണ്ടിക്കാണിക്കുന്നു. പരസ്പരം കാണിക്കുന്ന മാന്യതയും വ്യക്തിത്വവുമാണ് അതെന്ന് ഫൈസല്‍ പറയുന്നു. ‘ഇത്രയും കാലം ഒരുമിച്ച് ജീവിച്ചു. ഒരു കുറ്റം പോലും അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞില്ല. അതാണ് മാതൃക’– ഫൈസല്‍ പറയുന്നു.

‘പത്ത് വർഷത്തോളം ഒരുമിച്ച് സന്തോഷത്തോടെ ജീവിച്ച രണ്ടുപേർ പിന്നീട് വേർപിരിയാൻ തീരുമാനിച്ചാൽ, അതുകൊണ്ട് അവർ പങ്കിട്ട സ്നേഹവും നല്ല ഓർമ്മകളും ഇല്ലാതാകുന്നില്ല. ഒരുമിച്ച് മുന്നോട്ടുപോകാൻ കഴിയാത്ത കാരണങ്ങൾ അവർക്കുണ്ടാകാം; അതിന്റെ യാഥാർഥ്യം അവർക്കാണ് ഏറ്റവും നന്നായി അറിയുക. വേർപിരിഞ്ഞ ശേഷവും പരസ്പരം കുറ്റപ്പെടുത്താതെയും അപമാനിക്കാതെയും ബഹുമാനം കാത്തുസൂക്ഷിക്കുന്നത് വലിയ പക്വതയാണ്. ഒരിക്കൽ സ്നേഹിച്ച വ്യക്തിയെ ശത്രുവായി കാണേണ്ടതില്ല എന്ന തിരിച്ചറിവ് അഭിനന്ദിക്കേണ്ടതാണ്. ഇത് പുതിയ തലമുറയുടെ മാത്രം പ്രത്യേകതയല്ല; ഏത് പ്രായത്തിലും വിലമതിക്കേണ്ട നല്ലൊരു സമീപനമാണ്. ബന്ധം അവസാനിച്ചാലും പരസ്പര ബഹുമാനം അവസാനിക്കേണ്ടതില്ല. ഇരുവർക്കും സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ടുപോകാൻ കഴിയട്ടെ’– ജീവയുമായുള്ള സംഭാഷണം പങ്കുവച്ച് ഫൈസല്‍ കുറിച്ചു.

മുന്‍പും ഇരുവരും ദാമ്പത്യ ബന്ധം വേര്‍പെടുത്തിയതില്‍ പ്രതികരണവുമായി എത്തിയിരുന്നു. ‘11 വർഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം ഞങ്ങൾ വേർപിരിയുകയാണ്. എവിടെയോ എന്തോ തെറ്റിപ്പോയി, ഇനിയിത് മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ലെന്ന സത്യം ഞങ്ങൾ തിരിച്ചറിയുന്നു. അതുകൊണ്ടുതന്നെ ഇരുവർക്കും വ്യത്യസ്ത വഴികളിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനം’ എന്നായിരുന്നു ജീവയുടെ പ്രതികരണം. ‘ഈ വിവാഹബന്ധം അവസാനിച്ചിരിക്കുകയാണ്. സത്യത്തിൽ എനിക്കിത് തുടരാൻ താല്പര്യവുമില്ലായിരുന്നു. ഇത് രണ്ടുപേർക്കും എളുപ്പമുള്ള ഒരു തീരുമാനമായിരുന്നില്ല, എന്നാൽ എനിക്ക് വേണ്ടി ഈ തീരുമാനം എനിക്ക് എടുക്കേണ്ടി വന്നു' - അപർണ പറഞ്ഞു. 2015 ഓഗസ്റ്റ് 24-നായിരുന്നു ഇവരുടെയും വിവാഹം. കൃത്യം 11 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേർപിരിയൽ പ്രഖ്യാപിച്ചത്.

ENGLISH SUMMARY:

Actor and television presenter Jeeva Joseph has opened up about his separation from his partner Aparna Thomas after 11 years of marriage. In a candid conversation with businessman Faisal Malabar, Jeeva shared that they remain good friends and respect each other despite taking different paths. He emphasized that the decade they spent together was filled with happy memories and that their bond as friends endures. The discussion also highlighted the importance of mutual respect and maturity when relationships come to an end.