മലയാള സിനിമയിലെ നടന സൗഭാഗ്യം നെടുമുടി വേണു ഓര്‍മയായിട്ട് ഇന്ന് അഞ്ചു വര്‍ഷം. സിനിമാ പ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവാത്തതാണ് വേഷവൈവിധ്യങ്ങളുടെ ആ നെടുമുടിക്കാലം.
ഗൗരവക്കാരനായ കാരണവരായും, തമാശക്കാരനായ കൂട്ടുകാരനായും, തനിമയാർന്ന ഗ്രാമീണനായും, ഉള്ളിൽ വഞ്ചന ഒളിപ്പിച്ച വില്ലനായും അദ്ദേഹം ക്യാമറയ്ക്ക് മുന്നിൽ ജീവിച്ചുതീർത്തു. കുട്ടനാട്ടുകാരന്റെ ഭാഷയും ശരീരഭാഷയും താളം തിളക്കിയ ചലനങ്ങളുമായിരുന്നു നെടുമുടിയുടെ കരുത്ത്. കാവാലത്തിന്റെ നാടകത്തട്ടകത്തില്‍ തേച്ചുമിനുക്കി വെള്ളിത്തിരയിലെ കൊടിമുടി കയറാന്‍ വേണു ഒരുങ്ങിയിറങ്ങി.
'തേന്മാവിൻ കൊമ്പത്തി'ലെ മാണിക്യൻ മുതലാളിയും, 'ചിത്രത്തി'ലെ കൈമളും, 'പൂച്ചക്കൊരു മൂക്കുത്തി'യിലെ രാവുണ്ണി മേനോനുമെല്ലാം ചിരിയുടെ മാസ്മരിക ലോകത്തേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോയി. 'തകര' സിനിമയിലെ ചെല്ലപ്പനാശാനും 'മണിച്ചിത്രത്താഴി'ലെ തമ്പിയും, ദേവാസുരത്തിലെ അപ്പു മാസ്റ്ററും അദ്ദേഹത്തിലെ നടന്‍റെ അഭിനയ വൈവിധ്യം ലോകത്തിന് കാട്ടിക്കൊടുത്തു. കഥാപാത്രത്തിന്‍റെ വലിപ്പച്ചെറുപ്പമല്ല, അതിൽ എത്രത്തോളം ജീവൻ തുടിക്കുന്നുണ്ടെന്നാണ് നെടുമുടി വേണു എന്ന നടന്‍ നോക്കിയത്. അതുകൊണ്ടാണ് നോര്‍ത്ത് 24 കാതത്തിലെ ഗോപാലനും, 'ചാർലി'യിലെ കുഞ്ഞപ്പനെയുമെല്ലാം ഇന്നും പ്രേക്ഷകർ നെഞ്ചിലേറ്റുന്നത്.
പെരുന്തച്ചൻ, സർവകലാശാല, അമരം, കാക്കക്കുയില്‍, സര്‍ഗം തുടങ്ങി 500 ഏറെ ചിത്രങ്ങളിൽ വേഷമിട്ടു. സിനിമ മോശമായാലും നെടുമുടി മോശമാവില്ലെന്ന് പ്രേക്ഷകര്‍ക്ക് ഉറപ്പായിരുന്നു. 2021 ഒക്ടോബർ 11 ആണ് മഹാനടൻ അരങ്ങൊഴിഞ്ഞത്. എങ്കിലും, മലയാളിയുടെ മനസ്സില്‍ ആ ശബ്ദവും ചിരിയും ഇന്നും മായാതെ നിലനിൽക്കുന്നു. ഓരോ മലയാളി ഹൃദയത്തിലും ഒരിറ്റു സ്നേഹവും വലിയൊരു ഓർമ്മയുമായി നെടുമുടി വേണു എന്നും ജീവിക്കും.