amitabh-bachchan-1-n

11 സിനിമകൾ പരാജയം… പിന്നെ ഇന്ത്യൻ സിനിമയുടെ ചക്രവർത്തി! അമിതാഭ് ബച്ചന്‍. ക്ഷോഭിക്കുന്ന യുവാവില്‍ നിന്ന് ബിഗ് ബിയിലേക്കുള്ള യാത്രയില്‍ സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ വിവാദങ്ങളും കരിയറിലെ തിരിച്ചടികളും അയാളെ പരീക്ഷിച്ചു. സ്വർണലിപികളിൽ എഴുതിച്ചേർത്ത ബിഗ് ബിക്ക് ഇന്ന് 84ാം പിറന്നാള്‍.

1942 ഒക്ടോബർ 11ന് അലഹാബാദിൽ ജനിച്ച അമിതാഭ് ബച്ചന്റെ സിനിമായാത്ര അത്ര എളുപ്പമായിരുന്നില്ല. പ്രശസ്ത ഹിന്ദി കവി ഹരിവംശ് റായ് ബച്ചന്റെ മകനായിരുന്നിട്ടും സിനിമാലോകത്ത് സ്വന്തം ഇടം കണ്ടെത്താൻ അദ്ദേഹത്തിന് കഠിനമായി പോരാടേണ്ടിവന്നു. 1969ൽ പുറത്തിറങ്ങിയ 'സാത്ത് ഹിന്ദുസ്ഥാനി' ആയിരുന്നു ആദ്യ സിനിമ. 1973ൽ പുറത്തിറങ്ങിയ 'സഞ്ജീർ' അമിതാഭ് ബച്ചന്റെ കരിയറിൽ നിർണായക വഴിത്തിരിവായി. ലോകത്തോട് കലഹിക്കുന്ന, അനീതിക്കെതിരെ പോരാടുന്ന, ഉള്ളിൽ തീയും കണ്ണുകളിൽ രോഷവും നിറഞ്ഞ ഒരു പുതിയ നായകസങ്കൽപം അദ്ദേഹം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചു. അങ്ങനെ 'Angry Young Man' എന്ന വിളിപ്പേരും വീണു.  'ദീവാർ, ഷോലെ, ഡോണ്‍' തുടങ്ങിയ സിനിമകളിലൂടെ സൂപ്പർതാരപദവിയിലേക്ക്. പ്രണയനായകനായും ആക്ഷന്‍ ഹീറോയായും തിളങ്ങിയപ്പോള്‍ ഗംഭീരമായ ശബ്ദം അഭിനയത്തിന്റെ മാറ്റ് കൂട്ടി.  1970കളുടെ അവസാനത്തോടെ ബോളിവുഡിന്റെ ചക്രവര്‍ത്തിയായി. 

1982ൽ 'കൂലി' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ അപകടം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും ഭയാനകമായ അധ്യായങ്ങളിലൊന്നായിരുന്നു.

മരണത്തിന്റെ നിഴലിൽ നിന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്ന ആ മനുഷ്യൻ വീണ്ടും ക്യാമറയ്ക്കു മുന്നിലെത്തി. 1984ൽ സുഹൃത്തായ രാജീവ് ഗാന്ധിയുടെ പ്രേരണയിൽ രാഷ്ട്രീയത്തിലിറങ്ങി. ലോക്സഭാംഗമായി. എന്നാൽ, 1989ൽ പാർലമെന്റ് അംഗത്വം രാജിവച്ചു. 2000ൽ കൗൺ ബനേഗ ക്രോർപതി എന്ന ടെലിവിഷൻ പരിപാടിയുടെ അവതാരകനായി എത്തിയതോടെ ബച്ചൻ പുതിയൊരു അധ്യായം തുറന്നു. മൊഹബത്തേൻ, ബ്ലാക്ക്, പാ, പികു തുടങ്ങിയ ചിത്രങ്ങളിലൂടെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് അഭിനയപ്രതിഭയ്ക്ക് പ്രായം ഒരു തടസ്സമല്ലെന്ന് അദ്ദേഹം തെളിയിച്ചു.

ഒരിക്കൽ നായകനായി ആരാധകരെ ആവേശം കൊള്ളിച്ച ബച്ചന്‍  പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ പുതിയ തലമുറയുടെയും പ്രിയതാരമായി മാറി. പതിറ്റാണ്ടുകൾ നീണ്ട അഭിനയജീവിതം, ഒട്ടേറെ പുരസ്കാരങ്ങൾ, അനശ്വരമായ കഥാപാത്രങ്ങൾ. ദാദാസാഹേബ് ഫാൽക്കെ പുരസ്കാരവും പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ തുടങ്ങിയ ദേശീയ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി.

ENGLISH SUMMARY:

Malayala Manorama Online News reports on the incredible life and cinematic journey of Amitabh Bachchan as the legendary actor celebrates his 84th birthday. From facing 11 consecutive flops to becoming the undisputed Emperor of Indian Cinema, his legacy remains unmatched.