Image Credit:X

Image Credit:X

  • 1999 ഓഗസ്റ്റില്‍ അതിര്‍ത്തിയിലേക്ക് നാനായെ രണ്ടാഴ്ചത്തേക്ക് നിയമിച്ചു. സൈനികര്‍ക്ക് വേണ്ട സഹായം നല്‍കുകയും ക്യാംപിന്‍റെ ആശുപത്രിയിലുമായിരുന്നു ഡ്യൂട്ടി

ബോളിവുഡിലെ സൂപ്പര്‍താരമായി നാന പടേക്കര്‍ തിളങ്ങി നില്‍ക്കുന്ന സമയത്താണ് 1999 ലെ കാര്‍ഗില്‍ യുദ്ധം. നുഴഞ്ഞു കയറിയെത്തിയ പാക് പട്ടാളത്തോട് ദുര്‍ഘട കാലാവസ്ഥയില്‍ ഇന്ത്യന്‍ സൈനികര്‍ പോരാടുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നു. സൈനികരുടെ ധീരമായ ചെറുത്തുനില്‍പ്പിനെ കുറിച്ചറിഞ്ഞ നാനായ്ക്ക് ഉറക്കം വന്നില്ല. ടെറിറ്റോറിയല്‍ ആര്‍മിയുടെ ഭാഗമായ തന്നെ കാര്‍ഗിലിലെ യുദ്ധമുഖത്തേക്ക് അയയ്ക്കണമെന്നും തനിക്ക് രാജ്യത്തെ സേവിക്കണമെന്നും അദ്ദേഹം മേലധികാരികളെ അറിയിച്ചു. ഡിവിഷനല്‍ ലീഡര്‍മാര്‍ പക്ഷേ അനുമതി നല്‍കിയില്ല.

പ്രതിരോധ മന്ത്രിക്ക് മാത്രമേ ഇതിനുള്ള അനുമതി നല്‍കാന്‍ കഴിയൂവെന്ന് ഉന്നത ഓഫിസര്‍മാര്‍ നാനാ പടേക്കറെ അറിയിച്ചു. ജോര്‍ജ് ഫെര്‍ണാണ്ടസായിരുന്നു അന്ന് പ്രതിരോധ മന്ത്രി. അദ്ദേഹത്തെ നാനാ നേരിട്ട് ബന്ധപ്പെട്ട് തന്‍റെ താല്‍പര്യം അറിയിച്ചുവെങ്കിലും സാധ്യമല്ലെന്നായിരുന്നു മറുപടി. എന്നാല്‍ മറാത്ത ലൈറ്റ് ഇന്‍ഫന്‍ട്രിയില്‍ താന്‍ മൂന്ന് വര്‍ഷം പരിശീലനം നേടിയിട്ടുണ്ടെന്ന് അറിയിച്ചതോടെ ജോര്‍ജ് ഫെര്‍ണാണ്ടസ് അമ്പരന്നുവെന്ന് നാന കോന്‍ ബനേഗാ ക്രോര്‍പതിയില്‍ അമിതാഭ് ബച്ചനോട് വെളിപ്പെടുത്തി. അതിശയത്തോടെ എവിടേക്കാണ് താങ്കള്‍ക്ക് പോകേണ്ടത്, ഞാന്‍ അനുമതി നല്‍കാമെന്നായിരുന്നു പ്രതിരോധമന്ത്രിയുടെ മറുപടിയെന്നും നാനാ അന്ന് വെളിപ്പെടുത്തി.

1999 ഓഗസ്റ്റില്‍ അതിര്‍ത്തിയിലേക്ക് നാനായെ രണ്ടാഴ്ചത്തേക്ക് നിയമിച്ചു. സൈനികര്‍ക്ക് വേണ്ട സഹായം നല്‍കുകയും ക്യാംപിന്‍റെ ആശുപത്രിയിലുമായിരുന്നു അക്കാലത്തെ സേവനം. അവിടെ നിന്നും കാര്‍ഗിലിലേക്കുള്ള ദ്രുത കര്‍മസേനയിലേക്ക് നിയമനം ലഭിച്ചു. 'ശ്രീനഗറിലെത്തുമ്പോള്‍ ഞാന്‍ 76 കിലോയുണ്ടായിരുന്നു. തിരിച്ചു വന്നപ്പോള്‍ 56 കിലോയായി' – നാനാ അന്ന് തുറന്ന് പറഞ്ഞു.

ഇന്ന് പുലര്‍ച്ചെയാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ഗോവയിലെ വസതിയില്‍ നാനാ പടേക്കര്‍ അന്തരിച്ചത്. കഠിനമായ നെഞ്ചുവേദനയുണ്ടെന്ന് ആശുപത്രിയിലേക്ക് അദ്ദേഹം വിളിച്ചു പറഞ്ഞതനുസരിച്ച് വൈദ്യസംഘം ഫ്ലാറ്റിലേക്ക് എത്തി. പക്ഷേ അപ്പോഴേക്കും ബോധരഹിതനായിരുന്നു. 45 മിനിറ്റ് നേരം സിപിആര്‍ നല്‍കിയിട്ടും ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹത്തെ ചികില്‍സിച്ച ഡോക്ടര്‍ വെളിപ്പെടുത്തി.

ENGLISH SUMMARY:

At the peak of his Bollywood career during the 1999 Kargil War, Nana Patekar sought permission to serve alongside Indian soldiers after learning about their difficult battle against Pakistani forces. As a member of the Territorial Army, Patekar approached then Defence Minister George Fernandes after senior officers told him that only the minister could approve his deployment. He was sent to the border for two weeks in August 1999, where he assisted soldiers and served at a camp hospital before being assigned to a rapid action force heading towards Kargil. Patekar died at his Goa residence after suffering severe chest pain, with doctors reportedly performing CPR for 45 minutes but failing to revive him.